തപാൽവകുപ്പിനെയും തകർത്തെറിയുന്നു

കോവിഡ് കാലം മറയാക്കി കേന്ദ്രസർക്കാരിന്റെ ഗൂഢനീക്കം
മനോജ് മാധവൻ

തിരുവനന്തപുരം

Posted on July 03, 2020, 10:40 pm

മനോജ് മാധവൻ

ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമായ ഇന്ത്യൻ പോസ്റ്റൽ സർവീസിനെയും സ്വകാര്യ കമ്പനികൾക്കുവേണ്ടി തകർത്തെറിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ വാർത്താവിനിമയ കമ്പനിയായ ബിഎസ്എൻഎലിനെ സ്വകാര്യ ടെലികോം കമ്പനികൾക്കുവേണ്ടി തകർത്തതിനു സമാനമായ പ്രവർത്തനമാണ് ഇന്ത്യൽ തപാൽ രംഗത്തും നടപ്പിലാക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയുടെ പോസ്റ്റൽ സേവന ഇടപാടുകളിൽ ഭൂരിഭാഗവും ആഗോള കൊറിയർ ഭീമന്മാരായ വിദേശ കമ്പനികൾക്കും റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും വീതിച്ചു നൽകുകയെന്ന ലക്ഷ്യമാണ് കേന്ദ്ര സർക്കാർ അണിയറയിൽ ഒരുക്കുന്നത്.

ആഭ്യന്തര — അന്താരാഷ്ട്ര കൊറിയറുകൾ കൃത്യതയോടെ കൈകാര്യം ചെയ്തിരുന്ന രാജ്യത്തിന്റെ അഭിമാനമായാണ് കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ തപാൽ വകുപ്പിനു കീഴിൽ ഇന്ത്യൻ തപാൽ പ്രവർത്തിച്ചുവന്നിരുന്നത്. രാജ്യത്തെ കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള എല്ലാ തപാൽ ഇടപാടുകളും നടത്തുന്നതിന് ഇന്ത്യൻ തപാൽ വകുപ്പിലൂടെ മാത്രമേ സാധ്യമാകൂ. കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ കേന്ദ്ര സർക്കാരിന് വരുമാനം ലഭിക്കുന്നത്. തപാൽ വകുപ്പിനെ തകർത്ത് സ്വകാര്യ കുത്തക കൊറിയർ കമ്പനികൾക്ക് വഴിയൊരുക്കാൻ കാത്തിരിക്കവേയാണ് കോവിഡ് രോഗം ലോകമെമ്പാടും പടർന്നത്.

ഇതോടെ മാർച്ച് 23 മുതൽ രാജ്യം അടച്ചിട്ടു. അന്ന് നിലച്ച അന്താരാഷ്ട്ര തപാൽ ഉരുപ്പടി നീക്കം ഇതുവരെയും പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. എന്നാൽ, ഇന്ത്യയിൽ പ്രവർത്തനാനുമതിയുള്ള വിദേശ കൊറിയർ കമ്പനികളായ ഡിഎച്ച്എൽ, ബ്ലൂഡാർട്ട്, ഡിറ്റിഡിസി തുടങ്ങി ആഗോള ഭീമന്മാർക്ക് അവരുടെ തപാൽ നീക്കത്തിന് യാതൊരു വിലക്കും ഏർപ്പെടുത്തിയില്ല. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അവരുടെ ചരക്കു വിമാനങ്ങൾ ലോക്ഡൗൺ ഘട്ടത്തിലും കൃത്യമായി പറന്നിറങ്ങി. തപാൽ വകുപ്പിന്റെ ഉരുപ്പടി നീക്കത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ലാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള എല്ലാ ഇടപാടുകളും രാജ്യത്തെ പ്രധാന തപാൽ ഹബ്ബുകളിലും, വിമാനത്താവളങ്ങൾ, റയിൽവേ സ്റ്റേഷനുകൾ, ആർഎംഎസ് എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുകയാണ്.

വിദേശ ജോലി നേടുന്നതിനുള്ള ഉദ്യോഗാർത്ഥികളുടെയും ഉന്നത പഠനത്തിനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെയും സർട്ടിഫിക്കറ്റുകളടക്കമുള്ള സുപ്രധാന രേഖകൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ലക്ഷക്കണക്കിന് പേരുടെ ജീവിതമാണ് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മെയ് ഏഴുമുതൽ 15 രാജ്യങ്ങളിലേയ്ക്ക് തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ്, എക്‌‌സ്പ്രസ് മെയില്‍ സേവനങ്ങള്‍ പുനഃരാരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ തപാൽ ഉരുപ്പടികളല്ല, കോവിഡ് പ്രതിസന്ധിയെ തുടർന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള അവശ്യവസ്തുക്കളും മരുന്നും മാത്രമാണ് അയയ്ക്കാന്‍ അനുമതിയുള്ളതെന്നാണ് തപാൽ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തെ ജനങ്ങൾക്ക് കൊറിയർ സേവനങ്ങൾക്കായി നിലവിൽ സ്വകാര്യകമ്പനികളെ ഇരട്ടിയിലധികം തുക നൽകി ആശ്രയിക്കുക മാത്രമാണ് ഏക പോംവഴി. ഇത് തപാൽവകുപ്പിന്റെ അന്ത്യംകുറിക്കൽ കൂടിയായി മാറിയേക്കും.

ENGLISH SUMMARY: Pri­va­ti­za­tion in indi­an postal sys­tem

YOU MAY ALSO LIKE THIS VIDEO