Janayugom Online
Fausi R Naisam

കേക്കുകളുടെ രാജകുമാരി

Web Desk
Posted on September 02, 2018, 7:10 am

ഡാലിയ ജേക്കബ്ബ്
ഫോട്ടോ: ക്ലീറ്റസ് പൂങ്കാവ്
കേക്കുകള്‍ക്ക് മാത്രമായി ഒരു ലോകം. അതാണ് ആലപ്പുഴ കലക്‌ട്രേറ്റിന് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ക്യൂട്ടിപൈ. ആകര്‍ഷകമായി യൂറോപ്യന്‍ മാതൃകയില്‍ അലങ്കരിച്ച ക്യൂട്ടിപൈയുടെ അകത്തെത്തുമ്പോള്‍ നാവില്‍ വെള്ളമൂറിക്കുന്ന രുചിക്കൂട്ടുകളുടെ കൊതിപ്പിക്കുന്ന സുഗന്ധം. പല വര്‍ണത്തില്‍, രുചിയില്‍, ഒരായിരം കേക്കുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നു. കേക്ക് വാങ്ങാനെത്തിയവരുടെ തിരക്കാണ് എപ്പോഴും ആ മുറിയില്‍. ചിലര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. മറ്റുചിലര്‍ അവിടെയെത്തി ടേസ്റ്റ് ചെയ്ത് വാങ്ങുന്നു. ആരെയും കൊതിപ്പിക്കുന്ന ഈ രുചിക്കൂട്ടുകളുടെ യഥാര്‍ത്ഥ ഉടമ ഫൗസി ആര്‍ നൈസാം എന്ന ഇരുപത്തിയെട്ടുകാരിയാണ്.

വരുന്ന എല്ലാ കസ്റ്റമറോടും അവരുടെ രുചിയിലെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്കിണങ്ങുന്ന കേക്കുകള്‍ തിരഞ്ഞെടുത്ത് നല്‍കുന്നതും ഫൗസി തന്നെയാണ്. ഓരോ കേക്കിന്റെയും രുചിക്കൂട്ട് ഉണ്ടാക്കുന്നത് മുതല്‍ കേക്ക് വാങ്ങാനെത്തുന്നവരുടെ താല്‍പ്പര്യങ്ങളറിയുന്നത് വരെ എല്ലായിടത്തും ഫൗസിയുടെ കരങ്ങള്‍ എത്തുന്നു. പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് തയ്യാറായി വരുന്ന കേക്കുകള്‍ എവിടെ എങ്ങനെ വയ്ക്കണമെന്ന് തീരുമാനിക്കുന്നത് പോലും ഇവരാണ്. പിറന്നാള്‍, വിവാഹം, ഉദ്ഘാടനം എന്നിങ്ങനെ വിവിധ ആഘോഷങ്ങള്‍ക്ക് കേക്ക് വാങ്ങാന്‍ കേരളത്തിലെ പലയിടത്തു നിന്നും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ആരെയും ഫൗസി നിരാശപ്പെടുത്തില്ല.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് പേര്‍ മാത്രമായിട്ട് ഒരു ദിവസം നാല് കേക്ക് ഉണ്ടാക്കി തുടങ്ങിയ സ്ഥാപനം ഇന്ന് ദിവസത്തില്‍ ആയിരക്കണക്കിന് കേക്കുകള്‍ ഉണ്ടാക്കുന്ന ഒന്നായി വളര്‍ന്നുകഴിഞ്ഞു. ഫൗസിയുടെ സ്വന്തം കയ്യാല്‍ ഉണ്ടാക്കുന്ന കേക്ക് മിക്‌സുകള്‍ക്ക് കേരളം മുഴുവന്‍ ആരാധകരുണ്ടായി. ഇതിന് പിന്നില്‍ ഫൗസിയുടെ ആഗ്രഹവും ആശയവും കഠിനാധ്വാനവും മാത്രമാണ്. സ്ഥാപനം പൂട്ടേണ്ടി വന്നാലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല എന്ന നിലപാടാണ് ക്യൂട്ടിപൈയുടെ വിജയരഹസ്യവും. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഹോംസയന്‍സിലാണ് ഫൗസി ഡിഗ്രിയെടുത്തത്.

ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍നിന്ന് ഫുഡ് ആന്‍ഡ് ടാക്ടിക്‌സ് പി ജിയും ചെയ്തു. വിദ്യാഭ്യാസം കഴിഞ്ഞ് ആലപ്പുഴ സ്വദേശിയായ ഫുഡ് ബിസിനസ് ചെയ്തിരുന്ന നൈസാമിനെ വിവാഹം ചെയ്തു. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയെങ്കിലും പക്ഷെ താന്‍ ചെയ്യേണ്ടത് ഇതൊന്നുമല്ല എന്ന് തോന്നിയ സമയത്താണ് ജര്‍മനിയില്‍ അഡ്വാന്‍സ് കോഴ്‌സിന് ചേരുന്നത്. കേക്ക് നിര്‍മ്മാണം ആയിരുന്നു വിഷയം. തിരിച്ചെത്തിയപ്പോഴും ഫൗസി ആദ്യം ആലോചിച്ചത് ക്രാഷ് കോഴ്‌സ് തുടങ്ങുക, അല്ലെങ്കില്‍ ഹോംസയന്‍സും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ പോലെ ഒന്ന് തുടങ്ങുക എന്നായിരുന്നു. പക്ഷെ അവിടെ ഫൗസിയുടെ ഭര്‍ത്താവ് നൈസാമാണ് മാര്‍ഗദര്‍ശിയായത്. അറിവുകള്‍ ഒരു മുറിയില്‍ കുറച്ചു പേര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ മാത്രമൊതുങ്ങേണ്ടതല്ല, അത് പ്രാക്ടിക്കല്‍ ആക്കാനുള്ള വഴികള്‍ ആലോചിക്കണം എന്ന് ഭര്‍ത്താവ് നൈസാം പറഞ്ഞു. പിന്നെ ഫൗസി ഒന്നും ആലോചിച്ചില്ല. എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യാം എന്ന് ഹോംവര്‍ക്ക് ചെയ്ത്, ചെയ്ത് നോക്കി, ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പിച്ചതിന് ശേഷമാണ് സ്ഥാപനം ആരംഭിച്ചത്. അത് വിജയമല്ലാതെ മറ്റൊന്നുമാവില്ലെന്ന വിശ്വാസം മനസ്സിലുണ്ടായിരുന്നു.

ആദ്യം നാല് പേരായിരുന്നു ജീവനക്കാരായി ഉണ്ടായിരുന്നത്. നാല് പേര്‍ ചേര്‍ന്ന് നാല് കേക്കുകള്‍ ഒരു ദിവസം ഉണ്ടാക്കുക ഇതായിരുന്നു തുടക്കം. അതങ്ങനെ മുന്നോട്ട് പോയി. ഓരോ തവണ യും ക്യൂട്ടിപൈയില്‍ നിന്ന് കേക്ക് നുണഞ്ഞവര്‍ പിന്നീടും വന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ നൂറോളം ജീവനക്കാര്‍ ഇവിടെയുണ്ട.് ക്രിസ്മസ് പോലുള്ള സീസണുകളില്‍ ആയിരത്തിലധികം കേക്കുകള്‍ ഒരു ദിവസം ഉണ്ടാക്കുന്നു. അല്ലാത്തപ്പോഴും ഓര്‍ഡറുകള്‍ക്ക് ഒരു കുറവുമില്ല. ആലപ്പുഴക്കാര്‍ മാത്രമല്ല, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ കേക്കുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്നു. ഇപ്പോള്‍ ക്യൂട്ടിപൈക്ക് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, പാല, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകളുണ്ട്. എത്ര ഔട്ട്‌ലറ്റുകള്‍ തുടങ്ങിയാലും ഓര്‍ഡറുകളുടെ എണ്ണം കൂടിയാലും ഒരു കേക്കില്‍ പോലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഫൗസിയുടേത്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പാല എന്നിവിടങ്ങളില്‍ നിന്ന് ഒരു ദിവസം തന്നെ നിരവധി ഓര്‍ഡറുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് അവിടെ ഔട്ട്‌ലറ്റ് തുടങ്ങുന്നത്. അവിടെ പ്രൊഡക്ഷനില്ല. ഇവിടെ ഫൗസിയുടെ മേല്‍നോട്ടത്തില്‍ തന്നെ ഉണ്ടാക്കുന്ന കേക്കുകള്‍ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത്.


കേക്കുകളുടെ പ്രീമിക്‌സ് ഫൗസി തന്നെയാണ് ചെയ്യുന്നത്. അത് ക്യൂട്ടി പൈയുടെ ട്രേഡ് സീക്രട്ട് ആണ്. ക്യൂട്ടിപൈ രാവിലെ 9.30ന് തുറക്കും. അതിനും ഒരു മണിക്കൂര്‍ മുമ്പ് ഫൗസി പ്രൊഡക്ഷന്‍ ഹൗസിലെത്തി പ്രീമിക്‌സ് ചെയ്ത് വയ്ക്കും. പിന്നീട് ജീവനക്കാരാണ് കേക്കുണ്ടാക്കുന്ന ജോലികള്‍ ചെയ്യാറെങ്കിലും അവരുടെ മാത്രം ഉത്തരവാദിത്തത്തില്‍ അത് വിട്ടുകൊടുക്കാറില്ല. പൂര്‍ണമായും മേല്‍നോട്ടമുണ്ടാവും. കാരണം, കേക്ക് അന്വേഷിച്ചെത്തുന്നവര്‍ അര്‍പ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. കൊടുക്കുന്ന പണത്തിന് രുചിയുള്ള, ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാത്ത കേക്ക് കിട്ടുമെന്ന്. അതില്ലാതാവാന്‍ ഇടയാക്കില്ല. അക്കാര്യത്തിലുള്ള ഞങ്ങളുടെ അര്‍പ്പണ ബോധവും കസ്റ്റമര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസവുമാണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് ഫൗസി പറയുന്നു.

നൂറിലധികം ഫ്‌ളേവറിലുള്ള കേക്കുകള്‍ ഫൗസിയുടെ ക്യൂട്ടിപൈയില്‍ ഉണ്ട്. പഴച്ചാറുകളില്‍ നിന്നുള്ള കേക്കുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ഫൗസി പറയുന്നു. പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്‍പ്പെടെ വിവിധ പഴങ്ങളുടെ കേക്കുകള്‍ ഉണ്ട്. അതിന് ഏറെ ആവശ്യക്കാരുമുണ്ട്. പക്ഷെ ഒരു കസ്റ്റമറേയും മുന്‍ധാരണയോടെ സമീപിക്കാറില്ല. അവരോട് നേരിട്ട് സംസാരിച്ച്, ഓരോരുത്തരുടേയും ഇഷ്ടങ്ങളും താത്പര്യങ്ങളും മനസ്സിലാക്കി അവര്‍ക്കുള്ള കേക്കുകള്‍ തിരഞ്ഞെടുത്ത് നല്‍കാന്‍ സഹായിക്കാറുണ്ട്. 500 രൂപയുടെ വാനില കേക്ക് മുതല്‍ തുടങ്ങുന്നതാണ് ക്യൂട്ടിപൈയിലെ കേക്കുകള്‍. കുട്ടികളുടെ ജനനം, വിവാഹം, ബര്‍ത്ത്‌ഡേ ആഘോഷം തുടങ്ങിയ വിശേഷ അവസരങ്ങള്‍ക്കായുള്ള തീം കേക്കുകള്‍ക്ക് വിലയേറുമെങ്കിലും അതിനും ആവശ്യക്കാര്‍ കുറവല്ല. വെഡ്ഡിങ് ഗൗണിന്റെ രൂപത്തില്‍ ചെയ്ത ഒരു കേക്കിന് ഒരു ലക്ഷം രൂപ വരെ ചെലവായിട്ടുണ്ടെന്ന് ഫൗസി പറയുന്നു. 500 രൂപ മുതല്‍ 1000 രൂപ വരെയുള്ള കേക്കുകളാണ് സാധാരണയായി ഉള്ളത്. പിന്നീട് തീം കേക്കുകളാണ്. അത് ഓരോരുത്തരുടെ താത്പര്യത്തിനനുസരിച്ച് മുന്‍കൂട്ടി ഓര്‍ഡര്‍ എടുത്ത് ചെയ്യുന്നതാണ്. ഒരാഴ്ച മുമ്പെങ്കിലും ഓര്‍ഡര്‍ കിട്ടിയാലേ അത് ചെയ്യാനാവൂ.

cutie pie

cutie pie

വലിപ്പവും ഡിസൈനും അനുസരിച്ച് വിലയില്‍ വ്യത്യാസം വരും.പണം ചെലവാക്കാന്‍ ആളുകള്‍ തയ്യാറാണ്, ക്വാളിറ്റി ഉള്ള പ്രോഡക്ട് കൊടുത്താല്‍ മാത്രം മതി എന്നതാണ് ഇപ്പോഴത്തെ ബിസിനസ് ട്രെന്‍ഡെന്ന് ഫൗസി പറയുന്നു. ഇപ്പോള്‍ എല്ലാം ആഘോഷമാക്കുന്നവരാണ് നമ്മള്‍. ആഘോഷങ്ങള്‍ക്ക് മിക്കപ്പോഴും കേക്കും ഉണ്ടാവും. അത് ഏറ്റവും നല്ലതാവണമെന്നാണ് പണം ചെലവാക്കുന്നവരുടെ ആഗ്രഹം. ഭര്‍ത്താവ് ആണ് ഏറ്റവും മികച്ച വിമര്‍ശകനെന്ന് ഫൗസി പറയുന്നു. നൈസാം രുചിച്ച് നല്ലതെന്ന് പറഞ്ഞാല്‍ അത് നല്ലതായിരിക്കും. രുചിയിലെ ചെറിയ പാകപ്പിഴ പോലും വളരെ കൃത്യമായി മനസ്സിലാക്കി പറഞ്ഞുതരും. പിന്നെ മകന്‍ ഫര്‍ഹാന്‍, അവന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. അവനും എല്ലാക്കാര്യങ്ങള്‍ക്കും ഒപ്പമുണ്ട്. കുടുംബാംഗങ്ങളുടെ സഹകരണത്തോടെയാണ് ക്യൂട്ടിപൈ വിജയമാക്കാന്‍ കഴിഞ്ഞതെന്ന് ഫൗസി പറഞ്ഞു.