ഉണ്ണിമുകുന്ദനും രക്ഷയില്ല, വ്യാജ അക്കൗണ്ടുകൾ വഴി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ

Web Desk
Posted on October 20, 2019, 11:27 am

ഒറ്റപ്പാലം: ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്റെ പേരില്‍ സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി. ഉണ്ണി മുകുന്ദന്റ പിതാവ് എം മുകുന്ദൻ ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയിൻമേൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി പൊലീസ് അറിയിച്ചു. സിഐ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

iam unni mukun­dan എന്നാണ് ഉണ്ണിയുടെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുകളുണ്ടാക്കിയായിരുന്നു പറ്റിക്കല്‍. ഉണ്ണിമുകുന്ദന്റെ അക്കൗണ്ട് എന്ന് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഉണ്ണി മുകുന്ദന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നു സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായും പരാതിയിൽ പറയുന്നു. നടനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവൃത്തികൾ എന്നും വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും മുകുന്ദന്‍ ഒറ്റപ്പാലം പൊലീസിനു നൽകിയ പരാതിയിൽ ആരോപിച്ചു. സനൂഷയുടെ സഹോദരന്റെ പേരിലും വ്യാജ അക്കൗണ്ടുകൾ തുടങ്ങി കബളിപ്പിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. അതിന് പിന്നാലെയാണ് അടുത്ത ആരോപണം.