19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
April 10, 2025
April 4, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 20, 2025

പ്രാകൃതമനസ്കരായ ജഡ്ജിമാർ അപമാനകരം

Janayugom Webdesk
April 12, 2025 5:00 am

നിയമത്തിന്റെ അടിസ്ഥാനത്തിൽ കേസുകൾ പരിഗണിക്കുകയും വിധിപ്രസ്താവം നടത്തുകയും ചെയ്യേണ്ടവരാണ് ജഡ്ജിമാർ. എന്നാൽ നിയമത്തിന്റെ പരിധി വിട്ട്, സ്വന്തം മനോവ്യാപാരത്തിനും വ്യക്തിഗത, രാഷ്ട്രീയ താല്പര്യങ്ങൾക്കും അനുസൃതമായി വിധി പറയുന്ന ജഡ്ജിമാരുടെ എണ്ണം കൂടുകയാണ്. ഇതിൽ പലതും ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ നിന്നാണ് ഉണ്ടായതെന്ന പ്രത്യേകതയും പരിഗണിക്കണം. അതിലൊന്നായിരുന്നു കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജി സഞ്ജയ് കുമാർ സിങ്ങിന്റെ വിധിപ്രസ്താവം. വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ വ്യക്തിക്ക് ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് അതിജീവിത സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തിയെന്നും ഉത്തരവാദിത്തം അവർക്കുതന്നെയാണെന്നുമുള്ള വിചിത്ര പരാമർശങ്ങളുള്ളത്. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി എന്ന പരാതിയിൽ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായ പ്രതിക്കാണ് സഞ്ജയ് കുമാർ സിങ് ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ വിദ്യഭ്യാസ യോഗ്യത പരിശോധിച്ചാണ് ജഡ്ജി നിരീക്ഷണങ്ങൾ നടത്തിയത്. വൈദ്യപരിശോധനയിൽ കന്യാചർമ്മം തകർന്നതായി കണ്ടെത്തിയെങ്കിലും ലൈംഗികാതിക്രമത്തെക്കുറിച്ച് ഡോക്ടർ വ്യക്തമായ അഭിപ്രായം നൽകിയില്ലെന്നും കോടതി പറയുന്നു. അതിജീവിത ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായതിനാൽ, സ്വന്തം പ്രവൃത്തികളുടെ ധാർമ്മികതയും പ്രാധാന്യവും മനസിലാക്കാൻ പക്വതയുള്ളവളാണെന്ന നിരീക്ഷണവും ഹൈക്കോടതി ജഡ്ജിയിൽ നിന്നുണ്ടായി. ഇരയെ പൂർണമായും സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചിരിക്കുന്നത്. യുവതിയുടെ സമ്മർദത്തിന് വഴങ്ങിയാണ് ബലാത്സംഗത്തിന് പ്രതി നിർബന്ധിതനായത് എന്ന് പറയാതിരുന്നത് ഭാഗ്യം. 

ഇതേ കോടതിയിൽ നിന്നുതന്നെയായിരുന്നു മാർച്ച് 21ന് ഇതിനെക്കാൾ പ്രാകൃതമായ നിരീക്ഷണങ്ങളുണ്ടായത്. സ്ത്രീകളുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് മനോഹർ നാരായൺ മിശ്രയുടെ കണ്ടെത്തൽ. ഇത്തരം നടപടിക്ക് ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞിരുന്നു. വിവാദമായ ഈ നിരീക്ഷണങ്ങളും പ്രസ്താവങ്ങളും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും വിഷയത്തിൽ ഇടപെട്ട സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കുകയും ചെയ്തു. ഇരയെ തിരിച്ചറിയുന്ന പരാമർശങ്ങൾ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കേ മാതാവിന്റെ പേര് ജഡ്ജി പരാമർശിക്കുകയും ചെയ്തു. ഇതിനെയും കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമർശിക്കുകയും പേര് നീക്കുന്നതിന് നിർദേശിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ എട്ടിനാണ് അലഹബാദ് ഹൈക്കോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ നടത്തിയ പ്രസംഗമുണ്ടായത്. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഭൂരിപക്ഷ വിശ്വാസത്തെയും ഭരണത്തെയും പിന്തുണയ്ക്കാൻ ന്യൂനപക്ഷത്തിന് ബാധ്യതയുണ്ടെന്നുള്ള മതേതര സംവിധാനം നിലവിലുള്ള രാജ്യത്തെ ന്യായാധിപരിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പരാമർശമുണ്ടായി. നമ്മുടെ ഭഗവദ്ഗീത, നിങ്ങളുടെ ഖുറാൻ എന്നിങ്ങനെ പദപ്രയോഗങ്ങളും മുസ്ലിങ്ങൾക്കെതിരെ കഠ്മുള്ള പോലുള്ള പരിഹാസ വാക്കും ഉപയോഗിച്ചു. പൂർണമായും വിദ്വേഷപ്രസംഗത്തിന്റെ പരിധിയിൽപ്പെടുത്താവുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വാരാണസി കോടതി ജഡ്ജി നിയമങ്ങളെ മറികടന്ന് നടത്തിയ വിധിപ്രസ്താവവും ഈ ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 1991 ലെ ആരാധനാലയ നിയമം നിലനിൽക്കേ, അത് പരിഗണിക്കാതെ ഗ്യാൻവാപി മസ്ജിദിന്റെ നിലവറ ഹിന്ദുത്വ തീവ്രവാദികളുടെ ഹർജിയുടെ അടിസ്ഥാനത്തിൽ തുറന്നു നൽകുന്നതിനുള്ള വിധിപ്രസ്താവമായിരുന്നു ജസ്റ്റിസ് അജയ് കൃഷ്ണ വിശ്വേശ്വരയിൽ നിന്നുണ്ടായത്. 1993ൽ അടച്ചിട്ട മസ്ജിദിന്റെ നിലവറയാണ് വിധി പ്രസ്താവത്തിലൂടെ തുറന്നു നൽകിയത്. ഈ വിധി പിന്നീട് പ്രദേശത്ത് സംഘർഷത്തിന് കാരണമാകുകയും ചെയ്തിരുന്നു. തീവ്ര ഹിന്ദുത്വ ശക്തികൾക്കനുകൂലമായി വിധി പറഞ്ഞ അജയ് കൃഷ്ണ വിശ്വേശ്വരയെ, വിരമിച്ചയുടൻ ഉത്തർപ്രദേശിലെ സർവകലാശാലയിൽ ഓംബുഡ്സ്‌മാനായി നിയമിച്ചുകൊണ്ട് ആദിത്യനാഥ് സർക്കാർ പ്രത്യുപകാരം ചെയ്യുകയുമുണ്ടായി. 

തീവ്ര ഹിന്ദുത്വ നിലപാടുകൾക്കനുകൂലമായി വിധി പറഞ്ഞ് പ്രത്യുപകാരം നേടിയ ജഡ്ജിമാരുടെ പേര് അജയ് കൃഷ്ണയിൽ അവസാനിക്കുന്നില്ല. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, രഞ്ജൻ ഗോഗോയ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, തുടങ്ങിയ നിരവധി പേർക്ക് ബിജെപി സർക്കാരുകൾക്ക് കീഴിൽ പദവികൾ ലഭിച്ചു. പിന്തിരിപ്പൻ വിധികൾ പുറപ്പെടുവിക്കുന്നവരെ നിലയ്ക്കുനിർത്തുന്നതിനോ വിമർശിക്കുന്നതിന് പോലുമോ ബിജെപി സർക്കാരുകൾ തയ്യാറാകാതിരിക്കുകയും പലര്‍ക്കും പ്രത്യുപകാരമായി സ്ഥാനങ്ങൾ നൽകുകയും ചെയ്യുന്നിടത്താണ് ചില ജഡ്ജിമാരെങ്കിലും ഇത്തരത്തിൽ വിളയാടുന്നതെന്നതിൽ സംശയമില്ല. ഇതുപോലുള്ളവരെ പരസ്യമായി തള്ളിപ്പറയുവാൻ നീതിന്യായ സംവിധാനം ആകെ രംഗത്തുവരികയെന്നതാണ് അപമാനകരമായ ഈ സാഹചര്യത്തെ മറികടക്കുവാൻ ആവശ്യമായിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.