25 April 2024, Thursday

മാര്‍ക്ക് ഷീറ്റ് വൈകി; വിദ്യാര്‍ത്ഥി തീക്കൊളുത്തിയ പ്രിന്‍സിപ്പല്‍ മരിച്ചു

web desk
ഇന്‍ഡോര്‍
February 25, 2023 9:17 am

മാർക്ക് ഷീറ്റ് വൈകിയതിന്റെ പേരിൽ പൂർവ്വ വിദ്യാർത്ഥി തീ കൊളുത്തിയ കോളജ് പ്രിൻസിപ്പൽ മരിച്ചു. ഇൻഡോറിലെ ബിഎം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്താ ശർമ്മയാണ് (54) ഇന്ന് രാവിലെ മരിത്. ഫെബ്രുവരി 20 നാണ് സിംറോൾ നിവാസിയായ അശുതോഷ് ശ്രീവാസ്തവ (24) തന്റെ ബി ഫാം മാർക്ക് ഷീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രിൻസിപ്പലിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ആക്രമണത്തിൽ വിമുക്തയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സഹപ്രവർത്തകർ പ്രിൻസിപ്പലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ചോയിത്രം ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വിമുക്ത മരിച്ചതെന്ന് സഹോദരൻ അരവിന്ദ് തിവാരി പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ഈ കേസില്‍ കൃത്യവിലോപം ആരോപിച്ച് ഇൻഡോറിലെ പൊലീസ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇൻഡോർ ഭരണകൂടം അശുതോഷ് ശ്രീവാസ്തവയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) അനിസരിച്ചുളള നടപടികളും ആരംഭിച്ചു. അന്വേഷണത്തിനിടെ, ഫാർമസി കോളജ് അധികൃതരും പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ശ്രീവാസ്തവയ്ക്കെതിരെ പരാതികൾ നൽകിയിരുന്നതായും ഇയാള്‍ ആത്മഹത്യാ ഭീഷണിയും മുഴക്കാറുണ്ടായിരുന്നതായും പൊലീസ് സൂപ്രണ്ട് ഭഗവത് സിങ് വിർഡെ പറഞ്ഞതായി പിടിഐയും റിപ്പോര്‍ട്ട് ചെയ്തു.

വിമുക്ത ശർമ്മയെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ശ്രീവാസ്തവയെ ഇന്നലെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. താൻ ഏഴാമത്തെയും എട്ടാമത്തെയും സെമസ്റ്റർ പരീക്ഷകൾ എഴുതിയിട്ടുണ്ടെന്നും ഫലം 2022 ജൂലൈയിൽ വന്നതായും അശുതോഷ് വെളിപ്പെടുത്തി. എന്നിരുന്നാലും പലതവണ ആവശ്യപ്പെട്ടിട്ടും കോളജ് മാർക്ക് ഷീറ്റ് നൽകിയില്ലെന്നും അശുതോഷ് പറഞ്ഞു. ഇതിൽ പ്രകോപിതനായ പ്രതി പ്രിൻസിപ്പൽ വീട്ടിലേക്ക് മടങ്ങും വഴി ആക്രമിക്കുകയായിരുന്നു.

പ്രതിക്കെതിരെ മുൻപും നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിഷ്ക്രിയത്വമാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങളും ബിഎം കോളജ് ജീവനക്കാരും ആരോപിച്ചു. പ്രതി മുമ്പ് ഒരു കോളജ് പ്രൊഫസറെ കുത്തി പരിക്കേൽപ്പിക്കുകയും ക്യാമ്പസിൽ പലതവണ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

 

Eng­lish Sam­mury:  Alum­nus sets fire to prin­ci­pal for late mark sheet,  has died

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.