6 October 2024, Sunday
KSFE Galaxy Chits Banner 2

വിപണി ഇടപെടലിനെതിരെ കുപ്രചരണങ്ങൾ

Janayugom Webdesk
September 9, 2024 5:00 am

സംസ്ഥാനത്ത് ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് ഇത്തവണയും വിപുലമായ സജ്ജീകരണങ്ങളാണ് എൽഡിഎഫ് സർക്കാർ ഒരുക്കിയത്. വിപണിയിടപെടലിന്റെ എക്കാലത്തെയും മാതൃകയായ സപ്ലൈകോ വിപുലമായ ശൃംഖലയാണ് ആരംഭിച്ചത്. 14 ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക ഓണച്ചന്തകൾ പ്രവർത്തനമാരംഭിച്ചു. ഇവയ്ക്കൊപ്പം എല്ലാ സപ്ലൈകോ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ നടത്തുന്നുണ്ട്. 14വരെ തുടരുന്ന ഈ സംവിധാനങ്ങളിൽ വില കുറച്ച് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഇതിനുപുറമേ സഹകരണ വകുപ്പിന് കീഴിൽ കൺസ്യൂമർഫെഡും വിവിധ സഹകരണ സ്ഥാപനങ്ങളും പ്രത്യേകമായി സൂപ്പർമാർക്കറ്റുകളും ഓണച്ചന്തകളും ആരംഭിച്ചു. കൃഷി വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും കുടുംബശ്രീയും ന്യായമായ നിരക്കിൽ പച്ചക്കറി വിതരണത്തിനുള്ള സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്. എഎവൈ കാർഡ് ഉടമകളായ ആറ് ലക്ഷം കുടുംബങ്ങൾക്കും അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് നൽകുന്നതിനും നടപടിയായി. ഈ വിധത്തിൽ വിപണിയിൽ ഉണ്ടാകാനിടയുള്ള വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള ബൃഹത്തായ സംവിധാനങ്ങൾക്കാണ് എൽഡിഎഫ് സർക്കാർ രൂപം നൽകി, ആരംഭിച്ചിരിക്കുന്നത്. എന്നാൽ പതിവുപോലെ ഈ സംവിധാനങ്ങളെ അടച്ചാക്ഷേപിക്കാനും സമ്പൂർണ പരാജയമാണെന്ന് സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ഒരുകൂട്ടം മാധ്യമങ്ങളും പ്രതിപക്ഷവും ആരംഭിച്ചിരിക്കുകയാണ്. 

2016ൽ മുൻ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്ന വേളയിൽ 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന വാഗ്ദാനം നൽകിയതിന്റെ മറവിലും ഇടയ്ക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ ചില സാധനങ്ങൾ ലഭ്യമാകാതെ പോയ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കുപ്രചരണങ്ങൾ നടത്തുന്നത്. 13 സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന വാഗ്ദാനം മുൻ എൽഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷവും 2021ൽ വീണ്ടും അധികാരത്തിലെത്തിയ സർക്കാരിന് രണ്ടുവർഷത്തിലധികവും പാലിക്കാനായി എന്ന വസ്തുത മറച്ചുവച്ചാണ് ഈ പ്രചരണങ്ങൾ. ഏഴുവർഷത്തിനിടെ രാജ്യത്തുണ്ടായ വൻ വിലവർധന കേന്ദ്ര സർക്കാരും സാമ്പത്തിക വിദഗ്ധരും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ ഏഴ് വർഷവും വലിയ സാമ്പത്തിക ബാധ്യത സ്വയം ഏറ്റെടുത്ത് 13 സബ്സിഡി സാധനങ്ങളുടെ വിലവർധിപ്പിക്കില്ലെന്ന വാഗ്ദാനം അക്ഷരംപ്രതി നടപ്പിലാക്കുകയായിരുന്നു സർക്കാർ ചെയ്തത്. തീരെ നിർവാഹമില്ലാതെ വന്നപ്പോഴായിരുന്നു നേരിയ തോതിലുള്ള പരിഷ്കരണം നടത്തുന്നതിന് നിർബന്ധിതമായത്. വിപണിവിലയിൽ കുറവുണ്ടാകുന്നതിനനുസരിച്ച് സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുന്ന സമീപനവും സപ്ലൈകോ സ്വീകരിക്കുന്നുണ്ട്. നിലവിലുള്ള വിലനിലവാരം പരിശോധിച്ചാൽ തന്നെ വിപണി വിലയും സർക്കാർ സംവിധാനങ്ങളിലെ വിലയും തമ്മിലുള്ള വ്യത്യാസം വ്യക്തമാകും. 

പൊതുവിപണിയിൽ കിലോയ്ക്ക് 120 രൂപയുള്ള ചെറുപയർ 90, 140 രൂപയുളള ഉഴുന്ന് 95, 110 രൂപയുള്ള വൻകടല 69, 112 രൂപയുളള വൻപയർ 75, 180 രൂപയുളള തുവരപ്പരിപ്പ് 115, 44 രൂപയുള്ള പഞ്ചസാര 33 രൂപ വീതം ഈടാക്കിയാണ് സപ്ലൈകോ നൽകുന്നത്. പൊതുവിപണിയിൽ 184 രൂപയുളള മുളക് അരക്കിലോ 73നും, 117 വിലയുള്ള മല്ലി 39 രൂപയ്ക്കും വിതരണം ചെയ്യുന്നു. കിലോയ്ക്ക് 45 രൂപ വിലയുളള ജയ, കുറുവ, മട്ട അരി യഥാക്രമം 29, 33 രൂപയ്ക്കാണ് ലഭിക്കുന്നത്. 38 രൂപയുള്ള പച്ചരി 26 രൂപയ്ക്കും നൽകുന്നു. 10 കിലോ അരിയുടെ ശരാശരി വിപണി വില 432.50 രൂപയാണെങ്കിൽ സപ്ലൈകോയിൽ അത് 302.50 രൂപയാണ്. പൊതുവിപണിയിൽ 90 രൂപയുള്ള വെളിച്ചെണ്ണ അരലിറ്ററിന് 55 രൂപയാണ് ഈടാക്കുന്നത്. സബ്സിഡി സാധനങ്ങളുടെ സപ്ലൈകോയിലെ വില 946.50 രൂപയാണെങ്കിൽ പൊതുവിപണിയിൽ 1529.50 രൂപയാണെന്നതും കാണണം. 580 രൂപയുടെ വ്യത്യാസം ഇതിൽ മാത്രം ഉപഭോക്താവിന് നേടാനാകുന്നു. ശബരി, മറ്റ് എഫ്എംസിജി, മിൽമ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവയ്ക്കും 10 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. 200ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വലിയ വിലവ്യത്യാസമുണ്ട്. ശബരി സിഗ്നേച്ചർ കിറ്റ്, ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫർ എന്നിവ വഴി കൂടുതൽ വിലക്കുറവിനുള്ള അവസരങ്ങളുമുണ്ട്. ഇതേരീതിയിൽ തന്നെയാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകളും പ്രവർത്തിക്കുന്നത്. അതേസമയം പ്രാദേശികമായി പ്രവർത്തിക്കുന്ന ചില ചന്തകളിലും മറ്റും അവശ്യ സാധനങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്നുവെന്ന പരാതി ഉയരുന്നുണ്ട്. അത് യഥാസമയം പരിഹരിക്കുന്നതിനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുമുണ്ട്. എങ്കിലും ചെറിയ പരാതികൾ പോലും പ്രതിപക്ഷവും മറ്റും സർക്കാരിനെതിരായ പ്രചരണത്തിനുപയോഗിക്കുമെന്ന് കരുതിയുള്ള ജാഗ്രത അനിവാര്യമാണ്. അതുപോലെതന്നെ വിവിധ വകുപ്പുകളുടെ ഓണച്ചന്തകളിൽ നിലനിൽക്കുന്നുവെന്ന് ഉന്നയിക്കപ്പെടുന്ന വില വ്യത്യാസം പരിഹരിക്കുന്നതിനും നടപടിയുണ്ടാകണം. സർക്കാർ ഒരുക്കുന്ന വിപുലവും ശക്തവുമായ ഈ സംവിധാനങ്ങൾ വിപണിയിൽ കൊള്ളലാഭം നേടാനാഗ്രഹിക്കുന്നവരെ തടയിടുന്നതിന് സഹായിക്കുമെന്നുറപ്പാണ്. ഇത് മനസിലാക്കിയ ഗൂഢശക്തികൾ സർക്കാർ വിപണന സംവിധാനങ്ങൾക്കെതിരെ ബോധപൂർവം പ്രചരണം നടത്തുന്നു എന്നാണ് കരുതേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.