25 April 2024, Thursday

സര്‍ക്കാരിന്റെ ഇടപെടൽ ഫലംകണ്ടു നെല്ല് സംഭരണം അതിവേഗം

സരിത കൃഷ്ണൻ
കോട്ടയം
May 18, 2022 8:32 pm

കൊയ്ത്ത്, നെല്ല് സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും കൃഷി മന്ത്രി പി പ്രസാദും സംയുക്തമായി വിളിച്ചു ചേർത്ത യോഗത്തെ തുടർന്ന് നെല്ല് സംഭരണം അതിവേഗത്തിൽ പൂർത്തിയാവുന്നു. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ ഇതുവരെ കൊയ്ത നെല്ല് സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പാഡി മാർക്കറ്റിങ് ഓഫീസർമാരായ ബിനി, സ്മിത എന്നിവർ പറ‌ഞ്ഞു.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കൊയ്ത്ത്, നെല്ല് സംഭരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മാസം 13 നാണ് അടിയന്തര യോഗം വിളിച്ചത്. തുടർന്ന് ഉദ്യോഗസ്ഥതലത്തിലും മില്ലുടമകളുമായും നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്ന് സംഭരണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

1800 ഏക്കർ ചുറ്റളവിൽ ഉള്ള ജെ ബ്ലോക്ക് പാടശേഖരത്തിലെ നെല്ല് സംഭരണം ഉൾപ്പെടെയാണ് രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുക. കഴിഞ്ഞ മാസം 12 ന് ആണ് ഇവിടെ കൊയ്ത്ത് ആരംഭിച്ചത്. 28 ന് പൂർത്തിയാക്കി നെല്ല് സംഭരണം ആരംഭിച്ചു. ഒരു വശത്ത് കരയും മറുവശത്ത് കായലുമായി ചുറ്റപ്പെട്ട പാടത്ത് കരയോട് ചേർന്ന പ്രദേശത്തെ നെല്ല് സംഭരിച്ചുവെങ്കിലും കായലിനോട് ചേർന്നുള്ള കുറച്ചു ഭാഗത്തെ നെല്ല് മഴയിൽ നനഞ്ഞിരുന്നു.

എന്നാൽ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നെല്ല് സംഭരണം അടിയന്തരമായി പൂർത്തിയാക്കാൻ മില്ലുടമകളും തയാറായി. സംഭരിക്കാൻ കഴിയാതെ കിടന്ന 1310 ടണ്‍ നെല്ല് പാലക്കാട് നിന്നുള്‍പ്പെടെ എത്തിയ മില്ലുടമകൾ സംഭരിച്ചു. ഇനി 100 ടണ്ണിൽ താഴെ നെല്ല് മാത്രമാണ് ജെ ബ്ലോക്കിൽ നിന്നും സംഭരിക്കാനുള്ളത്. ഇന്നും നാളെയുമായി അതും പൂർത്തിയാക്കും.

ജില്ലയിൽ ഇതുവരെ 41,270 ടൺ നെല്ല് സംഭരിച്ചു കഴിഞ്ഞു. ഇനി സംഭരിക്കാൻ അവശേഷിക്കുന്നത് 700 ടണ്‍ മാത്രമാണ്. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ പാടത്ത് കൂട്ടിയിട്ട നെല്ല് നനയുകയും ഈർപ്പം പിടിക്കുകയും ചെയ്തു. ഇത് പൂർണമായും സംഭരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മില്ലുടമകൾ. ഈർപ്പം കൂടുതൽ ഉള്ള നെല്ല് സംഭരിച്ചാൽ അതിന് ആനുപാതികമായ പ്രോസസിങ് കപ്പാസിറ്റി ഇല്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ നെല്ല് സംഭരണം ഏകദേശം പൂർത്തിയാവുമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ പുലർച്ചെ മുതൽ പെയ്ത മഴയിൽ സംഭരണം തടസപ്പെട്ടു. പലയിടത്തും മില്ലിന്റെ പ്രതിനിധികളും വാഹനവും എത്തിയിരുന്നെങ്കിലും മഴ കനത്തതോടെ സംഭരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇന്നലെ മാത്രം 300 ടണ്‍ നെല്ല് സംഭരിക്കാൻ കഴിഞ്ഞതായി ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി. ഇനി 5000 ടണ്ണിൽ താഴെ നെല്ലാണ് കൊയ്യാനുള്ളത്. ജൂണ്‍ 10 നകം ഇതും സംഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Eng­lish summary;Procurement of pad­dy has accel­er­at­ed as a result of gov­ern­ment intervention

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.