Friday
20 Sep 2019

പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ കൊലവിളി നടത്തി സ്വകാര്യ ബസുകളുടെ മത്സരയോട്ടം

By: Web Desk | Sunday 5 May 2019 9:58 AM IST


കോന്നി: റാന്നി പുനലൂര്‍ സംസ്ഥാന പാതയില്‍ മനുഷ്യജീവന്‍ കവര്‍ന്നുകൊണ്ട് സ്വകാര്യ ബസുകള്‍ നിയമലംഘനം നടത്തി ചീറിപായുകയാണ്.ഇത്തരം കൊലവെറിയോട്ടത്തിന്റെ അവസാന ഇരകളാണ് ഈ കഴിഞ്ഞ ദിവസം അരുവാപ്പുലം പുളിഞ്ചാണി സ്വദേശികളായ അച്ഛനും മകളും. രണ്ട് പേരുടെ ജീവന്‍ കവര്‍ന്നിട്ടും വീണ്ടും ഇപ്പോഴും ചീറിപായുകയാണ് സ്വകാര്യ ബസുകള്‍. ഇതിന് തടയിടേണ്ട അധികാരികള്‍ ബസ് കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്ന കാഴ്ച്ച കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംസ്ഥാന പാതയില്‍ ഈ കമ്പനിയുടെ അറുപതിലധികം ബസുകള്‍ ചീറി പായുമ്പോള്‍ നാമമാത്രമായ ബസുകള്‍ക്ക് മാത്രമാണ് പക്ക പെര്‍മിറ്റ് ഉള്ളത്.എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി റിസര്‍വ്വ് ബസിന്റെ പേരിലാണ് കൂടുതലും ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.
മോട്ടോര്‍ വാഹന നിയമമനുസരിച്ച് കാരേജ് വാഹനങ്ങളുടെ ബോഡിയില്‍ രജിസ്റ്റേഡ് ഓര്‍ണര്‍,ഇന്‍ഷുറന്‍സ് കമ്പനി എന്നിവ കൃത്യമായി രേഖപെടുത്തിയിരിക്കതണമെന്നത് നിര്‍ബന്ധമാണ്.

എന്നാല്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും ഇതൊന്നും രേഖപെടുത്തിയതായി കാണുന്നില്ല.കൂടാതെ കൃത്യമായി സമയങ്ങളും പാലിക്കാതെ ചീറിപായുന്ന സ്വകാര്യ ബസുകള്‍ കവര്‍ന്നെടുക്കുന്നത് വിലപ്പെട്ട മനുഷ്യജീവനുകളാണ്.കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഈ സ്വകാര്യ കമ്പനിയുടെ ബസ് ഇടിച്ച് മുപ്പത്തിയേഴോളം വരുന്ന മനുഷ്യ ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്.നാളത്തെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥികള്‍ മുതല്‍ കുടുംബത്തിന്റെ താങ്ങും തണലുമായ കുടുംബ നാഥന്‍മാര്‍വരെ മരപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

എന്നിട്ടും മത്സരയോട്ടത്തിന് ഇപ്പോഴും അയവ് വന്നിട്ടില്ല.കാരണം ഇവര്‍ക്ക് ആരേയും ഭയപ്പെടേണ്ട കാര്യമില്ല.ഈ കഴിഞ്ഞ ദിവസവും അപകടത്തിന് ശേഷം നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് സ്വകാര്യ ബസുകള്‍ ചീറിപായുമ്പോള്‍ ഒരു ബസുകള്‍ പോലും പരിശോധിക്കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.ഇത് പൊതു സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിട്ടുള്ളത്.

Related News