24 April 2024, Wednesday

ആത്മാവ് ബന്ധിക്കപ്പെട്ട ഇരുട്ടറകൾ

സിബി ജോസഫ് വലിയമറ്റം
August 29, 2021 5:23 am

 

കഥാകൃത്തിൽ നിന്നും കേന്ദ്രകഥാപാത്രത്തിലേക്കും അവിടെ നിന്ന് അനുവാചകരിലേക്കും പടരുന്ന ആത്മസംഘർഷത്തിന്റെ കഥയാണ് ടാൻസിയുടെ ‘പൃഥ. ’ അതിന് ആൺപെൺ ഭേദമുണ്ടാവില്ല. ഓരോ വായനക്കാരനെയും അനുഭൂതിയുടെ നവീന മണ്ഡലത്തിലൂടെ ‘പൃഥ ’ നയിച്ചു കൊണ്ടേയിരിക്കും.

പുരാണ കഥാപാത്രമായ കുന്തിയിലൂടെ നവ കാലത്തിന്റെ പ്രതിനിധിയായ കോളജ് അദ്ധ്യാപിക ഉത്തരയുടെ കഥ പറയുകയാണ് നോവലിസ്റ്റ്. ഉത്തരയുടെ ഓർമ്മകളിലൂടെയും യാഥാർത്ഥ്യങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്. സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും ഓർമ്മകളും കെട്ടു പിണഞ്ഞു കിടക്കുന്ന ആഖ്യാന ശൈലി കഥയെ പുതു ഭാവതലത്തിലേക്ക് ഉയർത്തുന്നുണ്ട്.

“പറിച്ചറിയാൻ കഴിയാത്ത തീവ്ര വേദനയിൽ നിന്നുളള ഒളിച്ചോട്ടമാണ് ഈ യാത്ര” എന്ന് ഉത്തര പറയുന്നുണ്ട്. ഈ ഒളിച്ചോട്ടത്തിന് ഉത്തര ന്യായീകരണം കണ്ടെത്തുന്നുണ്ട്. അത്രമേൽ സംഘർഷമാണ് അവൾ അനുഭവിക്കുന്നത്.

“ഒന്നുകിൽ തെറ്റിലൂടെ അതുമല്ലെങ്കിൽ ശരിയിലൂടെ. എനിയ്ക്ക് ഇത് രണ്ടിലൂടെയും ഇപ്പോൾ ജീവിക്കാൻ സാധിക്കുന്നില്ല”.

അങ്ങേ ലോകത്ത് എത്തിയ അംബികയും, കബീർമാഷ്, ചാർളി പിന്നെ ഉത്തരയ്ക്ക് അറിയാവുന്നതും, അറിയത്തില്ലത്തവരുമായ മനുഷ്യരും ചേർന്ന് ആ ലോകത്ത് ഉത്തരയുടെ ഓർമ്മകളെ ആട്ടിതെളിക്കുകയാണ്. അതു കൊണ്ട് തന്നെ, “എല്ലാ കർമ്മ ബന്ധങ്ങളുടെയും ഒടുവിലത്തെ കുമ്പസാര ത്തിന് മുന്നിലേക്കാണ് ഉത്തര ഇറങ്ങിയത് ” എന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. “ഈ ലോകത്തേങ്കിലും നിങ്ങൾ സത്യം വിളിച്ചു പറയുമോ? ” എന്ന ചോദ്യം വായനക്കാരന്റെ ഹൃദയത്തെ പൊള്ളിക്കാൻ കെൽപ്പുള്ളതാണ്. കാരണം ഇത് ചില ആന്തര സത്യങ്ങളെ അന്വേഷിക്കുന്ന കഥയാണ്. “എല്ലാം ആവാഹിക്കുന്ന അഗ്നി നാളങ്ങളുടെ ചൂടേറ്റ് ” ഉത്തര മാത്രമല്ല ചിന്തയിൽ നിന്നും ഉണരുന്നത്. ഓരോ വായനക്കാരനും കൂടിയാണ്.

പുരാണ കഥാ പശ്ചാത്തലം നമ്മെ പറഞ്ഞു കേട്ട കഥകളിൽ നിന്നും ഭിന്നമായി പുതിയ തിരിച്ചറിവുകളിലേക്ക് കൂട്ടികൊണ്ടു പോകുന്നു. കോളജ് അധ്യാപികയായ ഉത്തര തന്റെ പാഠ ഭാഗത്ത് കൂടി കടന്നു പോകുമ്പോൾ കുന്തിയുടെ ആത്മ സംഘർഷങ്ങൾ അവളെ പുതിയ പാഠങ്ങൾ പഠിപ്പിക്കുന്നു. നോവലിസ്റ്റ് പറയുന്നു:

“പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങൾ ഒന്നും മരണപ്പെട്ടിട്ടില്ല, അവരൊക്കെ ഇപ്പോഴുമുണ്ട്. നമ്മളായി, നമ്മളിൽ ഒരാളായി. ”

ഇത് വരം ലഭിക്കാത്ത കുന്തിമാരുടെ കഥയാണ്. ഒപ്പം വരം ലഭിച്ച കുന്തിയുടെ ജീവിതാ വസ്ഥകളെക്കുറിച്ചുള്ള അന്വേഷണവും. സൂര്യ ഭഗവാനോടുളള ആദ്യ പ്രണയം മനസ്സിൽ, ജീവിതത്തിൽ ഒളിപ്പിച്ച്, ചില നിമിത്തങ്ങൾ കൊണ്ട് പാണ്ഡുവിൻ്റെ ഭാര്യയാകേണ്ടി വന്ന കുന്തിയുടെ ആന്തരിക സംഘർഷം നോവൽ ഭംഗിയായി അനാവരണം ചെയ്യുന്നുണ്ട്. ഈ ഒളിപ്പിക്കലുകൾക്ക് ആൺ — പെൺ വ്യത്യാസമില്ല എന്ന് നോവലിസ്റ്റ് വിളിച്ചു പറയുന്നുണ്ട്. അതു കൊണ്ടു തന്നെ ഒരു സ്ത്രീപക്ഷ ചിന്ത എന്നതിനപ്പുറം മനുഷ്യ വികാരങ്ങളുടെ കഥയായി ‘പൃഥ’ രൂപാന്തരപ്പെടുന്നു.

കുന്തി സൂര്യ ഭഗവാനോട് ചോദിക്കുന്നുണ്ട്; “ആ മഹേശ്വരൻ പോലും തന്റെ ശക്തിയായ പാർവതീദേവി അറിയാതെ ഗംഗയെ ജടയിൽ ഒളിപ്പിച്ചിരിക്കുന്നില്ലേ? അതു പോലെ ഏതു പുരുഷ ശിരസ്സിലും ഒരു ഗംഗ ഒളിച്ചിരിപ്പുണ്ടാവില്ലേ? ”

ഭർത്താവ് റോയിയും ഉത്തരയും തമ്മിലുള്ള സംഭാഷണത്തിൽ മനുഷ്യ ജീവിതാവസ്ഥകളുടെ പൊള്ളുന്ന കാഴ്ചകൾ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ വീടിനുള്ളിൽ അനുഭവിക്കുന്ന വീർപ്പ് മുട്ടലുകളുടെ കിതപ്പുകൾ. ഉത്തര ഇങ്ങനെ ചിന്തിക്കുന്നുണ്ട്, “ശരിയാണ്, എത്രയൊ സ്ത്രീകൾ ഇതുപോലെ അധികാരത്തിന്റെ ബലപ്രയോഗവും ആത്മാഭിമാനതിന്റെ ചെറുത്തു നിൽപ്പുകളുമായി, കലഹിച്ചു ശിഥിലമായി ഏരിഞ്ഞടങ്ങി തീരുന്നു. ” ഒന്ന് പ്രതികരിക്കാനോ ശബ്ദിക്കാനോ പോലുമാകാതെ സ്ത്രീ ജന്മങ്ങളുടെ എരിഞ്ഞടങ്ങൽ ഇതിലും ഭംഗിയായി എങ്ങനെ ആവിഷ്കരിക്കാൻ കഴിയും?

കഥാകാരി പറയുന്നുണ്ട് ” എത്രയോ ഇരുട്ടറകൾ സ്ത്രീ മനസ്സുകളിൽ ഉണ്ട്, ആത്മാവ് ബന്ധിക്കപ്പെട്ട ഇരുട്ടറകൾ”

ഈ ഇരുട്ടറകളിലേക്ക് കാലം ചില നിമിത്തങ്ങളിലൂടെ പ്രകാശം ചൊരിയുമ്പോൾ ആ ഹൃദയ സംഘർഷങ്ങൾ അതിന്റെ പാരമ്യതയിലെത്തും. പല സന്ദർഭങ്ങളിലും കഥയിലെ പ്രകാശം വായനക്കാരാന്റെ ഹൃദയതിന്റെ ഇരുട്ടറകളെയും പ്രകാശിപ്പിക്കും. അവിടെയാണ് ഈ സംഘർഷം വായനക്കാരന്റേതായി മാറുന്നത്.

ഉത്തരയുടെ ജീവിതത്തിൽ ‘നാഷണൽ ജ്യോഗ്രഫിക് ചാനൽ’ മാസികയിലെ ഒരു ചിത്രം അവളുടെ ഓർമ്മകളെ പൊള്ളിക്കുന്നതായി മാറുന്നു. അതുവരെ ഓർമ്മകളെല്ലാം കുഴിച്ചു മൂടി റോയിയുടെത് മാത്രമായിരുന്ന ഉത്തര വൈകാരിക സംഘർഷങ്ങൾക്ക് അടിമപ്പെടുന്നു. പ്രണയത്തിന്റെ അഭിനിവേശം ഉത്തരയെ മറ്റൊരാഴായി മാറ്റുന്നു. യാന്ത്രിക ജീവിതത്തിന്റെ കെട്ടുപാടുകൾക്ക് അപ്പുറത്തേക്ക് ഉത്തര യാത്രയാവുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉത്തരയുടെ ഭർത്താവു റോയിയും, കുന്തിയുടെ ഭർത്താവ് പാണ്ഡുവും ചോദ്യചിഹ്നമായി മാറുന്നു.

ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ നീറ്റലായും വേദനയായും ഭാരമായും അവളെ അലട്ടുകയാണ്. ഇവിടെയാണ് സുമ ടീച്ചറിന്റെ വാക്കുകളുടെ പ്രസക്തി.

“മനസ്സിലാക്കുക എന്നത് കഠിനമായ ഒന്നാണ്. അത് ഒരുമിച്ച് ഉണ്ടു, ഉടുത്ത്, കിടന്നു, രമിച്ചു എന്നത് കൊണ്ട് മനസ്സിലാക്കണം എന്നില്ല. അതിനപ്പുറം

ഒരു ഉൾക്കണ്ണ് വേണം, എന്താ പറയുക, ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ള ഒരു വികാരം എന്നൊക്കെ പറയാം. ” രണ്ടു വ്യക്തികളുടെ ഈ മനസ്സിലാക്കലിന്റെ ആഖ്യാനം കൂടിയായി നോവൽ പരിണമിക്കുന്നുണ്ട്.

“മൂടി വയ്ക്കപ്പെട്ട സത്യങ്ങളുടെ ശവപ്പറമ്പിന് മുകളിൽ നിന്നുമല്ലേ ഓരോ മനുഷ്യനും ജീവിക്കുന്നത് ” എന്ന ചിന്തയിൽ നിന്നും ഉത്തര സത്യത്തെ അന്വേഷിക്കുകയാണ്. അത് പുറത്ത് മറ്റൊരിടത്തുമല്ല, മറിച്ച് തന്റെ തന്നെ ആത്മാവിന്റെ ഉള്ളിലാണെന്ന് മാത്രം. ഉള്ളിലെ ഈ സത്യം അവളെ സ്വതന്ത്രയാക്കുമ്പോഴും പുറത്തെ സാദാചാര നിയമങ്ങളിൽ അവൾ കോർക്കപ്പെടുന്നുണ്ട്. എത്ര കുടഞ്ഞാലും ആ കൊളുത്തുകളിൽ നിന്നും മോചനം പ്രാപിക്കാൻ ഇഹലോകത്ത് പ്രയാസമാണ്. അത് കൊണ്ടാവാം സദാചാര നിയമങ്ങളുടെ അടിച്ചമർ ത്തലുകൾ ഇല്ലാത്ത ലോകം ഉത്തര അന്വേഷിക്കുന്നത്.

ജീവിതത്തിൽ അവളുടെ റോൾ മോഡൽ കബീർ മാഷായിരുന്നു. ഇളം കാറ്റിനെ പോലും ആസ്വദിക്കുന്ന, തനിക്ക് ശരിയെന്ന് തോന്നുന്ന പന്ഥാവിലൂടെ മാത്രം ചരിക്കുന്ന, ആ ശരികളിൽ ഉറച്ചു നിൽക്കുന്ന മനുഷ്യൻ. സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ പലതും ശരികേടായി തോന്നാം. കബീർ മാഷ് അവളുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ട്. സ്വതന്ത്രമാണെന്ന് ചിന്തിക്കുമ്പോഴും ചില വ്യക്തികളുടെ സ്വാധീനം മനുഷ്യന്റെ തീരുമാനങ്ങളിൽ ചെറുതല്ലാത്തവിധം ഇടപെടൽ നടത്തുന്നുണ്ട്. ഉത്തരയുടെ പല തീരുമാനങ്ങളിലും ഇത് പ്രകടമാണ്. സവിശേഷമായ ആഖ്യാന ശൈലിയാണ് ഈ നോവലിനെ വത്യസ്തമാക്കുന്നത്. ആർജ്ജവമുള്ള ഈ ശൈലി ഒന്നിന്റെയും അനുകരണമല്ല. പല ഭാഗത്തും ഭാഷ ധ്വനിസാന്ദ്രമാണ്. അനുവാചകനെ ആശയങ്ങളുടെ അഗാധ തലങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകും. കാറ്റും കടലും ഉപ്പും ഉപ്പുതൂണും എല്ലാം അനേകം അർത്ഥ തലങ്ങളിലേക്ക് നമ്മെ നയിക്കും. എല്ലാം തുറന്നെഴുതി പൂർണ്ണതയിലേക്ക് എത്തിക്കുന്ന ആഖ്യാന രീതിയല്ല ടാൻസി സ്വീകരിച്ചിരിക്കുന്നത്. അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്ക് എത്താനുള്ള സ്വാതന്ത്ര്യം കഥാകാരി അനുവാചകന് അനുവദിച്ചു നൽകുകയാണ്. അതു കൊണ്ടു തന്നെ ധാരാളം ചോദ്യങ്ങൾ ഈ നോവൽ ഉയർത്തുന്നുണ്ട്. അവയുടെ ഉത്തരങ്ങൾ പലപ്പോഴും അപൂർണ്ണങ്ങളാണ്. ഒരു പേരു പോലുമില്ലാത്ത ഉത്തരയുടെ കാമുകനും, ജീവിതം സമസ്യയായി അനുഭവപ്പെടുന്ന പാണ്ഡുവും വിവിധ കാരണങ്ങളാൽ പരലോകത്തേക്ക് പോയവരും ഇനിയുമേറെ പറയുവാൻ ബാക്കി വച്ചിട്ടുണ്ട്. അപൂർണ്ണതകൾ തന്നെയാണു ഈ നോവലിന്റെ സൗന്ദര്യമായി മാറുന്നത്.

നോവലിസ്റ്റ് രണ്ട് ഭിന്ന തലങ്ങളിലൂടെ കഥ പറഞ്ഞു പോവുകയാണ്. കുന്തിയുടെ ജീവിത കഥ മുകൾപ്പരപ്പിലൂടെ കത്തിപ്പടർന്ന് മുന്നേറുമ്പോൾ, കടലിനടിയിലേ ജലപ്രവാഹം പോലെ ഉത്തരയുടെ ആത്മ സംഘർഷം തിരമാലകൾ തീർക്കുകയാണ്. ഒടുവിൽ കുന്തി കഥയിൽ അലിഞ്ഞില്ലതവകയും വായനക്കാരന്റെ ഹൃദയത്തിൽ വലിയൊരു ഉപ്പുകല്ലയി ഉത്തരയുടെ ആത്മ സംഘർഷങ്ങൾ മാറുകയും ചെയ്യുന്നു. അവസാനം അതിന്റെ നീറ്റലാകും നോവൽ വായനക്കാരന് സമ്മാനിക്കുന്നത്.

പ്യഥ

ടാൻസി

സൈന്ധവ ബുക്സ്

കൊല്ലം

വില: 150/- രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.