വാഗ്ദാനം ചെയ്ത പദ്ധതികള്‍ നിഷേധിച്ച് കേന്ദ്രത്തിന്റെ പകപോക്കല്‍

Web Desk
Posted on December 08, 2018, 10:55 pm

ബേബി ആലുവ
കൊച്ചി: കേരളത്തിനു വാഗ്ദാനം ചെയ്ത ചില പദ്ധതികള്‍ പിന്‍വലിച്ചും ചില പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചും കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ വീണ്ടും. തിരുവനന്തപുരത്ത് ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്ര സര്‍വകലാശാല, കൊച്ചിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജ് എന്നീ വാഗ്ദാനങ്ങളില്‍ നിന്നാണ് അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
രാജ്യത്തെ രണ്ടര കോടിയിലേറെ ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനം കിട്ടുംവിധം, ദേശീയ തലത്തില്‍ ശ്രദ്ധേയമായ തിരുവനന്തപുരത്തെ ആക്കുളത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അടുത്തിടെയാണ് കേന്ദ്രം വ്യക്തമാക്കിയത്.നാഷണല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡിസെബിലിറ്റി സ്റ്റഡീസ് എന്ന പേരില്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നിഷിനെ ഉയര്‍ത്തുമെന്ന് 2015ലെ കേന്ദ്ര ബജറ്റിലായിരുന്നു പ്രഖ്യാപനം.എന്നാല്‍ ഇതേ പേരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും സ്ഥാപനം തുടങ്ങാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. സി പി ഐ യുടെ രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ്, നിഷ് കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന മുന്‍ തീരുമാനം അട്ടിമറിക്കപ്പെട്ട വിവരം അറിയിച്ചത്.
നിഷിനെ സര്‍വകലാശാലയാക്കാനെന്ന പേരില്‍ മുന്‍ യു ഡി എഫ് സര്‍ക്കാര്‍ ചില നടപടികള്‍ കൈക്കൊള്ളുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര ബജറ്റ് പ്രഖ്യാപനം വന്നതോടെ, മുടക്കു കാശ് ലാഭമായി കണക്കു കൂട്ടിയ യു ഡി എഫ് സര്‍ക്കാര്‍ പദ്ധതി മടക്കിക്കെട്ടി. പിന്നീട് സ്ഥാപനത്തിന്റെ ഭാവിയെക്കുറച്ചുള്ള അന്വേഷണങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല. ഒടുവിലാണ് ബിനോയ് വിശ്വം വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതും കേന്ദ്രത്തിന്റെ ഉള്ളിലിരുപ്പ് സാമൂഹ്യക്ഷേമ മന്ത്രിയിലൂടെ പുറത്തു വന്നതും.
രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലം മുതല്‍ കേരളത്തെ കുരങ്ങ് കളിപ്പിക്കാന്‍ വാഗ്ദാനം ചെയ്ത പദ്ധതിയാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്).തുടര്‍ന്ന് അധികാരത്തില്‍ വന്ന നരേന്ദ്ര മോഡി സര്‍ക്കാരും വാഗ്ദാനം പലവട്ടം ആവര്‍ത്തിക്കുകയും പിന്നീട് പിന്‍മാറുകയും ചെയ്തു. ഈയിടെയാണ്, എയിംസിനു പകരമായി കേരളത്തിന് രാജ്യാന്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജ് എന്ന പ്രഖ്യാപനമുണ്ടായത്. മേജര്‍ തുറമുഖങ്ങളിലൊന്നായ കൊച്ചി തുറമുഖത്തെ പോര്‍ട്ട് ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു ഭാഗ്യമുദിച്ചു എന്ന മട്ടിലായിരുന്നു പ്രചാരണങ്ങള്‍.
മികച്ച രീതിയില്‍ കായംകുളത്തെ ശ്രീകൃഷ്ണപുരത്തു പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലാണ് ഒടുവിലായി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കണ്ണ്. നാളികേര കൃഷിയുടെ പുരോഗതി ലക്ഷ്യം വച്ചുള്ള ഗവേഷണങ്ങള്‍ക്കും മറ്റുമായി 1937ല്‍ കൊല്ലത്ത് പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രമാണ് പിന്നീട് ശ്രീകൃഷ്ണപുരത്തേക്കു മാറ്റിയത്.കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന ഈ പ്രാദേശിക സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ അറിയാതെ അടച്ചുപൂട്ടാനായിരുന്നു നീക്കം. ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്‍ദ്ദമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്ഥാപനം അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്നു വ്യക്തമാക്കി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിനും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ സി എ ആര്‍ ) ഡയറക്ടര്‍ ഡോ. ത്രിലോചന്‍ മഹാപാത്രയ്ക്കും കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, അങ്ങനെയൊരു ആലോചനയില്ലെന്നും സ്ഥാപനത്തിന് എല്ലാവിധ പിന്തുണയും തുടര്‍ന്നു നല്‍കുമെന്നും ഇരുകൂട്ടരും മന്ത്രി സുനില്‍കുമാറിനെ അറിയിക്കുകയുണ്ടായി. രേഖാമൂലമുള്ള ഉറപ്പ് ഉടനെ നല്‍കുമെന്നും വ്യക്തമാക്കി. അപ്പോഴും, സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജിന്റെയും നിഷിന്റെയും എയിംസിന്റെയും ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ ഉറപ്പ് എത്രത്തോളം വിശ്വാസത്തിലെടുക്കാം എന്ന സന്ദേഹം ബാക്കി നില്‍ക്കുന്നു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസനപദ്ധതി, പ്രധാനമന്ത്രിയുടെ സൗജന്യ പാചക വാതകപദ്ധതി, കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി, പ്രധാനമന്ത്രി പ്രത്യേകം നിരീക്ഷിക്കുന്നതെന്നു കൊട്ടിഘോഷിച്ച ശബരി റയില്‍ പദ്ധതി, കേരളത്തിലെ റയില്‍വേയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ ഇങ്ങനെ, പാതി വഴിയില്‍ കേന്ദ്രം ഉഴപ്പിയതും ഫണ്ട് വെട്ടിക്കുറച്ചതും വെള്ളം ചേര്‍ത്തതുമായ പദ്ധതികള്‍ വേറെയുമുണ്ട്.