March 30, 2023 Thursday

Related news

March 24, 2023
November 20, 2022
August 20, 2022
May 26, 2022
May 18, 2022
March 20, 2022
February 13, 2022
February 13, 2022
December 6, 2021
August 8, 2021

സ്വകാര്യവൽക്കരണ നയം: 11,130 കോടിയുടെ പദ്ധതി ബിപിസിഎൽ ഉപേക്ഷിച്ചു

ഷാജി ഇടപ്പള്ളി
കൊച്ചി
February 13, 2022 9:57 pm

കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി 11130 കോടിയുടെ പോളിയോൾ പദ്ധതി ബിപിസിഎൽ ഉപേക്ഷിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഒരു പദ്ധതിയാണ് മോഡി സർക്കാരിന്റെ സ്വകാര്യവൽക്കരണനയം മൂലം ഇല്ലാതാവുന്നത്.

അമ്പലമുകളിൽ 2019 ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ട പോളിയോൾ പദ്ധതി ഉപേക്ഷിക്കാൻ കഴിഞ്ഞ ജനുവരി 31 ന് ചേർന്ന ബിപിസിഎൽ ഡയറക്ടർ ബോർഡ് യോഗമാണ് തീരുമാനിച്ചത്. ബോർഡ് തീരുമാനം അറിയിച്ചു കൊണ്ടുള്ള കത്ത് കമ്പനി സെക്രട്ടറി സെബിക്ക് കൈമാറി.

ഇന്ത്യയിലെ പോളിയോൾ ആവശ്യകത ഉയര്‍ന്നതോടെ വലിയ അളവിലാണ് പോളിയോൾ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് കണക്കിലെടുത്താണ് 2018 സെപ്റ്റംബറിൽ കൊച്ചി റിഫൈനറിയിൽ പോളിയോൾസ് ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും, മറ്റു വിവിധ സങ്കേതിക അനുമതികളും ലഭിക്കുകയും പദ്ധതിക്കായി ഫാക്ട് കൊച്ചിൻ ഡിവിഷന്റെ 170 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. പദ്ധതിക്കായുള്ള ലൈസൻസിയെ കണ്ടെത്താനും ഭൂമി ഒരുക്കൽ പ്രക്രിയയും നടന്നിരുന്നു.

2022ൽ പ്ലാന്റ് കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. നാലു ലക്ഷം ടൺ പോളിയോൾ ഉല്പന്നങ്ങളാണ് ഇന്ത്യയിൽ ഒരു വർഷം ആവശ്യമായിട്ടുള്ളത്. 2030ൽ ഇത് 7.5 ലക്ഷം ടണ്ണായി ഉയരുമെന്നും കണക്കാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ പ്രതിവർഷം 15,000 ടൺ പോളിയോൾ ഉല്പന്നങ്ങൾ മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. ഇറക്കുമതി കുറയ്ക്കുന്നതിനായി ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പോളിയോൾ പദ്ധതിയാണ് സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.

2019 നവംമ്പർ 20 നാണ് ബിപിസിഎൽ വിൽക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ പോളിയോൾസ് പദ്ധതിയുടെ പ്രവർത്തനങ്ങളെല്ലാം നിര്‍ത്തിവച്ചു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഡയറക്ടർ ബോർഡിന്റെ തീരുമാനം. പദ്ധതി ഉപേക്ഷിച്ചതിനെതിരെ റിഫൈനറി സംരക്ഷണ സമിതി പ്രതിഷേധപരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സംസ്ക്കരണശേഷി വർധിപ്പിച്ചതിന്റെ ഭാഗമായി ലഭ്യമാകുന്ന അഞ്ചുലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗപ്പെടുത്തിയാണ് പെട്രോ കെമിക്കൽ പ്ലാന്റുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

രണ്ടരലക്ഷം ടൺ പ്രയോജനപ്പെടുത്തി പ്രൊപ്പിലിൻ ഡെറിവേറ്റീവ് പെട്രോ കെമിക്കൽ പ്രോജക്ട് 2018 ൽ നിർമ്മാണം ആരംഭിച്ചു. ബാക്കിയുള്ള രണ്ടര ലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗപ്പെടുത്തിയാണ് പോളിയോൾ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

Eng­lish Sum­ma­ry: Pri­va­ti­za­tion Pol­i­cy: BPCL aban­dons Rs 11,130 crore project

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.