Wednesday
21 Aug 2019

ജയിലുകള്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളാവണം: മുഖ്യമന്ത്രി

By: Web Desk | Tuesday 9 July 2019 9:47 PM IST


പാലക്കാട്: ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളായി ജയിലുകള്‍ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ജില്ലാ ജയിലിന്റെ ഉദ്ഘാടനം മലമ്പുഴ മന്തക്കാട് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികളെ തെറ്റുതിരുത്തി പുതിയ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. ശിക്ഷാകാലാവധി പൂര്‍ത്തീകരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ എന്നതിലുപരി കുറ്റവാളികളെ കുറ്റബോധത്തില്‍ തളച്ചിടാതെ അവരെ നല്ലവരാക്കുന്നതിനുള്ള മനശാസ്ത്ര രീതിയും ജയില്‍ ഉദ്യോഗസ്ഥര്‍ സ്വായത്തമാക്കണം. കുറ്റവാളികളെ നല്ല മനുഷ്യരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ച് ഉദ്യോഗസ്ഥര്‍ മാതൃകയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയിലുകളുടെ ആധുനികവത്ക്കരണവുമായി ബന്ധപ്പെട്ട് കോടതികളെ ജയിലുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദ്യഘട്ട നടപടികള്‍ അടുത്തമാസം ആരംഭിക്കും. 24 കോടി ചെലവില്‍ സംസ്ഥാനത്തെ 54 ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ 2.29 കോടി ചെലവില്‍ ടെട്രോ കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാകും. ജയിലുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 4.60 കോടി ചെലവില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പൊലീസ് സേനയിലെ ജീവനക്കാരുടെ നിയമനത്തിനുള്ള തടസങ്ങള്‍ പരിഹരിച്ച് പുതിയ ബാച്ചിന്റെ നിയമനം ഓഗസ്റ്റ്-സെപ്റ്റംബറില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

 

Related News