സ്വകാര്യവൽക്കരണം കേന്ദ്രസർക്കാരിന്റെ മുഖ്യ അജണ്ടയാകുന്നതോടെ ഇത്തവണത്തെ ബജറ്റിൽ റയിൽവേയ്ക്ക് വിഹിതം കുറയുമെന്ന് റിപ്പോർട്ട്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റയിൽവേയുടെ നിലനിൽപ്പിന് തന്നെ ഇത് തിരിച്ചടിയായേക്കും. യാത്രാക്കൂലിയിൽ വർധന വരുത്താതെ പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് റയിൽവേയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുക എന്ന തന്ത്രം മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിൽ ഉൾപ്പെടുത്തുക എന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.
നവീകരണത്തിനെന്ന പേരിൽ രാജ്യത്തെ റയിൽവേ സ്റ്റേഷനുകളുടെ വിൽപ്പന, റയിൽ കോച്ച് ഫാക്ടറികളുടെ സ്വകാര്യവൽക്കരണം, റയിൽവേയ്ക്ക് ആവശ്യമായ വൈദ്യുതി വിതരണത്തിനായി കോർപ്പറേറ്റ് കമ്പനികളെ ഉൾപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും ബജറ്റിൽ ഉൾപ്പെടുമെന്നാണ് വിലയിരുത്തൽ. 2014ൽ മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം സ്വകാര്യവൽക്കരണമെന്ന ലക്ഷ്യം മുൻനിർത്തിയുള്ള കണക്കുകളാണ് പുറത്തുവരുന്നത്. 2018–19 വർഷത്തെ കണക്കുകൾ പ്രകാരം റയിൽവേയുടെ പ്രവർത്തന അനുപാതം (വരവും ചെലവും തമ്മിലുള്ള അനുപാതം) 96.2 ശതമാനമായിരുന്നു. ഒരു രൂപ വരുമാനം ഉണ്ടാകുമ്പോൾ 98 പൈസയാണ് ചെലവ്- ഇതായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാൽ യുക്തിരഹിതമായ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ഭാഗമായി യഥാർഥ പ്രവർത്തന അനുപാതം 102.7 ശതമാനമാണ്. ഒരുരൂപ വരുമാനം ഉണ്ടാകുമ്പോൾ ചെലവ് 1.27 രൂപയായി വർധിക്കുന്നു. നാഷണൽ തെർമ്മൽ പവർ കോർപ്പറേഷൻ (എൻടിപിസി), റയിൽവേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റയിൽവേയ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് ( ഇർകോൺ) എന്നിവിടങ്ങളിൽ നിന്നും ബജറ്റ് ഇതര വായ്പകൾ ലഭ്യമാക്കിയതിലൂടെയാണ് പ്രവർത്തന അനുപാതം 102.7 ശതമാനമായി പരിമിതപ്പെടുത്താൻ കഴിഞ്ഞത്. വായ്പകൾ ഇല്ലാത്ത അവസ്ഥയിൽ പ്രവർത്തന അനുപാതം 110 ശതമാനം അധികരിക്കുമെന്നാണ് വിദഗ്ധമതം. കൽക്കരി ഉൾപ്പെടെയുള്ള ചരക്ക് നീക്കത്തിൽ വൻകിട കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിനായി ചരക്ക് കൂലി വർധിപ്പിക്കാത്ത മോഡി സർക്കാരിന്റെ തീരുമാനമാണ് നഷ്ടം ഗണ്യമായി കൂടാനുള്ള കാരണം. നവംബർ മാസത്തെ കണക്കുകൾ പ്രകാരം ചരക്കു കൂലി ഇനത്തിൽ ലക്ഷ്യമിട്ടിരുന്ന തുകയിൽ 17,600 കോടി രൂപയുടെ കുറവാണുള്ളത്. എന്നാൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചരക്കു കൂലി വർധിപ്പിക്കുന്നത് പ്രശ്നം രൂക്ഷമാക്കും.
കൂടാതെ റയിൽവേയുടെ കരുതൽ ധനശേഖരത്തിൽ ഗണ്യമായ കുറവാണ് പ്രതിവർഷം ഉണ്ടാകുന്നത്. 2016–17നെ അപേക്ഷിച്ച് 2017–18ൽ കരുതൽ ധനശേഖരം 68 ശതമാനമായി കുറഞ്ഞു. മൂലധന ചെലവുകൾക്കായി സ്വന്തം വരുമാനത്തിൽ നിന്നുള്ള നിക്ഷേപവും ഗണ്യമായി കുറഞ്ഞു. മോഡി സർക്കാർ അധികാരത്തിലെത്തിയ 2014–15ൽ നിക്ഷേപം 26 ശതമാനമായിരുന്നത് 2017–18ൽ മൂന്ന് ശതമാനമായി കുറഞ്ഞു. ആധുനികവൽക്കരണത്തിനെന്ന പേരിൽ പുതിയ സാങ്കേതിക വിദ്യകൾ അവലംബിക്കുമെന്ന് റയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ഇതിലൂടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന വ്യംഗമായ സൂചനയാണ് മന്ത്രി നൽകിയത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന നടപടി ഒന്നാം മോഡി സർക്കാർ അധികാരത്തിലെത്തി ആദ്യവർഷം തന്നെ ആരംഭിച്ചിരുന്നു. 2015–16ൽ 1.33 ദശലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2017–18ൽ ഇത് 1.27 ദശലക്ഷമായി കുറഞ്ഞു.
English summary: Privatization is main; railway share decreases
YOU MAY ALSO LIKE THIS VIDEO