April 1, 2023 Saturday

കൊറോണ: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു

കെ കെ ജയേഷ്
കോഴിക്കോട്
March 15, 2020 10:09 pm

ഭീതിവിതയ്ക്കുന്ന കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു. രോഗഭീതിയിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവു കാരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് പകുതിയോളം സ്വകാര്യ ബസ് സർവ്വീസുകളാണ് റദ്ദാക്കിയത്. ഡീസലടിക്കാൻ പോലും വരുമാനം ലഭിക്കാതെ വന്നതോടെയാണ് സർവ്വീസ് അവസാനിപ്പിക്കാൻ നിർബന്ധിതരായതെന്ന് ബസ് ഉടമകൾ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബസ്സുകളിൽ യാത്രക്കാർ വളരെ കുറവാണ്. സീറ്റിലിരിക്കാൻ പോലും യാത്രക്കാരില്ലാതെ അവസ്ഥ. ഈ സാഹചര്യത്തിൽ വലിയ നഷ്ടം സഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ്സുടകൾ പറയുന്നു. സംസ്ഥാനത്ത് 11800 ബസ്സുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നഷ്ടം താങ്ങാനാവാതെ ആയിരക്കണക്കിന് ബസ്സുകൾ സർവ്വീസ് നിർത്തിപ്പോയിട്ടുണ്ട്. പിടിച്ചു നിൽക്കുന്ന സർവ്വീസുകളെപോലും പ്രതിസന്ധിയിലാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസ്സുകൾ സർവ്വീസ് അവസാനിപ്പിച്ചത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്രക്കാരുടെ കുറവ് കാരണം ദിവസങ്ങൽക്ക് മുമ്പ് തന്നെ നിരവധി ബസ്സുകൾ ഓട്ടം നിർത്തിയിരുന്നു. ഇന്നലെ വൈകീട്ട് ഏഴു മണി വരെയുള്ള കണക്ക് അനുസരിച്ച് കോഴിക്കോട്- കണ്ണൂർ റൂട്ടിൽ ആകെ ഓടിയത് പതിനാല് ബസ്സുകൾ മാത്രമാണ്. കോഴിക്കോട് നിന്നും തൃശ്ശൂർ, പാലക്കാട്, വടകര ഭാഗങ്ങളിലേക്ക് 150 ബസ്സുകൾ ഓടേണ്ടിടത്ത് ഇന്നലെ സർവ്വീസ് നടത്തിയത് വെറും എഴുപത് ബസ്സുകൾ മാത്രം. മലപ്പുറം, മഞ്ചേരി ഭാഗത്തേക്ക് 115 ബസ്സുകൾ ഓടേണ്ടത് 75 ൽ ഒതുങ്ങുകയും ചെയ്തുവെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ടി ഗോപിനാഥ് പറഞ്ഞു. 1100 ബസുകൾ സർവ്വീസ് നടത്തുന്ന തൃശ്ശൂരിൽ ഇന്നലെ മുപ്പത് ശതമാനം ബസുകൾ മാത്രമെ സർവ്വീസ് നടത്തിയിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് 185 ബസ്സുകളാണ് സർവ്വീസ് നടത്താറുള്ളത്.

എന്നാൽ ഇന്നലെ വെറും 98 ബസ്സുകൾ മാത്രമാണ് സ്റ്റാന്റിലെത്തിയത്. ഒരു ബസിന് ശരാശരി ഇന്ധനചെലവ് അയ്യായിരം രൂപയോളം വരും. ജീവനക്കാരുടെ കൂലിയും ടാക്സും തേയ്മാനവുമെല്ലാം കണക്കുകൂട്ടുമ്പോൾ അത് 9000 രൂപയോളം ആകും. എന്നാൽ ഇന്ധനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോവിഡ് 19 ഭീതിയ്ക്കൊപ്പം അവധി ദിവസങ്ങൾ കൂടിയായതോടെയാണ് യാത്രക്കാരുടെ എണ്ണം വളരെയധികം കുറഞ്ഞത്. രോഗഭീതി നിലനിൽക്കുന്നതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും സ്ഥിതി മാറാനിടയില്ലെന്നാണ് ബസ്സുടമകൾ കരുതുന്നത്. ബസ്സുകൾ ഓടിയാൽ വലിയ തോതിൽ നഷ്ടം സഹിക്കേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് താങ്ങാനാവില്ലെന്ന് ബസ്സുടമകൾ വ്യക്തമാക്കുന്നു. ബസ്സുകൾ കൂട്ടത്തോടെ ഓട്ടം നിർത്തുന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബസ് ജീവനക്കാർ.

Eng­lish Sum­ma­ry: Pri­vate bus ser­vice will stop

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.