ജയ്സൺ ജോസഫ്

കോട്ടയം

June 09, 2020, 8:32 pm

നിസ്സഹായതയുടെ കയത്തിൽ പ്രൊഫഷണൽ നാടകസംഘങ്ങൾ; നഷ്ടം അഞ്ചു കോടിയിലേറെ

Janayugom Online

കോവിഡ് 19നെ തുടർന്ന് ആഘോഷങ്ങൾ അകലേയ്ക്കു നീങ്ങിയപ്പോൾ നാടകസംഘങ്ങളും പ്രവർത്തകരും നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളിലാണ്ടു. കേരളത്തിൽ അറുപതിൽപ്പരം നാടക ട്രൂപ്പുകൾ ഇപ്പോൾ ഉണ്ട്. ഒരു നാടകം അരങ്ങിൽ എത്തണമെങ്കിൽ 10 ലക്ഷത്തിന് മുകളിൽ മുതൽമുടക്ക് വേണം. നാടകരചന, സംഗീതം, ഗാനരചന, രംഗപടം, അഭിനയിക്കുന്നവർ, സംവിധാനം, ഇതര സാങ്കേതിക വിദഗ്ധർ തുടങ്ങി നാടകം അണിയിച്ചൊരുക്കുന്ന അണിയറശില്പികൾ ഉൾപ്പെടെ മുപ്പതിൽപ്പരം കലാകാരന്മാരുടെ അധ്വാനവും വേണം. ഒരു വർഷം 150ന് മുകളിൽ വേദികളിൽ നാടകം അവതരിപ്പിച്ചെങ്കിൽ മാത്രമേ രണ്ടുവർഷംകൊണ്ട് ഒരു നാടകത്തിന്റെ മുടക്ക് മുതൽ തിരിച്ചു കിട്ടു. ബുക്കിംഗ് എണ്ണം കുറഞ്ഞാൽ നഷ്ടവും സംഭവിക്കും.

ഇത്രയും തന്നെ ആളുകളുടെ അധ്വാനം ഉണ്ട് ബാലേകൾക്കും നാടൻ പാട്ട്, ഗാനമേള, കഥാപ്രസംഗം, കഥകളി ഉൾപ്പെടെയുള്ള നിരവധി ക്ഷേത്രകലകൾക്കും. ഒരു ഉത്സവകാലം കൊണ്ട് ജീവിതം കോർക്കുന്നവരുടെ കണ്ണി മുപ്പത്തിഅയ്യായിരം ജീവിതങ്ങളിലൂടെ കടക്കുന്നു എന്നാണ് കണക്ക്. പരിപാടി ബുക്ക് ചെയ്യുന്ന ഏജൻസികൾ, ഉത്സവ ഫ്ലോട്ടുകൾ നടത്തുന്നവർ, പന്തലുകാർ, വെടിക്കെട്ടുകാർ, ഇതിനെല്ലാം ഉപയോഗിക്കുന്ന വാഹനങ്ങൾ, എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ആനകൾ, പാപ്പാന്മാർ, ഡ്രൈവർമാർ എന്നിങ്ങനെ കണ്ണികൾ ഇങ്ങനെ നീളുകയാണ്.

കോവിഡ് 19 മൂലം കഴിഞ്ഞ രണ്ടുമാസം ശരാശരി നാൽപതിൽ പരം പരിപാടികളാണ് സമിതികൾക്ക് നഷ്ടമായത്. അഞ്ചു കോടിയിൽപ്പരം രൂപയുടെ കലാപരിപാടികളാണ് ഇതിലൂടെ ഈ വർഷം നഷ്ടമായത്. മാർച്ച്-ഏപ്രിൽ മെയ് ഏറ്റവും നല്ല സീസൺ സമയത്ത് പരിപാടി അവതരിപ്പിച്ചു വേണം മുടക്കിയ ചിലവുമുഴുവൻ തിരിച്ചുപിടിക്കാൻ. ഈ സമയത്താണ് കൊവിഡ് 19മൂലം മുഴുവൻ പരിപാടികളും റദ്ദാക്കേണ്ടി വന്നിരിക്കുന്നത്. വായ്പയെടുത്തും പലരോടും കടംവാങ്ങിയും സ്വർണ്ണം പണയം വെച്ചും ആണ് ഓരോ നാടകവും അരങ്ങിൽ എത്തിച്ചിരിക്കുന്നത്. ലോക് ഡൗൺ തീരുന്നതിന് മുമ്പേ ഈ സീസണിലെ ഉത്സവകാലം അവസാനിച്ചിരിക്കുന്നു. അടുത്ത സീസണിലേക്ക് പുതിയ നാടകം വേണം. അത് അരങ്ങിൽ എത്തിക്കുവാൻ ഭാരിച്ച സാമ്പത്തിക വേണം. കടം വാങ്ങിയത് തിരിച്ച് കൊടുക്കുവാൻ പറ്റാത്തതും കോവിഡ് കാലത്ത് വീട്ടിൽ അടച്ചു പൂട്ടി ഇരിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ജീവിത ഭാരവും താങ്ങാനാവാത്ത അവസ്ഥയിലാണ്.

സംഗീത നാടക അക്കാദമിയുടെ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി നാടക സമിതികൾക്ക് 2 ലക്ഷം രൂപ വായ്പാ നൽകുവാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ് നാടക പ്രവർത്തകരുടെ ആവശ്യം. ഈ വായ്പാ തുക സംഗീത നാടക അക്കാദമി നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രതിവാര നാടക പരിപാടിയുടെ ഭാഗമായി തിരിച്ചുപിടിക്കാൻ കഴിയും. ഓരോ നാടക സമിതിക്കും എട്ടു നാടകം വീതം അവതരിപ്പിക്കാനുള്ള അരങ്ങുകൾ അക്കാദമി കൊടുത്താൽ വായ്പാ തുക അടഞ്ഞു തീരും. അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു നാടകത്തിന് 25000 രൂപ എന്ന നിരക്കിലാണ് ആണ് ഇപ്പോൾ പ്രതിഫലം നൽകിക്കൊണ്ടിരിക്കുന്നത്. ജൂൺ, ജൂലൈ മാസത്തിൽ വായ്പാ കൊടുത്താൽ ഫെബ്രുവരി മാർച്ച് മാസത്തിൽ നാടകം അവതരിപ്പിച്ച് വായ്പ തീരും. ഓരോ നാടക സമിതിയിലും പങ്കെടുക്കുന്ന 1 4ൽ പരം കലാകാരന്മാർക്ക് 5000 രൂപ വെച്ച് സമിതിയുടെ സംഘാടകർക്ക് കൊടുത്തു സഹായിക്കുവാനും സീസൺ സമയത്ത് അത് തിരിച്ചു പിടിക്കാനും അതിലൂടെ കേരളത്തിലെ മുഴുവൻ നാടക കലാകാരന്മാർക്ക് സഹായം നൽകുവാനും കഴിയുമെന്ന് നാടക പ്രവർത്തകൻ പ്രദീപ് മാളവിക പറഞ്ഞു.

ENGLISH SUMMARY:Professional the­ater groups are fac­ing help­less situation
You may also like this video