Wednesday
20 Mar 2019

ആദിവാസി ഊരുകളില്‍ നേരിട്ട് റേഷന്‍ എത്തിക്കുന്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

By: Web Desk | Saturday 31 March 2018 10:07 PM IST


പി എസ് രശ്മി

തിരുവനന്തപുരം: ആദിവാസി ഊരുകളില്‍ പട്ടിണി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. ആദിവാസി മേഖലയില്‍ വീടുകളില്‍ നേരിട്ട് റേഷന്‍ എത്തിച്ച് നല്‍കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ നടപ്പിലാക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്.പദ്ധതിയുടെ രൂപരേഖ തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ റേഷനുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ആദിവാസികള്‍ക്കിടയില്‍ ഇവ പൂര്‍ണതോതില്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ആദിവാസി ഊരുകളില്‍ നേരിട്ട് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റേഷന്‍ കടകളില്‍ നിന്നും ഏറെ ദൂരെയായിരിക്കും ആദിവാസി ഊരുകള്‍ എന്നതിനാല്‍ പലപ്പോഴും അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവരിലേക്കെത്തുന്നില്ല. ചിലയിടങ്ങൡ ആദിവാസിമേഖലയില്‍ നിന്ന് റേഷന്‍കടകള്‍ 25 കിലോമീറ്റര്‍ വരെ അകലെയാണ് . അതുകൊണ്ട്തന്നെ പലപ്പോഴും ഇവര്‍ക്ക് റേഷന്‍സാധനങ്ങള്‍ കൃത്യസമയങ്ങൡ ലഭിക്കാറുമില്ല. അതിനാല്‍ ദുര്‍ഘടമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആദിവാസികള്‍ക്ക് വാഹനങ്ങളില്‍ അവരുടെ വീടുകളില്‍ അരിയും മറ്റ് ഭക്ഷ്യവിഭവങ്ങളും എത്തിക്കുന്നതാണ് പദ്ധതി. വനം വകുപ്പിന്റെ വാഹനങ്ങളിലായിരിക്കും ഇവ ആദിവാസികളുടെ വീടുകളിലേക്ക് എത്തിക്കുക. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങിയവ മാസത്തില്‍ രണ്ട് തവണ വീതം ആദിവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ എത്തിക്കും.റേഷനിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും ഇവ എത്തിക്കുക. ആദിവാസി ഊരിലെ കൂടുതല്‍ വീടുകള്‍ ഉള്ള കേന്ദ്രത്തിലാവും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുക.അവിടെ നിന്ന് ഓരോ വീട്ടുകാര്‍ക്കും കൃത്യമായി ഇവ നല്‍കും.വീടുകളുടെ എണ്ണമനുസരിച്ച് ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കേണ്ട കേന്ദ്രങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.

ഒല്ലൂരില്‍ കെ രാജന്‍ എംഎല്‍എ മുന്‍കൈയെടുത്ത് കഴിഞ്ഞ എട്ട് മാസമായി പദ്ധതി വിജയകരമായി നടപ്പിലാക്കിവരികയാണ്. ഒല്ലൂരില ഒളകര,മണിയംകിണര്‍, താമരവെള്ളച്ചാല്‍ എന്നീ ഊരുകളില്‍ നടപ്പിലാക്കിയ പദ്ധതി ആദിവാസികള്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. ഒല്ലൂരില്‍ പദ്ധതി വിജയകരമായതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തില്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഒല്ലൂരിലെ പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ തന്നെ പദ്ധതി സംസ്ഥാനവ്യാപകമാക്കി നടപ്പാക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പ്രഖ്യാപിച്ചിരുന്നു. ഉടന്‍ തന്നെ അട്ടപ്പാടി,വയനാട് ഉള്‍പ്പടെയുള്ള ആദിവാസിമേഖലകളില്‍ പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഏഴായിരത്തിലേറെ ഊരുകളില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട ആലോചനായോഗവും കഴിഞ്ഞ ദിവസം നടന്നു. ബന്ധപ്പെട്ട വകുപ്പുകളോട് കൃത്യമായ റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം സമര്‍പ്പിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആദിവാസികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ധാന്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കും. ആദിവാസികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന റാഗി,ചാമ തുടങ്ങിയ ധാന്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കും. കൂടാതെ ആദിവാസികളുടെ ക്ഷേമത്തിനായുള്ള മുടങ്ങിക്കിടക്കുന്ന ക്ഷേമപദ്ധതികളെല്ലാം പുനരാരംഭിക്കാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ആദിവാസികള്‍ക്ക് 200 ദിവസമെങ്കിലും ജോലി ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അവകാശങ്ങളെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങളെക്കുറിച്ചുമുള്ള അവബോധക്കുറവ് ആദിവാസിവിഭാഗങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുവെന്ന തിരിച്ചറിവില്‍ സംസ്ഥാന സാക്ഷരതാ മിഷനും ഇവര്‍ക്കായി സാമൂഹ്യസാക്ഷരതാപരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തെ ആനൂകൂല്യങ്ങള്‍ പറ്റുന്നവരായല്ല മറിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

Related News