June 3, 2023 Saturday

Related news

February 5, 2023
December 22, 2022
December 12, 2022
December 3, 2022
November 7, 2022
July 24, 2022
June 8, 2022
June 6, 2022
February 5, 2022
December 28, 2021

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മുന്നേറ്റം

Janayugom Webdesk
തിരുവനന്തപുരം
November 7, 2022 9:45 pm

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റവുമായി വിവിധ പദ്ധതികള്‍. തലശേരി മലബാർ കാൻസർ സെന്ററിൽ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആർസിസിയിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയാണ് ഈ രണ്ട് കാൻസർ സെന്ററുകളിലും ഇവ യാഥാർത്ഥ്യമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംസ്ഥാനത്തെ കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ പോർട്ടൽ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളിൽ ജീവിതശൈലീ രോഗ സാധ്യതാ സ്ക്രീനിങ് നടത്തി. അതിൽ 2.60 ലക്ഷം ആളുകളെയാണ് ഈ പോർട്ടൽ വഴി കാൻസർ ക്ലിനിക്കൽ സ്ക്രീനിങ്ങിന് വിധേയമാക്കുന്നത്.
വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കാൻസർ ചികിത്സയാണ് എംസിസിയിൽ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാനിടയുള്ള ഈ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും കാഴ്ചയും ജീവനും നിലനിർത്താൻ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാർത്ഥ്യമാക്കിയത്. 

ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായി വിവിധ സർക്കാർ പദ്ധതികളിലൂടെ തീർത്തും സൗജന്യമായി സമഗ്ര ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്.
ലേസർ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നൽകുന്ന ചികിത്സയും ആവശ്യമായ സാഹചര്യങ്ങളിൽ കീമോതെറാപ്പി, റേഡിയേഷൻ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പി, ഇൻട്രാവിട്രിയൽ കീമോതെറാപ്പി, സബ്ടീനോൺ കീമോതെറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികൾ. 

എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്ന നാഡിയിലെയും കാൻസറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയിൽ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാൾ ആശുപത്രിയെയും മെഡിക്കൽ കോളജുകളെയും ആശ്രയിച്ചിരുന്ന രോഗികൾക്ക് ഏറെ ആശ്വാസം നൽകും. കുട്ടികൾക്കായുള്ള മജ്ജ മാറ്റിവയ്ക്കൽ ചികിത്സ, ലിംബ് സാൽവേജ് ശസ്ത്രക്രിയ, ബ്രെയിൻ ട്യൂമർ സർജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നീ സൗകര്യങ്ങളും എംസിസിയിൽ ലഭ്യമാണ്.
ആർസിസിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളുടെ ചികിത്സയ്ക്കാണ് ലുട്ടീഷ്യം ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റർ ഈ മാസം അവസാനം ആർസിസിയിൽ കമ്മിഷൻ ചെയ്യും. 

Eng­lish Sum­ma­ry: Progress in the field of can­cer treat­ment in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.