24 April 2024, Wednesday

Related news

March 25, 2024
February 21, 2024
February 19, 2024
February 19, 2024
February 7, 2024
February 6, 2024
January 18, 2024
January 16, 2024
January 3, 2024
December 26, 2023

സ്വകാര്യവല്ക്കരണം: സമരം ശക്തമാക്കുമെന്ന് ബാങ്ക് യൂണിയനുകൾ

Janayugom Webdesk
July 22, 2022 9:41 pm

കേന്ദ്രസർക്കാരിന്റെ സ്വകാര്യവല്ക്കരണ നീക്കത്തിനെതിരെ ശക്തമായ സമരത്തിനൊരുങ്ങി പൊതുമേഖലാ ബാങ്ക് ജീവനക്കാർ. പ്രതിഷേധ സൂചകമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ ജീവനക്കാരും ഉദ്യോഗസ്ഥരും പ്രകടനം നടത്തി. ആർഎസ്എസ് അനുഭാവസംഘടനയായ ഭാരതീയ മസ്ദൂർ സംഘ് ഉൾപ്പെടെയുള്ള കേന്ദ്ര യൂണിയനുകൾ പങ്കെടുത്തു. സിപിഐ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ഡി രാജ ധർണയെ അഭിസംബോധന ചെയ്തു. 

കേന്ദ്ര ബജറ്റിൽ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവല്ക്കരിക്കാനുള്ള നിർദ്ദേശം സർക്കാർ മുന്നോട്ടുവച്ചിരുന്നു. പിന്നീട് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇത് നടപ്പാക്കുമെന്ന് ആവർത്തിച്ചു. എന്നാൽ ട്രേഡ് യൂണിയനുകളുടെ എതിർപ്പിനെത്തുടർന്ന് സ്വകാര്യവല്ക്കരണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. ഡിസംബറിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബാങ്കിങ് നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ബിൽ അവതരിപ്പിച്ചപ്പോൾ രാജ്യത്തുടനീളമുള്ള എട്ട് ലക്ഷത്തിലധികം ബാങ്ക് ഓഫീസർമാരും ജീവനക്കാരും രണ്ട് ദിവസം പണിമുടക്കി. 

കടുത്ത എതിർപ്പ് ഉയർന്നപ്പോൾ സർക്കാർ പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു. നടപ്പ് സമ്മേളനത്തിൽ സ്വകാര്യവല്ക്കരണ നിയമം കൊണ്ടുവരാനുള്ള നീക്കം നടന്നാൽ ശക്തമായ സമരം നടത്തുമെന്ന് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു. പൊതുസംരംഭങ്ങളുടെ സ്വകാര്യവല്ക്കരണത്തെ രാജ്യത്തെ എല്ലാ തൊഴിൽ സംഘടനകളും ശക്തമായി എതിർക്കുകയാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. 

പിഎഎസ്‍ബികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെതിരെ പോരാട്ടം കൂടുതൽ ശക്തമാകുമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു. ‘ദേശീയ സമ്പത്ത് സ്വകാര്യ കോർപറേറ്റുകൾക്ക് കൈമാറുന്നതിന് കേന്ദ്രം അതിന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഏതു തരത്തിലും ഉപയോഗിക്കും. മോഡി സർക്കാരിനെ വിശ്വസിക്കാൻ കഴിയില്ലെ‘ന്ന് ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. 

Eng­lish Summary:Privatization: Bank unions to inten­si­fy strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.