December 2, 2022 Friday

Related news

November 30, 2022
November 28, 2022
November 27, 2022
November 23, 2022
November 23, 2022
November 22, 2022
November 17, 2022
November 5, 2022
November 5, 2022
November 1, 2022

നിരോധനംകൊണ്ട് വര്‍ഗീയതയെ തടയാനാവില്ല

Janayugom Webdesk
September 29, 2022 5:00 am

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെയും അതിന്റെ എട്ട് മുന്നണി സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം രാഷ്ട്രീയ, മത, സാമൂഹിക മണ്ഡലങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ബിജെപിയും സംഘ്പരിവാർ ഉൾപ്പെടെ തീവ്രഹിന്ദുത്വ സംഘടനകളും നിരോധനത്തെ സ്വാഗതം ചെയ്യുക എന്നത് അവരുടെ സ്വാഭാവിക പ്രതികരണമായാണ് വിലയിരുത്തപ്പെടുക. പിഎഫ്ഐയെ നിരോധിക്കണമെന്ന ആവശ്യം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക സർക്കാരുകൾ ഉന്നയിച്ചിരുന്നതായി നിരോധനം സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 22 നും 27 നുമായി നടന്ന വ്യാപക തിരച്ചിലിലൂടെ സംഘടനയുമായി ബന്ധപ്പെട്ട 247 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐയുടെ പ്രവർത്തനരീതിയും അവർ സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും കൊലപാതകങ്ങളടക്കം ഭീകര പ്രവർത്തനങ്ങളും അതിനുവേണ്ടി നടത്തുന്ന ധനസമാഹരണവും ഒരു പരിഷ്കൃത, മതനിരപേക്ഷ സമൂഹത്തിനും അംഗീകരിക്കാൻ കഴിയുന്നവയല്ല. രാജ്യത്തെ നിയമങ്ങളെയും നിയമവാഴ്ചയെയും ചോദ്യം ചെയ്യുന്ന നടപടികൾ നിയമാനുസൃതം തടയേണ്ടതും അക്രമികളെ അമർച്ചചെയ്യേണ്ടതും സമൂഹത്തിൽ സമാധാന അന്തരീക്ഷവും ജനങ്ങൾക്കിടയിൽ സദ്ഭാവനയും നിലനിർത്താൻ അനിവാര്യമാണ്. എന്നാൽ അത്തരം നടപടികൾ പക്ഷപാതരഹിതവും എല്ലാവിഭാഗങ്ങൾക്കും ഒരുപോലെ ബാധകവും ബോധ്യപ്പെടുന്നവയും ആയിരിക്കണം.


ഇതുകൂടി വായിക്കൂ: യാഥാസ്ഥിതികതയ്ക്കു മറുപടി ബദല്‍ സംസ്കാരം


പിഎഫ്ഐ അടക്കം ന്യുനപക്ഷ മതവികാരത്തെ ചൂഷണംചെയ്ത് രൂപംകൊണ്ട സംഘടനകളുടെ ഉല്പത്തിക്ക് കാരണം രാജ്യത്ത് മതനിരപേക്ഷതയ്ക്കെതിരെ വളർന്നുവന്ന തീവ്ര വർഗീയ അന്തരീക്ഷമാണ്. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുകയും അതിന്റെ ആചാരമര്യാദകൾക്ക് അനുസൃതമായി ജീവിക്കുകയും ചെയ്യുന്ന വലിയൊരു ജനസഞ്ചയത്തെയാണ് ഇന്ത്യ ഉൾക്കൊള്ളുന്നത്. ആ യാഥാർത്ഥ്യം വിസ്മരിച്ച് ഭൂരിപക്ഷ മതത്തിന്റെ ആധിപത്യം ന്യൂനപക്ഷങ്ങളുടെമേൽ അടിച്ചേല്പി ക്കാനുള്ള ശ്രമത്തോടുള്ള പ്രതികരണമാണ് ന്യൂനപക്ഷ തീവ്രവാദമായി രൂപാന്തരം പ്രാപിക്കുന്നത്. ആർഎസ് എസ് നേതൃത്വം നൽകുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടും അവരുടെ ഹിംസാത്മകമായ പ്രവർത്തനരീതിയോടുമുള്ള പ്രതിരോധമാണ് പിഎഫ് ഐ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത്. ഭൂരിപക്ഷ തീവ്രവാദത്തെ ന്യൂനപക്ഷ തീവ്രവാദംകൊണ്ട് പ്രതിരോധിക്കാനുള്ള ഏതുശ്രമവും സമൂഹത്തിൽ അക്രമവും ഹിംസയും വളരാൻ മാത്രമേ സഹായിക്കൂ. അത് ദീർഘവീക്ഷണത്തോടെ കണ്ടുകൊണ്ടാണ് രാഷ്ട്രശില്പികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നായി മതനിരപേക്ഷതയെ ഭരണഘടനയുടെ അവിഭാജ്യ ഘടകമാക്കി മാറ്റിയത്. ആർഎസ്എസും ബിജെപിയും സംഘ്പരിവാറും മതനിരപേക്ഷ രാഷ്ട്രത്തിന്റെ സ്ഥാനത്ത് ഇന്ത്യയെ മതരാഷ്ട്രമാക്കി, ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. കേവലം ആശയപ്രചാരണത്തിലൂടെ മാത്രമല്ല സായുധ ആക്രമണത്തിലൂടെയും ഹിംസയിലൂടെയും ആ ലക്ഷ്യം കൈവരിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. പിഎഫ്ഐയും അതിൽനിന്നു വ്യത്യസ്തമല്ല. അവർ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഇരുവരുടെയും പ്രത്യയശാസ്ത്രം മതവർഗീയതയിൽ അധിഷ്ഠിതമാണ്. ഇരുവരുടെയും മാർഗം അക്രമത്തിന്റെയും ഹിംസയുടേതുമാണ്.


ഇതുകൂടി വായിക്കൂ:  തീവ്രഹിന്ദുത്വം വയറുനിറയ്ക്കില്ല


സ്വതന്ത്ര ഇന്ത്യയുടെ അഭിമാനകരമായ നേട്ടങ്ങൾക്ക് ഇരുണ്ട ഒരു മറുവശം കൂടിയുണ്ട്. അത് അരുംകൊലകളുടെയും കൂട്ടക്കൊലകളുടെയും വിനാശകരമായ വർഗീയകലാപങ്ങളുടെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരയാക്കപ്പെട്ട ഇന്ത്യയുടേതാണ്. ആ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയായാണ് രാഷ്ട്രപിതാവ് രക്തസാക്ഷിത്വം വരിച്ചത്. അതിന്റെ പേരിൽ രാജ്യത്ത് ആർഎസ്എസിന്റെ പ്രവർത്തനം നിരോധിക്കപ്പെട്ടു. ആർഎസ്എസ് ഒന്നല്ല മൂന്ന് തവണയാണ് നിരോധിക്കപ്പെട്ടത്. നിരോധനംകൊണ്ട് അവരുടെ വളർച്ച തടയാനായില്ല. നിരോധനംകൊണ്ടു ഫാസിസത്തെ എവിടെയും തടയാനായിട്ടില്ല. അത് പുതിയ രൂപത്തിലും ഭാവത്തിലും തിരികെവരുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. മതനിരപേക്ഷതയടക്കം ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു, സാമുഹികനീതിയിൽ ഊന്നിയുള്ള സാമ്പത്തിക വളർച്ചയിലൂടെ, വർഗീയതയ്ക്ക് വളരാനുള്ള ഭൗതിക സാഹചര്യങ്ങൾ തുടച്ചുമാറ്റുകവഴിയേ ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദമടക്കം ഫാസിസ്റ്റ് ആശയങ്ങളെയും, നിയമവാഴ്ച ഉറപ്പുവരുത്തി ഭീകര പ്രവർത്തനങ്ങളെയും നേരിടാനാവു. അതിനു തയാറാവാതെയുള്ള നിരോധനം അണികളുടെ കയ്യടി നേടാൻ മാത്രമുള്ള അർത്ഥശൂന്യമായ നടപടിയായി കാലം തെളിയിക്കും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.