October 3, 2022 Monday

കോവിഡ് കാലത്ത് ഇല്ലാത്ത ഓഫറിന്റെ പേരിൽ നാട്ടുകാരെ പിഴിയുന്ന പ്രമുഖ സൂപ്പർ മാർക്കറ്റ്‌— വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

Janayugom Webdesk
തിരുവനന്തപുരം
September 29, 2020 9:48 am

കോവിഡ് കാലത്ത് ജനങ്ങളെ കമ്പളിപ്പിക്കുന്ന ഓഫറുമായി രംഗത്ത് എത്തുകയാണ്  പ്രമുഖ സൂപ്പർ മാർക്കറ്റ്‌. അധിക പണം വാങ്ങി ജനങ്ങളെ ഓഫറിന്റെ പേരില്‍ പിഴിയുന്ന കടകള്‍ക്ക് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് സെയിദ് ഷിയാസ് മിര്‍സ എന്ന യുവാവ്. വൈറലായി ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം കാണാം.

രാമചന്ദ്രന്റെ ഈഞ്ചക്കലിലെ ബൈപാസ് റോഡിനരികിലെ മുട്ടത്തറയിൽ സ്ഥിതി ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും ഈ മാസം 24നു, അതായതു മൂന്ന് ദിവസം മുന്നേ ഏതാനും സാധനങ്ങൾ വാങ്ങാൻ ഞാൻ കയറുകയുണ്ടായി, അപ്പോൾ ഒരു സ്റ്റീൽ സ്റ്റൂൾ 790 രൂപ വിലയുള്ളത് 499 രൂപയ്ക്കു ഓഫറിൽ വില്പനക്ക് വച്ചിരിക്കുന്നത് കണ്ടു, തരക്കേടില്ലാത്ത ഒരു ഓഫർ ആയതിനാൽ അതിൽ നിന്നും ഒരെണ്ണം വാങ്ങി. അതോടൊപ്പം അല്ലറ ചില്ലറ വീട്ടു സാധനങ്ങളും വാങ്ങി.കൗണ്ടറിൽ നിന്ന പെൺകുട്ടി ബില്ലടിച്ച ശേഷം പറഞ്ഞ തുക നൽകി സാധനവുമായി ഞാൻ ഉടനെ വീട്ടിലേക്കു മടങ്ങി. കൊറോണ ആയതിനാൽ കൂടുതൽ നേരം അവിടെ നിന്നുതിരിയാതെ സ്ഥലംവിടുകഎന്ന ലക്ഷ്യം മാത്രമുണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധനക്കൊന്നും നിന്നില്ല എന്നതായിരുന്നു സത്യം.

എന്നാൽ വീട്ടിലെത്തി ബില്ലെടുത്തു പരിശോധിച്ചപ്പോളാണ് പറ്റിയ അമളി മനസ്സിലായത്. ഓഫറിൽ വാങ്ങിയെന്ന് കരുതിയ സ്റ്റൂളിന് 499 രൂപയ്ക്കു പകരം ബില്ലിൽ രേഖപെടുത്തിയിരിക്കുന്ന വില 790 രൂപ. ഇതുകണ്ടയുടനെ ബില്ലിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞപ്പോൾ, ബില്ലുമായി വരാൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങൾ അവധിയായതിനാൽ ഇന്നാണ് അവിടെ എത്താൻ സാധിച്ചത്.

സൂപ്പർ മാർക്കറ്റിൽ ചെന്നയുടനെ അന്ന് ബില്ലുചെയ്ത പെൺകുട്ടിയോട് തന്നെ കാര്യം പറഞ്ഞപ്പോൾ, സ്ടൂളുകൾ വിൽപ്പനക്കായി വച്ചിരിക്കുന്ന സ്ഥലത്തേക്ക് എന്നെ കൊണ്ട് പോയി. അപ്പോഴും വമ്പിച്ച ഓഫറിന്റെ വർണപകിട്ടുള്ള ബോർഡ്‌ ആ സ്റ്റൂളുകൾക്ക് മുകളിലായി വെച്ചിട്ടുണ്ടായിരുന്നു. ഓഫറുള്ള സാധനത്തിനു മുഴുവൻ തുക ഈടാക്കിയതെന്തിനെന്നു ചോദിച്ചപ്പോൾ “സാർ സാധനം വാങ്ങുന്നതിനു മുൻപ് തന്നെ ആ ഓഫർ കഴിഞ്ഞു പോയി, പക്ഷെ ബോർഡ്‌ എടുത്തു മാറ്റാൻ ഞങ്ങൾ മറന്നു പോയിതാണ്” എന്നാണ് അവർ പറഞ്ഞത്. അതായതു കഴിഞ്ഞ ഒരാഴ്ചയായി ഇല്ലാത്ത ഓഫർ ബോർഡും വെച്ച് നാട്ടുകാരെ പറ്റിക്കുകയായിരുന്നു രാമചന്ദ്രൻ മുതലാളിയും കൂട്ടരും.

അധികമായി ഈടാക്കിയ പൈസ തരാൻ പറ്റില്ല എന്നും വേണമെങ്കിൽ ആ വിലക്കുള്ള ഫ്രൂട്ട്സ്‌,വെജിറ്റബ്ൾസ് എന്നിവയിൽ നിന്നും ആവശ്യമുള്ളത് എടുക്കാൻ പറയുകയുണ്ടായി. എന്നാൽ എനിക്ക് ബാക്കി തുക നൽകിയാൽ മതി എന്ന് പറഞ്ഞപ്പോൾ നൽകാൻ സാധിക്കില്ല എന്ന രീതിയിൽ സൂപ്പർവൈസരായ സ്ത്രീ ഘോര ഘോര വാദിക്കുകയും മിനിറ്റുകളോളം മുട്ട് ന്യായം എഴുന്നള്ളിക്കുകയും ചെയ്തു.പൈസ കിട്ടാതെ ഞാൻ പോകില്ല എന്ന രീതിയിൽ ഉറക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ കൗണ്ടറിൽ നിന്നും 290 രൂപയെടുത്തു തന്നു എത്രയും വേഗത്തിൽ എന്നെ ഒഴിവാക്കാനായി പിന്നീട് അവരുടെ ശ്രമം.

അധ്വാനിച്ചുണ്ടാകുന്ന പൈസ ഒരു മുതലാളിയുടെയും കീശയിൽ കൊണ്ടുപോയി വെറുത തിരുകി കൊടുക്കാൻ താല്പര്യമില്ലാതെ; തരുന്ന ബില്ലും വാങ്ങി ചോദിക്കുന്ന കാശും കൊടുത്തു വീട്ടിലേക്കു പോകാത്തവർക്കു ഈ പോസ്റ്റു ഉപകാരപ്പെടുമെന്ന് കരുതിയാണ് ഇത് ഷെയർ ചെയുന്നത്.

ENGLISH SUMMARY:Prominent super­mar­ket squeez­ing locals for an offer that was not avail­able dur­ing the covid era‌
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.