26 March 2024, Tuesday

Related news

February 8, 2024
January 29, 2024
January 27, 2024
January 26, 2024
January 6, 2024
December 17, 2023
December 4, 2023
October 8, 2023
July 12, 2023
July 6, 2023

പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി
web desk
November 17, 2022 4:23 pm

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. രണ്ടാം റാങ്കുകാരാൻ ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് വിധി. ഇതോടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോസഫ് സ്കറിയയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനമായേക്കും.

പ്രിയയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന യുജിസി വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധിപ്രസ്താവം. പ്രിയയ്ക്ക് അധ്യാപന പരിചയം ഇല്ലെന്നാണ് കോടതിയുടെ കടുത്ത ഭാഷയിലുള്ള പരാമര്‍ശം. എട്ട് വര്‍ഷത്തെ അധ്യാപന പരിചയമാണ് ഇതിനായി വേണ്ടത്. അത് പ്രിയാ വര്‍ഗീസിനില്ലെന്ന് കോടതി കണ്ടെത്തി. പിഎച്ച്ഡി കാലവധി ഡെപ്യൂട്ടേഷനിലാണെന്നും ഈ ഘടടത്തില്‍ അധ്യാപന ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതായും കോടതി പറഞ്ഞു. പിഎച്ച്ഡി ഫെല്ലോഷിപ്പോടെയുള്ളതാണ്. എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ പദവിയും അധ്യാപന പരിചയമായി കാണാനാവില്ല. അതൊന്നും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അക്കാദമിക് യോഗ്യതയായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. യുജിസി ചട്ടം പ്രധാനമാണെന്ന സുപ്രീം കോടതി വിധി ഇവിടെ സുപ്രധാനമാണ്. അത് മറികടക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്ക്രൂട്ടിണി കമ്മിറ്റിയെയും കോടതി വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വർഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയിൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളജിലെ എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ ചുമതല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്കുള്ള യോഗ്യതയല്ല. കുഴിവെട്ടാന്‍ പോകുന്നതല്ല യോഗ്യതയെന്നും കോടതി പ്രിയാ വര്‍ഗീസിനെ ആക്ഷേപിച്ചിരുന്നു. ഇത് എന്‍എസ്എസിനും അപമാനമായി. നേരത്തെയും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധികളും പ്രസ്താവനകളും വിവാദമായിട്ടുണ്ട്. പ്രിയയുടെ നിയമനം സ്റ്റേ ചെയ്തതും ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ്.

ഇന്നലെ കോടതിയിൽ നിന്ന് ഉണ്ടായെന്ന് പ്രചിരിക്കുന്ന ‘കുഴിവെട്ട്’ പരാമർശം തന്റെ ഭാഗത്തുനിന്ന് ഉണ്ടായതാണോ എന്ന് ഓർക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതി നടപടികൾ ആരംഭിച്ചത്. അതേസമയം, കോടതിയെ പരാമർശിക്കാതെയുള്ള പ്രിയാ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജസ്റ്റിസ് വിമർശനം ഉന്നയിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും കോടതി പറയും. കോടതിയിൽ സംഭവിച്ചതെല്ലാം അവിടെ തന്നെ അവസാനിക്കണം. പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ജസ്റ്റിസ് പറഞ്ഞു. അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണ്. അവർ സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം എന്നും വിധിപ്രസ്താവത്തിൽ മുന്‍ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണന്റെ വാക്കുകളെ ഉദ്ധരിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കോടതി വിശദീകരിച്ചു. പത്ത് വര്‍ഷത്തെ അധ്യാപന സേവന പരിചയം ഉണ്ടെന്നാണ് പ്രിയാ വര്‍ഗീസിന്റെ വാദം. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സർവീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനിൽ നടത്തിയ പ്രവർത്തനങ്ങളും അധ്യാപനപരിചയത്തിന്റെ ഭാഗമാണെന്നും പ്രിയാ വർഗീസ് വാദിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ഇക്കാര്യം അംഗീകരിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു. പത്ത് വര്‍ഷത്തെ അധ്യാപന പരിചയം കണക്കാക്കിയാണ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചതെന്നും യൂണിവേഴ്സിറ്റി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അധ്യാപന പരിചയം ഉണ്ടെന്ന കാര്യത്തില്‍ കോടതി ഇന്നലെ സംശയം രേഖപ്പെടുത്തുകയും വിമര്‍ശനം ഉന്നയിക്കുകയുമായിരുന്നു. എന്നാൽ, ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാൽ മാത്രമേ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള പരിചയമായി കണക്കാക്കാനാകൂവെന്നും യുജിസി വ്യക്തമാക്കി. സര്‍വകലാശാലകള്‍ എല്ലാം സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയും പലപ്പോഴായി ഉണ്ടായി. പ്രിയയുടെ നിയമനകാര്യത്തില്‍ കോടതിക്ക് നേരത്തെ തന്നെ ഒരു ധാരണയുണ്ടെന്നത് കഴിഞ്ഞ ദിവസങ്ങളിലെ പരാമര്‍ശങ്ങളിലൂടെ വ്യക്തവുമായിരുന്നു.

കോടതിയില്‍ വിധി പ്രസ്താവം നടക്കുന്നതിനിടെയും പ്രിയാ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അര്‍പുതമ്മാളിന്റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് എന്നും ആദരവ് മാത്രമാണുള്ളത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോടായിരുന്നു തന്റെ പ്രതികരണം. ഒന്നും രണ്ടും മാത്രമല്ല, പല മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട്- എന്നായിരുന്നു പ്രിയയുടെ തത്സമയ എഫ്ബി പോസ്റ്റ്. അര്‍പുതമ്മാള്‍ കേസില്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെയായിരുന്നു സുപ്രീം കോടതി വിധി എന്നതാണ് ശ്രദ്ധേയം. എന്നാല്‍ വിധി പ്രിയാ വര്‍ഗീസിനെതിരെയാണ് ഉണ്ടായത്.

eng­lish sam­mury: Priya Vargh­ese Appoint­ment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.