Web Desk

തിരുവനന്തപുരം:

June 14, 2020, 9:04 pm

കേരള നീം ജി ഇ ഓട്ടോയുടെ നിര്‍മ്മാണം ഊര്‍ജ്ജിതമായി

Janayugom Online

ലോക്ഡൗണിന് ശേഷം അസംസ്‌കൃതവസ്തുക്കള്‍ എത്തിയതോടെ കേരള നീം ജി ഇ ഓട്ടോയുടെ നിര്‍മ്മാണം ഊര്‍ജ്ജിതമായി. നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഓട്ടോയുടെ വില്പനയും ബുക്കിങ്ങും നേരത്തെ ആരംഭിച്ചിരുന്നു. ഓട്ടോയുടെ ബാറ്ററികള്‍ ചൈനയില്‍ നിന്നാണെത്തുന്നത്. മാര്‍ച്ചില്‍ ചൈനയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ബാറ്ററികള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കേരളത്തില്‍ എത്തിക്കാനായിരുന്നില്ല. ലോക്ഡൗണ്‍ ഇളവുകള്‍ വരികയും ചൈനയില്‍ സ്ഥിഗതികള്‍ ശാന്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ബാറ്ററിയുടെ വരവ് പുനരാരംഭിച്ചു. പ്രതിമാസം 200 ഓട്ടോകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പൂര്‍ണതോതില്‍ നിര്‍മ്മാണം നടത്താനായി അസംബ്ലി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്താകെ ഒമ്പതിന് വില്പനസേവന കേന്ദ്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ആറ്റിങ്ങല്‍, അടൂര്‍, ചിങ്ങവനം, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചു. വില്പന, സര്‍വീസ്, ചാര്‍ജ്ജിങ് ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചങ്ങനാശേരി, എറണാകുളം, മൂവാറ്റുപുഴ, തൃശൂര്‍, തിരൂര്‍ ഷോറൂമുകള്‍ ഉടന്‍ ആരംഭിക്കും. രാജ്യത്തിന് പുറത്ത് നേപ്പാളിലും ഉടന്‍ ഷോറൂം തുടങ്ങും. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ധാരണയായിട്ടുണ്ട്.

കോവിഡ് ഭീഷണി ഒഴിവാകുന്ന മുറയ്ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഷോറൂമുകള്‍ തുടങ്ങും. വില്പന കേന്ദ്രങ്ങള്‍ വഴിയും കമ്പനിയില്‍ നേരിട്ടും ബുക്കിങ് സ്വീകരിക്കും. 2017–18 സാമ്പത്തിക വര്‍ഷത്തില്‍ 80 ലക്ഷം രൂപ മാത്രം വിറ്റുവരവുണ്ടായിരുന്ന സ്ഥാപനം 2020–21 ല്‍ 25 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഇ ഓട്ടോയ്ക്ക് ആവശ്യമായ ബാറ്ററികള്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY: Pro­duc­tion of Ker­ala Neem GE Auto intensified

YOU MAY ALSO LIKE THIS VIDEO