Saturday
16 Feb 2019

ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ

By: Web Desk | Monday 11 February 2019 9:45 PM IST

ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍  തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. ലക്നൗവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ്ഷോ നടത്തുന്ന പ്രിയങ്ക ഗാന്ധിയെയെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരന്നത്.

ആദ്യ സന്ദര്‍ശനത്തിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രിയങ്കാ ഗാന്ധിയുടെ ഫോണ്‍ സന്ദേശം എത്തി. ‘ നമ്മള്‍ ഒരു പുതിയതരം രാഷ്ട്രീയം തുടങ്ങുകയാണ്’.ഏറ്റവും ദുര്‍ബലരായവര്‍ പോലും ഇതില്‍ പങ്കാളികളായിരിക്കുമെന്നും പ്രിയങ്ക സന്ദേശത്തില്‍ പറയുന്നു.

‘ഞാന്‍ നാളെ നിങ്ങളെ കാണാനായി ലഖ്‌നൗവിലെത്തുന്നു. നമ്മള്‍ ഒരു പുതിയ തരം രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് ഹൃദയത്തില്‍ ഞാന്‍ പ്രത്യാശിക്കുന്നു.  പ്രിയങ്ക ഫോണ്‍ കോളുകളിലൂടെയും കോണ്‍ഗ്രസിന്റെ ശക്തി ആപ്പിലൂടെയും അയച്ച സന്ദേശത്തില്‍ പറയുന്നു

പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്‌നൗവില്‍ നടക്കുന്നത്.

ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം രാഹുല്‍ പലകുറി ഉയര്‍ത്തി.

എണ്‍പത് ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ മികച്ച വിജയം നേടുകയെന്നത് കോണ്‍ഗ്രസിന് അനിവാര്യമാണ്. പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നു  രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്ഷോയുടെ ഭാഗമാകുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് യുപിസിസി ആസ്ഥാനത്തേക്കാണ് യാത്ര. വഴിനീളെ നിരവധി പ്രവര്‍ത്തകരാണ് രാഹുലിനെയും പ്രിയങ്കയെയും എതിരേല്‍ക്കാന്‍ തടിച്ച്‌ കൂടിയത്. ലക്നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും.