കഠ്വ; ശിക്ഷയില്‍ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍

Web Desk
Posted on June 10, 2019, 7:08 pm

പത്താന്‍കോട്ട്: രാജ്യം ഇളകിമറിഞ്ഞ  ക്ഠ്വക്കേസിലെ വിധിയില്‍ തൃപ്തിയില്ലാതെ പ്രോസിക്യൂഷന്‍.  ജമ്മു കാശ്മീരിലെ കഠ്വ യില്‍ എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മുന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവിനും കോടതി വിധിച്ചുവെങ്കിലും ശിക്ഷയില്‍ തൃപ്തരല്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച്‌ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ രണ്ട് കാരണങ്ങള്‍ പരിഗണിച്ച്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അതില്‍ പ്രധാനമായും പ്രതികള്‍ ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളി‍ല്‍ പ്രതികളായിട്ടില്ലെന്നായിരുന്നു. ഇതോടൊപ്പം ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എസ്‌.ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും വിധിച്ചു. പത്താന്‍കോട്ട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയെ വെറുതെ വിട്ടു. മുഖ്യപ്രതി സാഞ്ചിറാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്.

ജമ്മു കാശ്മീരിലെ കഠ്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.