റഹിം പനവൂർ

December 20, 2020, 6:50 am

പ്രൊഡക്ഷൻ കൺട്രോളര്‍ ഷാൻസി സലാം

Janayugom Online

റഹിം പനവൂർ

മലയാള സിനിമയിലെ ആദ്യ വനിതാ പ്രൊഡക്ഷൻ കൺട്രോളർ എന്ന സ്ഥാനം എറണാകുളം സ്വദേശിനി ഷാൻസി സലാമിന് സ്വന്തം. ചലച്ചിത്ര — സീരിയൽ — ഷോർട്ട് ഫിലിം അഭിനേത്രി, ഷോർട്ട് ഫിലിം സംവിധായിക, സാമൂഹ്യപ്രവർത്തക തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് ഷാൻസി. കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘സ്വപ്നസുന്ദരി’ എന്ന ചിത്രത്തിലൂടെയാണ് ഷാൻസി സലാം പ്രൊഡക്ഷൻ കൺട്രോളറായത്. അൽഫോൺസാ വിഷ്വൽ മീഡിയയുടെ ബാനറിൽ ഷാജു സി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണയവും സംഗീതവും ആക്ഷനും ചേർന്ന സിനിമയാണിത്.

രമ സജി സംവിധാനം ചെയ്യുന്ന ചിരാത് എന്ന സിനിമയിൽ നായക കഥാപാത്രത്തിന്റെ അമ്മയായി ഷാൻസി അഭിനയിച്ചിരുന്നു. കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമയാണിത്. ഈ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു സ്വന്തമായി ഒരു സിനിമ കൺട്രോൾ ചെയ്യണമെന്ന ആഗ്രഹമുണ്ടായതെന്ന് ഷാൻസി സലാം പറഞ്ഞു. സുഹൃത്തായ ഷാജു സി ജോർജ്ജിനെ ആഗ്രഹം അറിയിച്ചു. മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന ചെയർമാൻ കെ ജെ ഫിലിപ്പും കൺവീനർ സി ബി സുമേഷും ട്രഷറർ ഷാൻസി സലാമുമായുള്ള ചർച്ചയിൽ നിന്നാണ് ‘സ്വപ്ന സുന്ദരി’ എന്ന സിനിമ രൂപപ്പെടുന്നത്. ഛായാഗ്രാഹകൻ റോയിറ്റ പറഞ്ഞ കഥയിൽ നിന്നാണ് സിനിമയുടെ രചന ഉണ്ടായത്. സുഹൃത്തുക്കളുടെ പിന്തുണയോടെ ഷാൻസി പ്രൊഡക്ഷൻ കൺട്രോളർ എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു. ചെറിയ ബഡ്ജറ്റിൽ നി ർമിക്കുന്ന സിനിമയാണിതെങ്കിലും നല്ലൊരു സിനിമയാക്കാനുള്ള പരിശ്രമമാണ് ഷാൻസിയും കൂട്ടരും നടത്തുന്നത്.

നിരവധി പ്രത്യേകതകൾ ഈ ചിത്രത്തിനുണ്ടെന്ന് ഷാൻസി പറഞ്ഞു. ഡോ: രജിത് കുമാർ, ഡോ: ഷിനു ശ്യാമളൻ തുടങ്ങിയവർ ആദ്യമായി അഭിനയിക്കുന്ന സിനിമയാണിത്. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ നജിം അർഷാദും റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാൻഖാനും ഈ സിനിമയിൽ പാടുന്നുണ്ട്. ശിവജി ഗുരുവായൂർ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി തുടങ്ങിയവരും ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻസിയുടെ മകൻ മുഹമ്മദ് സാജിദ് സലാം ഈ സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. മോഡലും പുതുമുഖവുമായ ഷാരോൺ സഹിം ആണ് മുഹമ്മദ് സാജിദിന്റെ നായികയായി അഭിനയിക്കുന്നത്.

കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത കണ്ടെയ്ൻമെന്റ് സോൺ എന്ന ഷോർട്ട് ഫിലിമിലും ഷാൻസി പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ജോലി അല്പം പ്രയാസമുള്ളതാണെങ്കിലും അതിനെ ധൈര്യപൂർവ്വം ഏറ്റെടുത്ത് വിജയിപ്പിക്കുകയാണെന്ന് ഷാൻസി പറഞ്ഞു. ഒരു പ്രൊഡക്ഷൻ കൺട്രോളർ ചെയ്യേണ്ടുന്ന എല്ലാ ജോലികളും ഷാൻസി ഭംഗിയായി നടത്തുന്നുണ്ട്. സിനിയുടെ പല വിഭാഗങ്ങളിലും സ്ത്രീകളുണ്ടെങ്കിലും കൺട്രോളറായി വനിതകൾ കടന്നു വരുന്നില്ലെന്നും മലയാളത്തിലെ ആദ്യത്തെ വനിതാ പ്രൊഡക്ഷൻ കൺട്രോളറാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഷാൻസി പറഞ്ഞു. ഷാൻസി പ്രൊഡക്ഷൻ കൺട്രോളറാകുന്ന അടുത്ത ചിത്രം ‘പാഞ്ചാലി’ ആണ്.

‘ഗുരുശിഷ്യൻ’ എന്ന സിനിമയിലാണ് ഷാൻസി ആദ്യമായി അഭിനയിച്ചത്. ‘മാട്ടുപ്പെട്ടി മച്ചാൻ’, ‘മന്ത്രി മാളികയിൽ’ ‘മനസ്സമ്മതം’, ‘ബോഡിഗാർഡ്’, ‘നിറം’ തുടങ്ങി 25 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മറാവാതെ കൺമണി’ എന്ന തമിഴ് ചിത്രത്തിൽ ഉപനായികയായിരുന്നു.

‘പെറ്റമ്മ’ എന്ന ഷോർട്ട് ഫിലിം ഷാൻസി സംവിധാനം ചെയ്തിട്ടുണ്ട്. ആൾ കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന് സ്പെഷ്യൽ ജ്യൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സിനിമയോടൊപ്പം പൊതുപ്രവർത്തനത്തിലും ഷാൻസി സജീവമാണ്. സന്നദ്ധസംഘം എറണാകുളം ജില്ലാ കൺവീനർ സ്ഥാനം ഉൾപ്പെടെ നിരവധി സംഘടനകളുടെ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.