ബേബി ആലുവ

December 20, 2019, 9:28 pm

കുർബാന രീതിയെച്ചൊല്ലി സീറോ മലബാർ സഭയിൽ പ്രശ്നങ്ങൾ

Janayugom Online

കൊച്ചി: വിവാദങ്ങളൊടുങ്ങാത്ത സീറോ മലബാർ സഭയിൽ കുർബാന രീതിയെച്ചൊല്ലി വീണ്ടും പ്രശ്നങ്ങൾ തലപൊക്കുന്നു. ജനുവരിയിൽ ചേരാനിരിക്കുന്ന മെത്രാൻ സിനഡിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വിഭാഗീയത മുറുകിയിട്ടുള്ളത്.
നിലവിൽ സീറോ മലബാർ സഭയിൽ നിലനിൽക്കുന്നത് മൂന്ന് രീതിയിലുള്ള കുർബാന അർപ്പണമാണ്. ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിൽ വൈദികൻ വിശ്വാസികൾക്കു പുറം തിരിഞ്ഞും അൾത്താരയ്ക്ക് അഭിമുഖമായും നിന്നാണ് ബലിയർപ്പിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലും മാനന്തവാടി, താമരശേരി, ഇരിങ്ങാലക്കുട, പാലക്കാട് രൂപതകളിലും ജനാഭിമുഖമായ കുർബാന രീതിയാണുള്ളത്.

തൃശൂർ അതിരൂപതയിലെ ചില പള്ളികളിലും തലശ്ശേരി രൂപതയിലും അൾത്താരയെയും ജനങ്ങളെയും മാറി മാറി അഭിമുഖീകരിക്കുന്നതാണ് രീതി. വലിയ പ്രശ്നങ്ങളില്ലാതെ വർഷങ്ങളായി പിന്തുടർന്നു പോരുന്നതാണ് ഈ കുർബാന ക്രമങ്ങൾ. എന്നാൽ തങ്ങൾ പിന്തുടർന്നു പോരുന്നതും വൈദികൻ ജനങ്ങൾക്കു പുറംതിരിഞ്ഞു നിന്ന് കുർബാന ചൊല്ലുന്നതുമായ രീതി സീറോ മലബാർ സഭയിൽ സാർവത്രികമാക്കണമെന്നാണ് ചങ്ങനാശേരി അതിരൂപതയുടെ വാദം. അതിന് അവർക്ക് അവരുടേതായ ന്യായങ്ങളുമുണ്ട്.

എന്നാൽ അൾത്താരയിലേക്കു തിരിഞ്ഞു നിന്ന് ബലിയർപ്പിക്കുന്ന വൈദികന്റെ പിൻഭാഗം മാത്രം കാണുന്ന വിശ്വാസികൾക്ക് വിശുുദ്ധ കർമ്മത്തിൽ മുഴുകാൻ കഴിയുന്നതെങ്ങനെ എന്നാണ് എതിർവിഭാഗത്തിന്റെ ചോദ്യം. ബൈബിൾ വായനയ്ക്കും കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിനും മാത്രമാണ് വൈദികൻ വിശ്വാസികൾക്കു നേരെ തിരിയുന്നത്. ഈ രീതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നാണ് വലിയൊരു വിഭാഗം വൈദികരുടെയും അൽമായരുടെയും മുന്നറിയിപ്പ്.

ലത്തീൻ സഭയിൽ സാധാരണമായ ജനാഭിമുഖ കുർബാന പിൻപറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ് ഈ വിഭാഗമെന്നാണ് ഇതിനുള്ള ചങ്ങനാശേരി പക്ഷത്തിന്റെ മറുപടി. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി യോഗം ചേർന്ന്, ഈ രീതി അടിച്ചേൽപ്പിക്കാൻ സിനഡ് മുതിർന്നാൽ അംഗീകരിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഇക്കാര്യം മറ്റ് രൂപതകളുമായി ചർച്ച ചെയ്ത് ഏകീകൃത രൂപതയുണ്ടാക്കാൻ ഏഴംഗ സമിതിയെയും തെരഞ്ഞെടുത്തു കഴിഞ്ഞു.
ക്രിസ്തു രൂപമില്ലാത്ത മാർത്തോമാ കുരിശ് സീറോ മലബാർ സഭയുടെ പള്ളികളിൽ സ്ഥാപിക്കാനുള്ള ചരടുവലികൾ ശക്തമായതാണ് ചൂടുപിടിച്ചിട്ടുള്ള മറ്റൊരു പ്രശ്നം.

ഈ നീക്കത്തിനു പിന്നിലും ചുക്കാൻ പിടിക്കുന്നത് ചങ്ങനാശേരി അതിരൂപതയാണ്. അതിരൂപതയ്ക്കു കീഴിലെ പള്ളികളിലുള്ളത് മാർത്തോമാ കുരിശാണ്. ഈ നീക്കത്തിനെതിരെയും പ്രതിഷേധം കടുത്തിട്ടുണ്ട്. ക്രിസ്തു രൂപമില്ലാത്തതും മൂന്നു ഭാഗത്തും ‘ക്ലാവർ ‘ചിഹ്നമുള്ളതുമായ മാർത്തോമാ കുരിശിനെ ക്ലാവർ കുരിശ് എന്നു പരിഹസിക്കുന്നവരുമുണ്ട്. ക്രൂശിത രൂപവും കുരിശും ക്രൈസ്തവികതയുടെ അടിസ്ഥാനമാണെന്ന് ഒരു പക്ഷം. രണ്ടു കുരിശും സഭ അംഗീകരിക്കുന്നതാണെന്ന് മറ്റൊരു പക്ഷം. സഭയുടെ പരമ്പര്യത്തിലധിഷ്ഠിതവും വണക്കത്തിന് ഏറ്റവും യോഗ്യവുമായ മാർത്തോമാ കുരിശിനോട് ഒരു വിഭാഗം കാണിക്കുന്ന എതിർപ്പിനു പരിഹാരമായി ചങ്ങനാശേരി അതിരൂപതാ ഇടവകകളിൽ കഴിഞ്ഞ ദിവസം ‘പരിഹാര ദിന ‘മായി ആചരിക്കുകയുമുണ്ടായി.

ഇതിനിടെ, വിവാദമായ ഭൂമി ഇടപാടിൽ അതിരൂപതയ്ക്കുണ്ടായ സാമ്പത്തികവും ധാർമ്മികവുമായ നഷ്ടം നികത്താനുള്ള നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്ന മുന്നറിയിപ്പുമായി എറണാകുളം-അങ്കമാലി അതിരൂപതാ അൽമായ മുന്നേറ്റം രംഗത്തെത്തിയത് സഭയ്ക്ക് മറ്റൊരു കുരുക്കായി. ജനുവരി ഏഴിന് തുടങ്ങുന്ന മെത്രാൻ സിനഡിനു മുമ്പ് തീരുമാനമുണ്ടാകുണമെന്ന് ആവശ്യപ്പെട്ട് അവർ സഭാ നേതൃത്വത്തിന് നിവേദനം നൽകിയിട്ടുമുണ്ട്. വത്തിക്കാൻ നിർദ്ദേശപ്രകാരം നിയോഗിച്ച ഇഞ്ചോടി കമ്മീഷന്റെ കണ്ടെത്തൽ 41.51 കോടിയുടെ നഷ്ടം ഭൂമിയിടപാടിൽ അതിരൂപയ്ക്കുണ്ടായി എന്നാണ്.