June 7, 2023 Wednesday

മൈക്രോസോഫ്റ്റ് ചൂഷണത്തെ നേരിടാന്‍ നടപടികള്‍ അനിവാര്യം

Janayugom Webdesk
December 9, 2019 10:28 pm

ആഗോളീകരണത്തിന്റെയും നവഉദാരീകരണത്തിന്റെയും മുഖ്യ ചാലകശക്തിയാണ് വിവരസാങ്കേതിക വിദ്യാ അധിഷ്ഠിത ആഗോള കോര്‍പ്പറേറ്റുകള്‍. പാര്‍ലമെന്റുകള്‍ക്കും ഭരണകൂടങ്ങള്‍ക്കും അതീതമായ മൂലധന ശക്തികളായി അവ വളര്‍ന്നുകഴിഞ്ഞു. ഭരണകൂടങ്ങളും ഇതര മൂലധന സംരംഭങ്ങളും അവയുടെ നിയന്ത്രണത്തിലാണ്. ഉല്പാദനവും ഉല്പാദന ക്ഷമതയും ലാഭവും ലാഭത്തിന്റെ നിരന്തരമായ വര്‍ധനയും അവയുടെ ഭാവനകളെയും ഇഷ്ടാനിഷ്ടങ്ങളെയും ആശ്രയിച്ചിരിക്കുന്നു. തൊഴിലവസര സൃഷ്ടിയും തൊഴില്‍രാഹിത്യവളര്‍ച്ചയുമെല്ലാം നിയന്ത്രിക്കുന്നതും അവര്‍ തന്നെ. അവര്‍ സൂപ്പര്‍ മൂലധന ശക്തികള്‍ മാത്രമല്ല സൂപ്പര്‍ ഗവണ്‍മെന്റുകള്‍ തന്നെയെന്ന് അനുദിനം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ലോകമെങ്ങും പഴയ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും സ്ഥാനത്ത് പുതിയ പിസികളും ഒഎസുകളും പ്രതിഷ്ഠിക്കാന്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്ന നീക്കം. അതിന് അവര്‍ നിരത്തുന്ന പഠന റിപ്പോര്‍ട്ടുകളും ബിസിനസ് യുക്തിയും ഒരുപക്ഷെ അനിഷേധ്യമായിരിക്കും.

നാല് വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഒഎസുകളും ഉല്‍ല്പാദന ക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് അവര്‍ നിരത്തുന്ന പഠനങ്ങള്‍ പറയുന്നു. പഴയ സംവിധാനങ്ങള്‍ സുരക്ഷാ വെല്ലുവിളിയും ഐടി ഭീഷണികളും ഉയര്‍ത്തുന്നു. ഇതാവട്ടെ ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങള്‍ക്ക് ഒരുപോലെ ബാധകമാണെന്നും പഠനം വ്യക്തമാക്കുന്നു. അവയ്ക്കുള്ള പ്രതിവിധി പഴയ പിസികളും ഒഎസുകളും ഉപേക്ഷിച്ച് ഏറ്റവും പുതിയ സംവിധാനങ്ങളിലേക്ക് മാറുക എന്നതാണ്. അതിന് തങ്ങളുടെ ഏറ്റവും പുതിയ ഒഎസ് ‘വിന്‍ഡോസ് 10’ലേക്ക് മാറുകയാണ് വേണ്ടതെന്നും അവര്‍ ഉപഭോക്താക്കളെ ഉപദേശിക്കുന്നു. തങ്ങളുടെ തന്നെ പഴയ ഒ എസ് വില നല്‍കി വാങ്ങിയ ഉപഭോക്താക്കള്‍ക്ക് ഉണ്ടായ നഷ്ട്ത്തെപ്പറ്റി യാതൊരു ഖേദപ്രകടനത്തിനുപോലും മുതിരാതെയാണ് മൈക്രോസോഫ്റ്റിന്റെ സൗജന്യ ഉപദേശം. മൈക്രോസോഫ്റ്റ് അവരുടെ വിന്‍ഡോസ് ഏഴിനുള്ള പിന്തുണ അവസാനിപ്പിക്കുകയാണ്.

ബിസിനസ് സംരംഭങ്ങള്‍ അടക്കം കമ്പ്യൂട്ടര്‍ അധിഷ്ഠിത വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനരംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ വിന്‍ഡോസ് 10 ലേക്ക് കുടിയേറുകയെ നിവൃത്തിയുള്ളൂ. വിന്‍ഡോസ് ഏഴിന് അപ്ഡേറ്റുകളോ മറ്റ് സാങ്കേതിക പിന്തുണയോ ഇനിമേല്‍ ലഭിക്കില്ല. ലോകമെമ്പാടും മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്ന ശതകോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് മറ്റ് മാര്‍ഗമൊന്നും അവശേഷിക്കുന്നില്ല. വിന്‍ഡോസ് 10ന് ഇന്ത്യന്‍ വിപണിയില്‍ 7,999 രൂപ മുതല്‍ 14,999 രൂപവരെ വില നല്‍കേണ്ടിവരും. വന്‍ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മൂലധന ശക്തികള്‍ക്ക് അത് താങ്ങാനായേക്കും. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ ഏറ്റവും താഴെതലത്തിലുള്ള, സ്വയംതൊഴില്‍ സംരംഭകരടക്കം ലക്ഷക്കണക്കിന് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള അരങ്ങാണ് ഒരുങ്ങുന്നത്. അത് ലോകത്താകെ ശതകോടിക്കണക്കിന് തൊഴില്‍ സംരംഭങ്ങളെയായിരിക്കും പ്രതിസന്ധിയിലാക്കുക.

മൈക്രോസോഫ്റ്റിന്റെ ഈ പുതിയ പതിപ്പ് എത്രകാലം പ്രവര്‍ത്തനക്ഷമമായിരിക്കും? അത് എത്രത്തോളം സുരക്ഷാ വെല്ലുവിളികളെയും ഐടി ഭീഷണികളെയും പ്രതിരാേധിക്കാന്‍ പ്രാപ്തമാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും മൈക്രോസോഫ്റ്റ് മറുപടി നല്‍കുന്നില്ല. വിന്‍ഡോസ് 10 ഉപഭോക്താക്കളുടെ കൈവശമുള്ള പിസികളില്‍ പ്രവര്‍ത്തനക്ഷമമായിരിക്കില്ലെന്നും അവര്‍ സൂചന നല്‍കുന്നു. അതായത്, ഓരോ ഉപഭോക്താവും തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുയോജ്യമായ പിസികള്‍ക്കും വലിയ തുക നിക്ഷേപിക്കാന്‍ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്. ആധുനിക സാങ്കേതികവിദ്യകള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കാനാവില്ലെന്നിരിക്കെ ലോക ജനതയെയാകെ തങ്ങളുടെ ലാഭക്കൊതിക്ക് അടിമകളാക്കി മാറ്റുകയാണ് മൈക്രോസോഫ്റ്റ് എന്ന ആഗോള സോഫ്റ്റ്‌വേര്‍ ഭീമന്‍. ആഗോള സോഫ്റ്റ്‌വേര്‍ കുത്തകകള്‍ ലോകജനതയെ ആകെ ഇരകളാക്കി മാറ്റിയാണ് തങ്ങളുടെ കോര്‍പ്പറേറ്റ് സാമ്രാജ്യം പടുത്തുയര്‍ത്തുന്നത്.

ഇതിനെതിരെ ലോകവ്യാപകമായി പ്രതിരോധം ഉയര്‍ന്നുവരുന്നുണ്ട്. സമീപകാലത്ത് മാധ്യമരംഗത്ത് ചരിത്രത്തിലാദ്യമായി അച്ചടിപൂര്‍വ പ്രവൃത്തികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്ക് മാറ്റിയ ജനയുഗം പ്രായോഗിക തലത്തില്‍ ആ പ്രതിരോധത്തില്‍ പങ്കാളിയാവുകയായിരുന്നു. ഇത് ഏതെങ്കിലും ഒരു സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ ഒറ്റയ്ക്ക് ഏറ്റെടുക്കാവുന്ന വെല്ലുവിളി അല്ല. ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ഈ ചെറുത്തുനില്‍പ്പിന് നിര്‍ണായക പങ്കാണ് നിര്‍വഹിക്കാനുള്ളത്. സര്‍ക്കാരുകള്‍ അവരുടെ ഭരണനിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വേറിലേക്ക് മാറ്റാന്‍ തയാറാവണം. കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെ ആഗോള കോര്‍പ്പറേറ്റ് ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുക എന്നത് ജനതകളുടെ സ്വാതന്ത്ര്യവും അവരുടെ സമ്പത്തും സംരക്ഷിക്കുക എന്ന അടിസ്ഥാന രാഷ്ട്രീയ ദൗത്യമാണ്. കേരളം പല ഘട്ടങ്ങളിലായി ചില മുന്‍കൈകള്‍ക്ക് മുതിര്‍ന്നിട്ടുണ്ടെങ്കിലും ഈ രംഗത്ത് ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.