
പൗരാണിക കാലം മുതൽ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് മതപരിവർത്തനമെന്നിരിക്കെ രാഷ്ട്രീയമോ, സാമൂഹികമോ, ആത്മീയമോ ആയ കാരണങ്ങളാൽ ഇതര മതങ്ങളിലേക്ക് സംഘടിതമോ വ്യക്ത്യാധിഷ്ഠിതമോ ആയി നടക്കുന്ന പരിവർത്തനങ്ങളെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ദുരുപയോഗം ചെയ്യുന്ന ചില സംസ്ഥാന ഭരണകൂടങ്ങളുടെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. മധ്യപ്രദേശിൽ ആദിവാസികൾക്കിടയിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ തടയണമെന്ന ഹിന്ദു ദേശീയതാവാദികളുടെ ആവശ്യത്തെക്കുറിച്ച് പഠിക്കാൻ 1956ൽ സംസ്ഥാന സർക്കാർ നിയോഗിച്ച എം ബി നിയോഗി കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് വിവിധ കാലങ്ങളിൽ പല സംസ്ഥാനങ്ങളിൽ അവതരിപ്പിക്കപ്പെട്ട മതപരിവർത്തന നിരോധന നിയമം വർത്തമാന പശ്ചാത്തലത്തിൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരന്റെ ജനാധിപത്യ അവകാശങ്ങളുടെ കടക്കൽ കത്തിവച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
1923ൽ ഹിന്ദു മഹാസഭ സമ്മേളനത്തിൽ ദുർബലയായ ഹിന്ദു സ്ത്രീ — അക്രമിയായ മുസ്ലിം പുരുഷൻ എന്ന ദ്വന്ദ്വ നിർമ്മിതി അവതരിപ്പിക്കുകയും അനന്തരം ‘മുസ്ലിം മുല്ലമാർ രഹസ്യയോഗം ചേർന്ന് വലിയതോതിൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിനുവേണ്ടി അമ്പത് ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ടെന്നു‘മുള്ള ആരോപണം മദൻ മോഹൻ മാളവ്യ ഉന്നയിച്ചിരുന്നു. തുടർന്ന് ജനസംഖ്യയെക്കുറിച്ച് തങ്ങൾക്ക് ആകുലതയില്ലെന്നും മതപരിവർത്തനം നടത്തിയവരെ തിരിച്ചുകൊണ്ടുവരരുതെന്നും ആവശ്യപ്പെട്ട ശ്രോതാക്കളോട് അദ്ദേഹം പ്രതികരിച്ചത് “ഹിന്ദുയിസത്തിൽ ആളുകളെ മതപരിവർത്തനം നടത്താൻ അനുവദിക്കുകയും ഹിന്ദുയിസത്തിലേക്ക് പുനർ മതപരിവർത്തനം നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ ഭാവിയിൽ നമ്മുടെ അവസ്ഥ പരിതാപകരമാവു“മെന്നായിരുന്നു.
ഭരണഘടനയുടെ 25-ാം വകുപ്പനുസരിച്ച് ഏത് മതത്തിൽ വിശ്വസിക്കാനും, ക്രമസമാധാനത്തിനും സമൂഹത്തിന്റെ സുസ്ഥിതിക്കും വിഘാതം സൃഷ്ടിക്കാത്ത വിധത്തിൽ ആ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള അവകാശം പൗരന്മാർക്കുണ്ടെന്നിരിക്കെയാണ് ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷാവകുപ്പുകളോടെ രാജസ്ഥാൻ നിയമസഭയിൽ ഈയിടെ മതപരിവർത്തന നിരോധന നിയമം പാസാക്കപ്പെട്ടത്. മത പരിവർത്തനത്തിന് ആഗ്രഹിക്കുന്ന വ്യക്തികളും മതപരിവർത്തന പ്രക്രിയയ്ക്ക് കാർമ്മികരാകുന്ന വ്യക്തികളും ദിവസങ്ങൾക്കു മുമ്പ് ജില്ലാ മജിസ്ട്രേറ്റിനോ ജില്ലാ മജിസ്ട്രേറ്റ് ചുമതലപ്പെടുത്തിയാൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ അപേക്ഷ സമർപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ ഏഴ് വർഷം മുതൽ 14 വർഷം വരെ ജയിൽ ശിക്ഷയ്ക്കും മൂന്ന് മുതൽ അഞ്ച് ലക്ഷം വരെ കുറയാത്ത പിഴ ശിക്ഷയ്ക്കും കാരണമായേക്കാമെന്നുമുള്ള നിബന്ധനകൾ മനുഷ്യന്റെ മൗലികാവകാശങ്ങളിലേക്കാണ് കടന്നുകയറുന്നത്.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റിയ വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1967ൽ ഒറീസ ‘ഫ്രീഡം ഓഫ് റിലീജിയൻ ആക്ട്’ പാസാക്കിയതിന് ശേഷം നിലവിൽ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം നിലവിലുണ്ട്. ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും നിയമം കൊണ്ടുവരാനുള്ള ആലോചനയിലുമാണ്. ബഹുസ്വര സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് പലപ്പോഴും മതപരിവർത്തനവുമായി ബന്ധപ്പെട്ട ചർച്ചകൾ കടന്നു വരാറുള്ളത്.
ന്യൂനപക്ഷ സമുദായക്കാർ മുമ്പ്, ബലം പ്രയോഗിച്ചോ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകിയോ, നിയമ വിരുദ്ധ മാർഗങ്ങളിലൂടെയോ നിർബന്ധിത മതപരിവർത്തനം ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ ‘പഴയ വീട്ടിലേക്ക്’ തിരികെയെത്തിക്കാൻ ലക്ഷ്യംവച്ച് ഹിന്ദു ധർമ്മ ജാഗരൺ സമാജും ബജ്റംഗ്‌ദളും ചേർന്ന് നിരവധി അഹിന്ദു കുടുംബങ്ങളെ 2014 മുതൽ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചത്. മുഗൾ ഭരണകാലത്ത് ഇസ്ലാമിലേക്കും ബ്രിട്ടീഷ് ഭരണകാലത്ത് ക്രിസ്തുമതത്തിലേക്കും ഹൈന്ദവ സമൂഹം മതപരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്നതിനാൽ സനാതന ധർമ്മം ഉപേക്ഷിച്ചവരെയോ അവരുടെ അടുത്ത തലമുറയെയോ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദൗത്യം ‘സത്യാർത്ഥ പ്രകാശം’ എന്ന കൃതിയിലൂടെ ഉയർത്തിയ സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജത്തിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് പിൽക്കാലത്ത് ‘ഘർ വാപസി‘യെ സ്വന്തം ജാതിമത സ്വത്വത്തിലേക്കുള്ള തിരിച്ചു വരവായി സംഘ് പരിവാർ സംഘടനകൾ ഉദ്ഘോഷിച്ചത്.
‘വേദങ്ങളിലേക്കു മടങ്ങാ‘നുള്ള ആഹ്വാനം ശിരസാവഹിച്ച ദയാനന്ദ സരസ്വതിയുടെ അനുയായികളിൽ പ്രമുഖനായ സ്വാമി ശ്രദ്ധാനന്ദ സരസ്വതി 1923ൽ ഭാരതീയ ഹിന്ദു ശുദ്ധി മഹാസഭ സ്ഥാപിച്ചുകൊണ്ട് ഹിന്ദു ദേശീയത ഉല്പാദിപ്പിക്കുന്ന മതപരിവർത്തന ഭീതി രാജ്യത്താകമാനം വിതച്ചതും ഹിന്ദുത്വ വാദികളെ സ്വാധീനിച്ചിരുന്നു. ഇനി ‘ലൗ ജിഹാദ് ’ വിവാദത്തിലേക്ക് വന്നാൽ പ്രണയം അഭിനയിച്ച് മുസ്ലിം യുവാക്കൾ സംഘടിതമായി ഹൈന്ദവ — ക്രൈസ്തവ യുവതികളെ മതംമാറ്റി വിവാഹം ചെയ്യുന്നു എന്ന അത്യന്തം വിഷലിപ്തമായ ആരോപണം അതിവിദഗ്ധമായും ആസൂത്രിതമായും നടപ്പിലാക്കിയ മറ്റൊരു ഹീന പദ്ധതിയായിരുന്നു. ‘ലൗ ജിഹാദ്’ ഉണ്ടെന്ന് ഔദ്യോഗികമായി ഒരു സർക്കാരും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, 2010ൽ കേരള ഹൈക്കോടതിയും 2014ൽ ഉത്തർപ്രദേശ് കോടതിയും 2017ൽ സുപ്രീം കോടതിയും മതപരിവർത്തനം ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രണയങ്ങളും വിവാഹങ്ങളും ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കെ കേരളത്തിൽ പെൺകുട്ടികളെ ലക്ഷ്യമാക്കി ‘ലൗ ജിഹാദ്’ നടക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് പടച്ചുണ്ടാക്കിയ വ്യാജങ്ങൾക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല.
‘കേരള സ്റ്റോറി ‘എന്ന ചിത്രത്തിന്റെ ട്രെയിലറിൽ 32,000 പെൺകുട്ടികളെ കേരളത്തിൽ മതപരിവർത്തനം നടത്തി ഐസിസിൽ ചേർത്ത് സിറിയയിലും യെമനിലും എത്തിച്ചിട്ടുണ്ടെന്ന് ആരോപിച്ചതും വ്യാപകമായ പ്രതിഷേധമുയർന്നപ്പോൾ അതിൽ മാറ്റം വരുത്താൻ നിർബന്ധിതമായതും ഓർക്കുന്നുണ്ടാകും. അതോടൊപ്പം ലഹരി — മയക്കുമരുന്നുകളുടെ ഉപയോഗം ഏറിയും കുറഞ്ഞും എല്ലാ സമുദായങ്ങളിലുമുണ്ടെന്നിരിക്കെ ലഹരി ഉപയോഗത്തിനും വിപണനത്തിനും തീവ്രവാദ സ്വഭാവം നൽകുക വഴി സമൂഹത്തിൽ മതവിദ്വേഷവും വർഗീയ ചേരിതിരിവും സൃഷ്ടിച്ചുകൊണ്ടുള്ള മതപരിവർത്തന ആരോപണവും പരസ്യ പ്രതികരണമായി പുറപ്പെട്ടത് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളിൽ നിന്നായിരുന്നുവെന്നോർക്കണം.
പാർട്ടി ഓഫിസുകളിലും പത്രം ഓഫിസുകളിലും പാർട്ടി നേതാക്കന്മാരുടെ പിൻബലത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിങ്ങൾക്ക് വിവാഹം കഴിച്ചു കൊടുക്കുകയാണെന്നും ഹിന്ദു മതവിശ്വാസികൾ മുസ്ലിമിനെ വിവാഹം കഴിച്ചാൽ മാത്രമേ ഭാരതീയ സംസ്കാരവും മത നിരപേക്ഷതയും മതേതരത്വവും സ്ഥാപിതമാവുകയുള്ളൂ എന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നതെന്നുമുള്ള മത നേതാവിന്റെ പ്രസ്താവനയും കേരളീയ മത സാമൂഹ്യ മണ്ഡലങ്ങളിൽ സൃഷ്ടിച്ച അസ്വസ്ഥതകൾ ചെറുതായിരുന്നില്ല. ചുരുക്കത്തിൽ വൈവിധ്യങ്ങളായ ഭൗതിക പ്രത്യയശാസ്ത്രങ്ങളും വിവിധ തരം ചിന്താധാരകളും നിലനിൽക്കുന്ന സമൂഹത്തിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാഖ്യാനങ്ങളിലൂടെയും ആരോപണ- പ്രത്യാരോപണങ്ങളിലൂടെയും പരസ്പരം പഴിചാരി കൗശലക്കാരനായ പ്രതിയോഗിക്ക് വളം നൽകുന്ന സമീപനം പലരും അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്നു എന്നതാണ് വസ്തുത.
വഞ്ചനയിലൂടെയും ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും പ്രലോഭനങ്ങളിലൂടെയും ആളുകളെ നിയമവിരുദ്ധമായി പരിവർത്തനം ചെയ്യുന്നുണ്ടെങ്കിൽ പ്രസ്തുത വിഷയത്തിൽ ഭരണകൂടവും പൊതുസമൂഹവും തികഞ്ഞ ജാഗ്രത കാണിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിരാകരിക്കാനും മനസിന് യുക്തിഭദ്രമെന്ന് തോന്നുന്ന വിശ്വാസം വച്ചുപുലർത്താനുമുള്ള സ്വാതന്ത്ര്യം ഭരണ ഘടന നൽകുന്ന മൗലികാവകാശമാണെന്നിരിക്കെ, നിർബന്ധിത മതപരിവർത്തനമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ട് പലപ്പോഴും പൗരൻമാർക്ക് ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല.
നിയമത്തെ പല വിധത്തിൽ വളച്ചൊടിച്ച് തങ്ങളുടെ അജണ്ടകൾക്കനുസൃതമായി രൂപപ്പെടുത്താനും നിരപരാധികളെ പ്രതിക്കൂട്ടിൽ നിർത്താനുമുള്ള കുത്സിത ശ്രമത്തെ കരുതിയിരിക്കേണ്ടതുണ്ട്. മതപരിവർത്തനത്തിന് ബാഹ്യ പ്രേരണകളോ പ്രലോഭനങ്ങളോ മറ്റു ദുരൂഹതകളോ ഉണ്ടായിട്ടില്ലെന്ന് ഭരണകൂടം തീർപ്പുകല്പിക്കുന്ന സ്ഥിതി വിശേഷം ന്യൂനപക്ഷ വിരുദ്ധതയെ രാഷ്ട്രീയമായി അവതരിപ്പിക്കുന്ന സംഘ്പരിവാറിന് തങ്ങളുടെ ഹിഡൻ അജണ്ട നടപ്പാക്കാൻ കൂടുതൽ സഹായകരമാകും എന്ന കാര്യത്തിലും തർക്കമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.