March 30, 2023 Thursday

Related news

March 29, 2023
March 20, 2023
March 16, 2023
March 13, 2023
March 13, 2023
February 10, 2023
February 9, 2023
January 27, 2023
January 18, 2023
January 13, 2023

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്ക്കരണം ജോലി സംവരണം അട്ടിമറിക്കുന്നു: സർക്കാര്‍ വരുമാനം കുറയും

Janayugom Webdesk
July 8, 2022 11:05 pm

പൊതുമേഖലാ ബാങ്കുകൾ വിറ്റു തുലയ്ക്കുന്ന മോഡി സർക്കാരിന്റെ നയം പിന്നാക്ക വിഭാഗങ്ങളുടെ ജോലി സംവരണം അട്ടിമറിക്കുമെന്ന് റിപ്പോർട്ട്. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിലെ സംവരണമാണ് തകിടം മറിയുക.
പൊതു മേഖലാ ബാങ്കുകളില്‍ നിലവില്‍ സംവരണാര്‍ഹരായവരുള്‍പ്പെടെ 8.26 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംവരണ നയം കർശനമായി നടപ്പിലാക്കുന്നതുകൊണ്ടാണ് ഇത്രയും പേര്‍ക്ക് നിയമനം ലഭിച്ചത്. ഇതില്‍ ഗണ്യമായ വിഭാഗം മാനേജർ സ്ഥാനങ്ങളിലാണ്. സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നവരെയാണ് സ്വകാര്യവല്ക്കരണം ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
‘എസ്‍സി, എസ്‍ടി, ഒബിസി വിഭാഗം ജീവനക്കാരുടെ സംവരണത്തെ തൊഴിലവസരങ്ങൾ ലഭ്യമാ‌ക്കുക എന്ന കാഴ്ചപ്പാടിൽ മാത്രമല്ല, അവരെ ശാക്തീകരിക്കുക എന്ന വലിയ സാമൂഹിക‑സാമ്പത്തിക വീക്ഷണത്തില്‍ നിന്ന് വിലയിരുത്തണ’മെന്ന് പൊതുമേഖലയെയും സേവനങ്ങളെയും കുറിച്ച് പീപ്പിൾസ് കമ്മിഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. സ്വകാര്യവല്ക്കരണം നിലവിലുള്ള പിന്നാക്ക വിഭാഗം ജീവനക്കാരുടെ സേവന വ്യവസ്ഥകളിൽ അനിശ്ചിതത്വം സൃഷ്ടിക്കും.
ഭാവിയില്‍ മറ്റെല്ലാ ജീവനക്കാരുടെ കാര്യത്തിലും സമാനമായ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും കുറിപ്പിൽ പറയുന്നു.
മനുഷ്യ വിഭവ ആസൂത്രണത്തിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ അനുവർത്തിക്കേണ്ടത് മാനേജുമെന്റിന്റെ ബാധ്യതയാണ്. എന്നാൽ ജോലി ഭാരം കൂട്ടാനല്ലാതെ കുറയ്ക്കാനുള്ള നടപടികൾ ഇപ്പോള്‍ത്തന്നെ ബാങ്ക് മാനേജുമെന്റുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. ഖണ്ഡേൽവാൾ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കാൻ തുടങ്ങിയതോടെ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുകയും ചെയ്തു. ഓരോ വർഷവും വിരമിക്കല്‍ മൂലമോ മറ്റു കാരണങ്ങളാലോ കുറവ് വരുന്ന ജീവനക്കാർക്ക് തുല്യമായി പോലും പുതിയ നിയമനം നടത്തുന്നില്ല.
ഇതിനിടയിലാണ് പൊതുമേഖല പൂർണമായി ഒഴിവാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം പൂര്‍ണമാക്കുന്നതിന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ നിയമഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നത്. 1970 ലെ ബാങ്കിങ് കമ്പനികൾ (അക്വിസിഷൻ ആന്റ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ്) ആക്ട് പ്രകാരം കേന്ദ്ര സര്‍ക്കാരിന് പൊതു മേഖലാ ബാങ്കുകളില്‍ കുറഞ്ഞത് 51 ശതമാനം ഓഹരി ഉണ്ടായിരിക്കണം. സ്വകാര്യവല്ക്കരണം നടക്കുമ്പോഴും ബാങ്കുകളില്‍ 26 ശതമാനം സര്‍ക്കാര്‍ ഓഹരികൾ നിലനിർത്തുന്നതാണ് നയം. ഈ ഓഹരികൾ പോലും ഇല്ലാതാക്കുന്നതിനായി ധനമന്ത്രാലയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.

സർക്കാര്‍ വരുമാനം കുറയും

സ്വകാര്യ ബാങ്കുകൾ ദേശസാല്ക്കരിക്കുമ്പോള്‍, നടപടിയുടെ ഉദ്ദേശ്യം ബാങ്കുകളും അവർ വായ്പ നൽകുന്ന വ്യവസായ ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കലാണെന്ന് സർക്കാർ പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു. നിലവില്‍ സ്വകാര്യകക്ഷികള്‍ നടത്തിയ വഞ്ചനയുടെ അനന്തരഫലങ്ങൾ പൊതുമേഖലാ ബാങ്കുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വന്‍കിട വായ്പാ കുടിശികക്കാരുടെ പേരുകൾ ബാങ്കുകള്‍ പരസ്യമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
കോർപ്പറേറ്റ് തട്ടിപ്പുകാരുടെ ശതകോടികള്‍ കുടിശികയുണ്ടായിട്ടും 12 പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തന ലാഭം 2022 മാർച്ചിൽ 2.08 ലക്ഷം കോടി രൂപയാണ്. അവരുടെ അറ്റാദായമാകട്ടെ ഒരു വർഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ച് 66,541 കോടിയായി. ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന ഭീമമായ ഈ ലാഭവിഹിതവും നികുതിയും സ്വകാര്യവല്ക്കരണത്തോടെ സർക്കാരിന് നഷ്ടമാകും.

Eng­lish Sum­ma­ry: Pri­va­ti­za­tion of pub­lic sec­tor banks under­mines job reser­va­tion: gov­ern­ment rev­enue will fall

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.