Janayugom Online
Prithwi Shaw

റെക്കോഡുകള്‍ വാരിക്കൂട്ടി പൃഥ്വിയുടെ താരോദയം

Web Desk
Posted on October 04, 2018, 10:42 pm

രാജ്‌കോട്ട്: അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ചരിത്ര നേട്ടവുമായി പൃഥ്വി ഷാ . 99 പന്തില്‍ നിന്നും സെഞ്ചുറി നേടിയ പൃഥ്വി ഷാ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി.
സച്ചിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ കൂടിയാണ് പൃഥ്വി ഷാ. 1990 ല്‍ തന്റെ 17 ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെയാണ് സച്ചിന്‍ ആദ്യ സെഞ്ചുറി നേടിയത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും പൃഥ്വി ഷാ സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയാണ് പൃഥ്വി.
അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനുമാണ് പൃഥ്വി. ശിഖര്‍ ധവാന്‍ (85 പന്ത്), ഡ്വെയ്ന്‍ സ്മിത്ത് (93) എന്നിവരാണ് ഈ നേട്ടത്തില്‍ മുന്‍പില്‍. 99 പന്തില്‍ നിന്നാണ് തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി ഈ യുവതാരം പൂര്‍ത്തിയാക്കിയത്.
154 പന്തില്‍ 134 റണ്‍സ് നേടിയാണ് പൃഥ്വി ഷാ മടങ്ങിയത്. 19 ഫോറുകള്‍ ഈ പതിനെട്ടുകാരന്റെ ബാറ്റില്‍ നിന്നും പിറന്നു. 56 പന്തുകളില്‍ പ്രൃഥ്വി അര്‍ധ ശതകത്തിലെത്തി. അരങ്ങേറ്റത്തില്‍ അര്‍ധ ശതകം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും ഉടമയായി,
മറ്റൊരു അപൂര്‍വ റെക്കോര്‍ഡിന് കൂടി പൃഥ്വി ഷാ അവകാശിയായി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് പൃഥ്വി സ്വന്തമാക്കിയത്.
രാജ്‌കോട്ടില്‍ തന്നെയായിരുന്നു പൃഥ്വിയുടെ രഞ്ജി അരങ്ങേറ്റവും. തമിഴ്‌നാടിനെതിരെ മുംബൈയ്ക്കുവേണ്ടി രഞ്ജി സെമിയില്‍ കളിക്കാനിറങ്ങിയ താരം ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ 120 റണ്‍സെടുത്ത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും സെഞ്ച്വറി നേടാന്‍ കൗമാര താരത്തിന് കഴിഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഷാ ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്നത്. എന്നാല്‍, അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല. വെസ്റ്റിന്‍ഡീസിനെതിരെ ശിഖര്‍ ധവാന് പകരമാണ് അരങ്ങേറാന്‍ അവസരം ലഭിച്ചത്.
ഓപ്പണറായി അരങ്ങേറിയ ഇന്ത്യയുടെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരവുമായി പൃഥ്വി. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 1955ല്‍ ന്യൂസിലാന്‍ഡിനെതിരെ വിജയ് മെഹ്‌റ 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയിരുന്നു. പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി മെഹ്‌റയുടെ പേരിലാണ്.