24 April 2024, Wednesday

Related news

March 28, 2024
March 6, 2024
February 15, 2024
February 1, 2024
January 18, 2024
January 9, 2024
October 9, 2023
September 5, 2023
August 7, 2023
May 14, 2023

വീണ്ടും ജനദ്രോഹ നടപടികളുമായി ഭരണകൂടം; ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യവിപണനത്തിനും നിരോധനം

മണ്ണെണ്ണ വിതരണവും ഉപേക്ഷിക്കുന്നു
Janayugom Webdesk
June 24, 2022 9:42 pm

ലക്ഷദ്വീപിൽ വീണ്ടും ജനദ്രോഹ നടപടികളുമായി ഭരണകൂടം. പൊതുസ്ഥലങ്ങളിൽ മത്സ്യവിപണനം നിരോധിച്ചുകൊണ്ട് ഫിഷറീസ് ഡയറക്ടർ വി സന്തോഷ്കുമാർ റെഡ്ഡി ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതുപോലെ തന്നെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണയുടെ വില്പന ഈ മാസം അവസാനിപ്പിക്കും. ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭക്ഷ്യ പൊതുവിതരണവകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. ഈ മാസം 21 നാണ് രണ്ടു ഉത്തരവുകളും ഇറങ്ങിയിട്ടുള്ളത്. മത്സ്യവിപണനത്തിന് ദ്വീപുകളിൽ ലഭ്യമായ മത്സ്യമാർക്കറ്റുകൾ ഉപയോഗിക്കണമെന്നും റോഡുകളുടെ ഇരു വശങ്ങളിലും പ്രധാന ജംഗ്ഷനുകളിലും മത്സ്യം വിൽക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാക്കുമെന്നും പൊതുജനങ്ങൾക്ക് ബുന്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. 

2002ൽ ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയിരുന്നെങ്കിലും ജനങ്ങളുടെ ആവശ്യവും ദ്വീപിലെ സാഹചര്യവും കണക്കിലെടുത്ത് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. പുതിയ ഉത്തരവ് നടപ്പാക്കിയാൽ സാധാരണ മത്സ്യത്തൊഴിലാളികൾക്ക് ഏറെ ദുരിതമാകുമെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. പൊതു ഇടങ്ങളിൽ ഉത്തരവിന് വിരുദ്ധമായി മത്സ്യ വിപണനം നടക്കുന്നുണ്ടോയെന്ന് പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എൽപിസിസി പ്രതിനിധികളെ ഉൾപ്പെടുത്തി പരിശോധന നടത്തണം. ഒപ്പം പരിശോധനകൾ സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് കേന്ദ്രീകൃത നിരീക്ഷണത്തിനായി ഡയറക്ടറേറ്റിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

ലക്ഷദ്വീപിലെ റേഷൻകടകളിൽ ജൂലൈ ഒന്ന് മുതൽ മണ്ണെണ്ണ വിതരണം നിർത്തുമെന്നാണ് ഭരണകൂടം അറിയിച്ചിട്ടുള്ളത്. ദ്വീപിൽ മണ്ണെണ്ണരഹിത പദവി കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി, മത്സ്യബന്ധനത്തിനു പോകുന്ന ഔട്ട് ബോട്ട് എൻജിനുകളിൽ മണ്ണെണ്ണയാണ് ഉപയോഗിക്കുന്നത്. മണ്ണെണ്ണ കിട്ടാതാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധിയും പ്രതിസന്ധിയിലാകും. എല്ലാ ദ്വീപുകളിലും ഇതുവരെ പാചക വാതക കണക്ഷനും വൈദ്യുതി കണക്ഷനും എത്തിയിട്ടില്ല. ഗാർഹിക ആവശ്യത്തിനും വീടുകളിലും ഇവർ മണ്ണെണ്ണയെയാണ് ആശ്രയിക്കുന്നത്. ഇവരും കഷ്ടത്തിലാകും. നിലവിൽ 77 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണക്ക് ദ്വീപിലെ വില. അതുപോലെ ഗ്യാസ് സിലിണ്ടറിന് 1504 രൂപയുമാണ്. എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഗ്യാസ് കണക്ഷൻ എത്തിക്കുകയും സബ്സിഡി നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുന്നതിന് പകരം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് ജനങ്ങളെ ദ്രോഹിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് ദ്വീപ് നിവാസികൾ പറയുന്നു. 

അതേസമയം ലക്ഷദ്വീപിൽ നൂറുശതമാനം കുടുംബങ്ങളിലും പാചകവാതകവും വൈദ്യുതിയും എത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കാലാവസ്ഥ പ്രശ്നങ്ങളും സാങ്കേതിക പ്രശ്നങ്ങളും മൂലം എപ്പോഴും വൈദ്യുതി മുടങ്ങുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഈ സമയത്ത് മണ്ണെണ്ണ വിളക്കാണ് ദ്വീപ് ജനതയുടെ ഏക ആശ്രയം. അതിനാൽ മണ്ണെണ്ണ നിർത്തലാക്കുന്നത് ലക്ഷദ്വീപ് നിവാസികളെ കര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിരന്തരം ദ്വീപ് നിവാസികളെ പലതരത്തിൽ ദ്രോഹിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. 

Eng­lish Summary:Prohibition of fish mar­ket­ing in pub­lic places in Lakshadweep
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.