23 April 2024, Tuesday

Related news

March 16, 2024
March 14, 2024
March 7, 2024
January 18, 2024
January 18, 2024
October 27, 2023
October 10, 2023
April 28, 2023
April 20, 2023
December 4, 2022

1.20 ലക്ഷം കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻകാർഡുകൾ, വിതരണത്തിന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
September 29, 2021 6:41 pm

സംസ്ഥാനത്ത് അർഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങൾക്കുള്ള മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന് തുടക്കം കുറിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ ‍അനിൽ അധ്യക്ഷനായി. 

സർക്കാർ നിർദ്ദേശ പ്രകാരം അനർഹർ കൈവശംവച്ചിരുന്ന 1,42,187 കാർഡുകൾ ഓഗസ്റ്റ് 22 വരെ സർക്കാരിലേക്ക് തിരികെ ലഭിച്ചിരുന്നു. അതിൽ 1.20 ലക്ഷം കാർഡുകളാണ് സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അർഹതപ്പെട്ടവർക്ക് നൽകാനായത്. ഇപ്പോഴും മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്. 

അനർഹർ മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുമ്പോൾ അത്രയും അർഹരായ ജനങ്ങൾക്കാണ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അനർഹർ ലിസ്റ്റിൽ കടന്നുകൂടുന്നത് എല്ലാ മേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇതിന് ഉദാഹരണമാണ്. ആനുകൂല്യം അനർഹമായി കൈപ്പറ്റുന്നത് സമൂഹത്തോട് ചെയ്യുന്ന തെറ്റാണെന്ന് ഇത്തരക്കാർ മനസിലാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി. ഒന്നരലക്ഷം കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിലൂടെ ആറ് ലക്ഷം പേർക്കാണ് ഗുണം ലഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. സൗജന്യ ചികിത്സ മാത്രമല്ല, ലൈഫ് പദ്ധതിയിൽ അടക്കം ഉൾപ്പെടുന്നതിനും പാവപ്പട്ടവർക്ക് മുൻഗണനാ കാർഡുകൾ ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഷീലാകുമാരി, എസ് ജനനി, ലീല, ജി മുഹമ്മദ് ഫാത്തിമ, വി മഞ്ജു, വാസന്തി തുടങ്ങിയവർ ധനമന്ത്രിയിൽനിന്നും മുൻഗണനാ കാർഡുകൾ ഏറ്റുവാങ്ങി. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ഡർ ഡോ. സജിത് ബാബു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണി നന്ദിയും പറഞ്ഞു.

റേഷൻ കാര്‍ഡുകൾ ഇ കാര്‍ഡുകളാക്കും

ഇപ്പോഴുള്ള മുൻഗണനാ കാർഡുകളുടെ വിതരണം ഒക്ടോബർ 15നകം താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെ ജനപ്രതിനിധികൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. പൊതുചടങ്ങുകൾ സംഘടിപ്പിച്ചായിരിക്കും ഇവ വിതരണം ചെയ്യുക. ആർക്കാണ് കാർഡുകൾ നൽകുന്നതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്. പാവപ്പെട്ടവർക്ക് ആശുപത്രികളിൽ സൗജന്യചികിത്സയടക്കം ലഭ്യമാകുന്നതിന് മുൻഗണനാ കാർഡുകൾ കിട്ടേണ്ടതുണ്ട്. സിവില്‍ സപ്ലെസ് വകുപ്പിനെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ദിവസമാണിതെന്ന് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

പട്ടിണി എന്നെന്നേക്കുമായി തുടച്ചു നീക്കുകയെന്നത് എൽഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നയപരിപാടികളാണ് സിവില്‍ സപ്ലെസ് വകുപ്പ് നടപ്പിലാക്കി വരുന്നത്. വൈകാതെ റേഷൻ കാര്‍ഡുകളെ ഇ കാര്‍ഡുകളാക്കുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : pri­orty ration card for more than 1 lakh fam­i­lies in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.