അഖിൽ ഗൊഗോയിയുടെ മോചനം ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം

Web Desk

ഗുവാഹത്തി

Posted on June 30, 2020, 9:14 pm

അസമിലെ കർഷക നേതാവ് അഖിൽ ഗൊഗോയിയുടെ മോചനം ആവശ്യപ്പെട്ട് അസം ഗുവാഹത്തി സെൻട്രൽ ജയിലിലെ 1,200ലധികം തടവുകാർ നിരാഹാര സമരം നടത്തി. കോവിഡ് സംബന്ധമായുള്ള ഹർജികൾക്കൊപ്പമാണ് തടവുകാർ ഗൊഗോയിയുടെ മോചനവും ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബറിൽ അസമിൽ നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് കൃഷക് മുക്തി സംഗ്രം സമിതി നേതാവായ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്.

ബിട്ടു സോനോവാൾ, ദയ്ജ്യ കൊന്‍വാർ, മനസ് കൊൻവാർ എന്നീ നേതാക്കളേയും ഗൊഗോയിയോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമ പ്രകാരം മാവോയിസ്റ്റുകളെന്ന് ആരോപിച്ചാണ് നേതാക്കളെ അറസ്റ്റുചെയ്തത്. ഇവരുടെ അറസ്റ്റിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

ഗൊഗോയ് ജയിലിലായിട്ട് ജൂൺ 29ന് 200 ദിവസം തികഞ്ഞു. എട്ട് ഹർജികളിൽ നടപടി ആവശ്യപ്പെട്ട് ജൂൺ 25,26 തീയതികളിൽ തടവുകാർ നിരാഹാര സമരം നടത്തിയെന്നാണ് അമർഅസം എന്ന പത്രത്തിൽ വന്ന റിപ്പോർട്ട്. ഇതിൽ ഒരു ഹർജിയിലാണ് ഗൊഗോയിയുടെ ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഗൊഗോയിയുടെ മോചനം ആവശ്യപ്പെട്ട് രാജ്യസഭ എംപി അജിത് ഭുയാൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

you may also like this video;