26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 16, 2025
February 10, 2025
February 5, 2025
August 13, 2024
August 13, 2024
June 14, 2024
May 3, 2024
March 21, 2024
March 13, 2024
March 6, 2024

സ്വകാര്യ സര്‍വകലാശാല ബില്ലിന് അനുമതി

Janayugom Webdesk
തിരുവനന്തപുരം
February 10, 2025 10:16 pm

സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് കേരള സംസ്ഥാന സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് ‑2025 ന് അനുമതി നല്‍കിയത്. ഫീസില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകില്ലെങ്കിലും ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന് അധികാരങ്ങളുണ്ടാകും. സര്‍വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം റദ്ദാക്കാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി എസ്‌സി, എസ്ടി വിഭാ​ഗങ്ങൾക്ക് സീറ്റും ഫീസിളവ്, മലയാളി വിദ്യാർത്ഥികൾക്ക് 40 ശതമാനം സംവരണം, വി​ദ്യാ​ർത്ഥി പ​രാ​തി പ​രിഹരിക്കാൻ പ്രത്യേക സ​മി​തി​ എന്നിവയും വ്യവസ്ഥ ചെയ്യുന്നു. 

രാജ്യത്തെ വിദ്യാഭ്യാസ റെ​ഗുലേറ്ററികളായ യുജിസി, ദേശീയ മെഡിക്കൽ കമ്മിഷൻ, ഐസിഎംആർ, ഐസിഎആർ തുടങ്ങിയവയുടെ നിർദേശങ്ങൾക്ക് അനുസരിച്ചേ സർവകലാശാലകൾക്ക് പ്രവർത്തിക്കാൻ കഴിയൂ. അധ്യാപക നിയമനം, വിദ്യാർത്ഥിപ്രവേശനം, കോഴ്സ് ആരംഭം തുടങ്ങിയ കാര്യങ്ങളിലും ഇത് ബാധകമാണ്. സർവകലാശാലകൾ 25 കോടി രൂപ എൻഡോവ്മെന്റ് ഫണ്ട് എന്ന പേരിൽ സെക്യൂരിറ്റി നിക്ഷേപമായി ട്രഷറിയിൽ അടക്കണം. ഇതിൽനിന്നുള്ള പലിശ സർവകലാശാലകൾക്ക് ഉപയോഗിക്കാം. ഭരണനിർവഹണത്തിനുള്ള എക്സിക്യുട്ടീവ് കൗൺസിൽ, ഗവേണിങ് കൗൺസിൽ എന്നിവയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ വിഷയവിദ​ഗ്ധരോ അംഗമാകും. പാഠ്യപദ്ധതി മേൽനോട്ടത്തിനുള്ള അക്കാദമിക് കൗൺസിലിൽ സർക്കാർ നിർദേശിക്കുന്ന മൂന്ന് വിദഗ്ധരെങ്കിലും അംഗങ്ങളാകും. 

വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിങ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം. സർവകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം. 3.25 കോടി കോർപസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം. സർവകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിന്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ യുജിസി, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം. ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും എന്നിവയും വ്യവസ്ഥകളായി ബില്ലില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.