Monday
22 Jul 2019

പ്രതീക്ഷകള്‍ നല്‍കി സൗന്ദര്യ മത്സരം

By: Web Desk | Saturday 23 September 2017 12:30 AM IST


കാഞ്ചന
സൗന്ദര്യമത്സരങ്ങള്‍ക്ക് അനുകൂലിച്ചും എതിര്‍ത്തും വാദഗതികളുളള കാലത്ത് അത്തരമൊരു മത്സരത്തില്‍ വിജയിച്ച് ജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ഒരു യുവതിയുടെ അനുഭവകഥ ആരേയും അമ്പരപ്പിക്കും. സ്ത്രീ വെറും പ്രദര്‍ശനവസ്തുവല്ല എന്ന് പറയുമ്പോഴും അംഗപരിമിതര്‍ക്കായുളള സൗന്ദര്യമത്സരം പ്രിയ ഭാര്‍ഗവയ്ക്ക് ഉത്തേജകമരുന്നായിരുന്നു. ഒരിക്കലും വിട്ടുമാറാത്ത ഓട്ടോ ഇമ്യൂണ്‍ രോഗവുമായി മല്ലിടുന്നതിനിടയില്‍ കൈവന്ന പ്രതീക്ഷയുടെ തിരിനാളം അതാണ് 2015 ലെ മിസ് വീല്‍ചേര്‍ മത്സരം പ്രിയയ്ക്ക് നല്‍കിയത്. പഠിത്തത്തില്‍ മിടുക്കിയായ പ്രിയ ഫിസിയോതെറാപ്പിസ്റ്റ് ആകാനുള്ള തയാറെടുപ്പില്‍ പഠനം തുടരുന്നതിനിടയിലാണ് മാറാരോഗത്തിന് അടിമയാകാന്‍ പോകുന്നു താനെന്ന സത്യം അറിയുന്നത്. രോഗസംബന്ധമായ എല്ലാ വിവരങ്ങളും പ്രിയ തേടിപ്പിടിച്ച് വായിച്ചുമനസിലാക്കാന്‍ തുടങ്ങിയതോടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും പ്രിയയില്‍ നിന്നും ഒന്നും മറയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി. ചികിത്സയുടെ ആദ്യനാളുകളില്‍ പരീക്ഷിച്ച മരുന്നുകളൊന്നും ഫലവത്തായില്ല. ഒടുവില്‍ സ്റ്റിറോയിഡ്‌സ് മാത്രമായി രക്ഷ. അതോടെ പാര്‍ശ്വഫലങ്ങള്‍ ഒന്നൊന്നായി തലപൊക്കാന്‍ തുടങ്ങി. രോഗത്തിന് അല്‍പം ശമനമുണ്ടായപ്പോള്‍ പ്രിയ പഴയതുപോലെ കോളജിലേക്ക് തിരിച്ചുപോയി.

ഉത്സാഹത്തോടെ ക്ലാസുകളില്‍ സജീവമായെങ്കിലും വളരെ അപ്രതീക്ഷിതമായി കാലുകളുടെ ചലനം നിന്നു. മൂത്രമൊഴിക്കുന്നതിനുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഇതോടെ ആകെ തളര്‍ന്ന പ്രിയയെ അമ്മയും സഹോദരിയും ക്ഷമയോടെയും സ്‌നേഹത്തോടെയും പരിചരിച്ചുകൊണ്ടേയിരുന്നു. കൈകളില്‍ താങ്ങിയെടുത്ത് പ്രിയയെ അവര്‍ പരീക്ഷ എഴുതാന്‍ കൊണ്ടുപോയി. എന്നിട്ടും പ്രിയയ്ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാരണം അപ്പോഴേക്കും രോഗം മൂര്‍ച്ഛിക്കുകയും പ്രിയ പൂര്‍ണമായും കിടക്കയിലാവുകയും ചെയ്തു. ഭയം പ്രിയയെ കീഴ്‌പ്പെടുത്തി. ഭക്ഷണം ഉപേക്ഷിച്ചു, ആരോ തന്നെ കൊല്ലാന്‍ വരുന്നു എന്ന ഭയപ്പാടോടെ അടുത്തുവരുന്നവരെ പ്രിയ ആട്ടിയോടിച്ചു. അമ്മപോലും നിസ്സഹായയായ അവസ്ഥ. സാമ്പത്തികമായും കൂടി കുടുംബം ഇതിനകം പ്രതിസന്ധിയിലായിക്കഴിഞ്ഞു. അമ്മയുടെ ജോലി പോലും നഷ്ടമാകുന്ന സ്ഥിതി വന്നതോടെ സഹോദരി തൊഴിലുപേക്ഷിച്ച് പ്രിയയുടെ പരിചരണം ഏറ്റെടുത്തു. പതുക്കെ പതുക്കെ പ്രിയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. രോഗത്തിന്റെ പാടുകള്‍ മനസിലും ശരീരത്തിലും ഉണ്ടായെങ്കിലും പ്രിയപ്പെട്ടവര്‍ നല്‍കിയ പിന്തുണ പ്രിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
അംഗവൈകല്യം വന്നവരെക്കുറിച്ച് ആ സംഘടനയുടെ പ്രസിഡന്റ് ഡോ. രാജേന്ദ്ര ജോര്‍ എടുത്ത ഡോക്യുമെന്ററി പ്രിയ കാണാനിടയായി. അപ്പോഴാണ് തന്റെ അവസ്ഥ ഒന്നുമല്ലെന്ന് പ്രിയ തിരിച്ചറിയുന്നത്. അതുവരെയില്ലാത്ത വാശിയോടെ പ്രിയ പഠനം പൂര്‍ത്തിയാക്കി, ബിസിഎയും എംസിഎയും ഇഗ്‌നോവിലെ വിദൂര പഠനത്തിലൂടെ കരസ്ഥമാക്കി. ആയിടയ്ക്കാണ് മിസ് വീല്‍ ചെയര്‍ മത്സരത്തെക്കുറിച്ച് പ്രിയ അറിയുന്നത്. 2013 ലും 2014 ലും അവസരം നഷ്ടമായെങ്കിലും 2015 ല്‍ പ്രിയ പങ്കെടുക്കുക തന്നെയുണ്ടായി, വിജയിയുമായി. അടുത്തമാസം ലോകമിസ് വീല്‍ ചെയര്‍ മത്സരത്തിനൊരുങ്ങുകയാണ് പ്രിയ, അതിയായ ആഹ്ലാദത്തോടെ… സൗന്ദര്യ മത്സരം പ്രിയയ്ക്ക് അനുഗ്രഹമല്ലാതെ മറ്റെന്താണ്.

 

Related News