സാമ്പത്തികമാന്ദ്യവും ബസ് സമരവും സിനിമാമേഖലയ്ക്ക് തിരിച്ചടിയായി

Web Desk
Posted on February 20, 2018, 7:48 pm

കെ കെ ജയേഷ്

കോഴിക്കോട്: കടുത്ത സാമ്പത്തിക മാന്ദ്യം മലയാള സിനിമയെയും പിടിമുറുക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന് പുറമെ പരീക്ഷാക്കാലമായതും ബസ് സമരം കൂടി വന്നതും കാരണം അടുത്തിടെ പുറത്തിറങ്ങിയ ഭൂരിപക്ഷം സിനിമകളും തകര്‍ന്നടിഞ്ഞു. നല്ല സിനിമയെന്ന് പേര് സ്വന്തമാക്കിയ ചിത്രങ്ങള്‍ പോലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തിയേറ്ററുകള്‍ ഷോകള്‍ വെട്ടിച്ചുരുക്കുകയാണ്. ഔദ്യോഗികമായി ഷോകള്‍ റദ്ദാക്കുന്നതിന് പിന്നാലെ സിനിമ കാണാന്‍ തിയേറ്ററിലെത്തുമ്പോള്‍ ഷോയില്ലെന്ന അറിയിപ്പാണ് പല തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
നിരവധി സൂപ്പര്‍ ഹിറ്റുകളുമായി കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് ഉണര്‍വ്വുള്ള വര്‍ഷമായിരുന്നെങ്കിലും ഈ വര്‍ഷം തകര്‍ച്ചയുടെ കഥയാണ് പറയാനുള്ളത്. ആളില്ലാത്തതുകൊണ്ട് തന്നെയാണ് വന്‍കിട നഗരങ്ങളില്‍ പോലും തിയേറ്ററുകളില്‍ ഷോകള്‍ വെട്ടിച്ചുരുക്കുന്ന സ്ഥിതിയുണ്ടായിട്ടുള്ളത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത പല സിനിമകളും പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒന്നോ രണ്ടോ ഷോകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. റിലീസിംഗ് തിയേറ്ററുകളിലെ അവസ്ഥ ഇങ്ങനെയുള്ളപ്പോള്‍ ബി ക്ലാസ് തിയേറ്ററുകളിലെ അവസ്ഥ പറയുകയും വേണ്ട. പല തിയേറ്ററുകളും ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നാലു ഷോകളുള്ള തിയേറ്ററുകളില്‍ രാവിലത്തെ ഷോ പലപ്പോഴും ആളില്ലാത്തതുകാരണം നടക്കാറില്ല.
രണ്ടും മൂന്നും പേര്‍ മാത്രമാണ് കാണാനെത്തുന്നതെന്നും എ സി ഉള്‍പ്പെടെ വലിയ ചിലവ് വരുന്നതുകൊണ്ട് യാതൊരു കാരണവശാലും ഷോ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ് ഉള്ളതെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നു. എറണാകുളം നഗരത്തിലെ തിയേറ്ററുകളില്‍ പോലും ഷോകളുടെ എണ്ണം വെട്ടിക്കുറിച്ചിരിക്കുകയാണെന്നും ഉടമകള്‍ പറയുന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ താരങ്ങളില്ലാത്ത ചിത്രങ്ങള്‍ ഒരു ദിവസത്തെ പ്രദര്‍ശനം കൊണ്ട് തന്നെ അവസാനിപ്പിക്കുകയാണ്.
ജനുവരി ‑ഫെബ്രുവരി മാസങ്ങളിലായി ഇരുപതോളം സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ ഭൂരിഭാഗം ചിത്രങ്ങളും പരാജയപ്പെട്ടു. കുഞ്ചാക്കോ ബോബനെ നായകനാക്കി അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കിയ ദിവാന്‍ജിമൂല, സലിം കുമാറിന്റെ ദൈവമേ കൈ തൊഴാം കെ കുമാറാകണം, മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങളല്ലാം ജനുവരിയില്‍ പരാജയപ്പെട്ടു. മികച്ച അഭിപ്രായം സ്വന്തമാക്കിയ ഈട, ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. നവാഗതരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഒരുക്കിയ ക്വീന്‍ എന്ന ചിത്രം മാത്രമാണ് ജനുവരിയില്‍ തരക്കേടില്ലാത്ത നേട്ടം സ്വന്തമാക്കിയത്. പ്രതീക്ഷയോടെയെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രമായ ശിക്കാരി ശംഭുവിനും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഫെബ്രുവരിയില്‍ പ്രതീക്ഷയോടെയെത്തിയ ആമി, കളി, റോസാപ്പൂ, കല്ലായി എഫ് എം,അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ തുടങ്ങിയ ചിത്രങ്ങളൊന്നും വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. മികച്ച അഭിപ്രായം സ്വന്തമാക്കിയിട്ടും ഹേയ് ജൂഡ്, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും പ്രതീക്ഷിച്ച തിരക്ക് ഒരു തിയേറ്ററിലും ഉണ്ടായില്ല. ബസ് സമരം കാരണമാണ് ചിത്രത്തിന് കലക്ഷന്‍ കുറഞ്ഞതെന്നും സമരം തീര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തിന് തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്യാപ്റ്റന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ആദി മാത്രമാണ് തിയേറ്ററില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചത്. റെക്കോര്‍ഡ് ഇനീഷ്യല്‍ നേടിയ ആദിയ്ക്ക് പിന്നീട് ആ ഹൈപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഈ വര്‍ഷം തിയേറ്ററുകാര്‍ക്ക് ആശ്വാസമായത് ഈ പടം മാത്രമാണ്.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ സിനിമകള്‍ക്ക് ആളുകള്‍ കുറഞ്ഞു തുടങ്ങിയിരുന്നു. ഇതിനൊപ്പമാണ് ബസ് സമരം കൂടി വന്നത്. പരീക്ഷക്കാലം കൂടിയായതോടെ സിനിമ കാണാന്‍ തിയേറ്ററിലെത്തിയിരുന്ന യുവതലമുറയും പിന്നോട്ടടിച്ചു. ഇതാണ് സിനിമയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ കുറേക്കാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് തന്നെയായിരിക്കും നല്ലതെന്നാണ് തിയേറ്ററ് ഉടമകള്‍ വ്യക്തമാക്കുന്നത്. സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ റിലീസ് പരമാവധി കുറയ്ക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തീരുമാനം.