ന്യൂഡൽഹി: പ്രമുഖ സാമൂഹിക പ്രവർത്തകനും ആര്യസമാജ പണ്ഡിതനുമായിരുന്ന സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്നലെ രാത്രി ന്യൂഡൽഹിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 സെപ്റ്റംബർ 21 ന് ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തായിരുന്നു സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും വാണിജ്യ ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളജിൽ ബിസ്സിനസ്സ് മാനേജ്മെന്റിൽ അധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലെത്തി. അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു.
1970 ൽ ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വച്ച് രൂപീകരിച്ചു. 1977 ൽ ഹരിയാനയിലെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. ബന്ധിമുക്തി മോർച്ചയുടെ അധ്യക്ഷൻ, ഇന്റർനാഷണൽ കമ്മിഷൻ ഓഫ് ജൂറിസ്റ്റിന്റെ പ്രതിനിധി, ഇന്റർനാഷണൽ ആന്റിസ്ലേവറി സൊസൈറ്റി പ്രതിനിധി തുടങ്ങിയ ചുമതലകളും വഹിച്ചു. വേദിക സോഷ്യലിസം, റിലീജിയൺ റെവല്യൂഷൺ ആന്റ് മാർക്സിസം, വത്സൻ തമ്പുവുമായി ചേർന്നെഴുതിയ “ഹാർവസ്റ്റ് ഓഫ് ഹൈറ്റ്: ഗുജറാത്ത് അണ്ടർ സീജ്”, ഹിന്ദുയിസം ഇൻ ന്യൂ ഏജ് തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചു.
ആന്റിസ്ലേവറി പുരസ്കാരം-ലണ്ടൻ (1990) ഫ്രീഡം ആന്റ് റൈറ്റ്സ് അവാർഡ്-സ്വിറ്റ്സർലന്റ് (1994) രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം-ഡൽഹി (2004) റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് (2004) എം എ തോമസ് നാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം(2006) എന്നിവയ്ക്കും അർഹനായി.
English summary: human rights activist Swami Agnivesh has passed away.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.