29 March 2024, Friday

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായ പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

Janayugom Webdesk
July 5, 2022 9:38 pm

പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി ഗോപിനാഥന്‍ നായർ (100) അന്തരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കുട്ടിക്കാലത്ത് ഗാന്ധിജി കേരളത്തിലെത്തിയപ്പോൾ അടുത്തു നിന്നു കാണുകയും അദ്ദേഹത്തിന്റെ ആദർശങ്ങളെ ജീവിതത്തിൽ പകർത്തുകയും ചെയ്താണ് പി ഗോപിനാഥൻ നായർ ഗാന്ധിമാർഗത്തിലെത്തിയത്.
ഗാന്ധിജിയുടെ വേർപാടിനു ശേഷം സർവ സേവാ സംഘത്തിലും അഖിലേന്ത്യാ സർവോദയ സംഘടനയിലും അദ്ദേഹം കർമസമിതി അംഗമായി. കെ. കേളപ്പൻ അധ്യക്ഷനും ഗോപിനാഥൻ നായർ സെക്രട്ടറിയുമായാണ് ആദ്യകാല പ്രവർത്തനങ്ങൾ നടത്തിയത്.

ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായി പ്രവർത്തിച്ചുവെന്നതും എടുത്തു പറയേണ്ടതാണ്. ആചാര്യ വിനോബാജിയുടെ ഭൂദാന പ്രസ്ഥാനങ്ങളിൽ ശ്രമദാന പ്രസ്ഥാനം കേരളത്തിൽ പരീക്ഷിച്ചു. 2016ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിരാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായർ. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ വ്യക്തിയായിരുന്നു. ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമ.
ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് എന്നും വറ്റാത്ത പ്രചോദനം നൽകി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഗോപിനാഥനായരുടെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Eng­lish Sum­ma­ry: Promi­nent Gand­hi­an and free­dom fight­er P Gopinathan Nair passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.