കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു; പ്രിയങ്ക ഗാന്ധി സമരം അവസാനിപ്പിച്ച് മടങ്ങി

Web Desk
Posted on July 20, 2019, 4:10 pm

ലക്നൗ: ഉത്തര്‍പ്രദേശിലെ സൊന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനുശേഷം ഇന്നലെ മുതല്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മടങ്ങി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ യു പി പൊലീസ് പ്രിയങ്കയെ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 24 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പ്രിയങ്കയുടെ ആവശ്യം അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്.

”എനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്ന് എന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെന്നും ഇപ്പോള്‍ മടങ്ങുകയാണ്. തിരിച്ചുവരും.” പ്രിയങ്ക പറഞ്ഞു.

സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ജൻമിയും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ചുനാര്‍ ഗസ്റ്റ് ഹൌസില്‍ പ്രിയങ്കയെ കാണാന്‍ എത്തി. കുറച്ചു പേരെ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഇവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ധര്‍ണ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പ്രിയങ്ക തീരുമാനിച്ചത്. ഇപ്പോള്‍ തിരിച്ചുപോകുന്നുവെങ്കിലും കൊല്ലപ്പെട്ടവരുടെ എല്ലാ ബന്ധുക്കളെയും കാണാന്‍ തിരിച്ച് വരുമെന്ന് പ്രിയങ്ക വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനുള്ള യാത്രക്കിടെ പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചുനാര്‍ ഗസ്റ്റ് ഹൌസിലേക്ക് മാറ്റുകയായിരുന്നു. പ്രിയങ്ക അവിടെയും പ്രതിഷേധ സമരം തുടരുകയായിരുന്നു.

You May Also Like This: