പ്രായം ചെന്ന പുരുഷന്മാരിലെ പ്രോസ്റ്റേറ്റിന്റെ ആരോഗ്യം: ബോധവല്‍ക്കരണവും ചികിത്സയും ആവശ്യമെന്ന് വിദഗ്ധര്‍

Web Desk

കൊച്ചി

Posted on September 15, 2020, 7:14 pm

പ്രായക്കൂടുതലുള്ള പുരുഷന്മാരുടെ ജനസംഖ്യ അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയിലുള്ള ഇന്ത്യയില്‍ ഈ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക് സാധാരണ കണ്ടുവരുന്ന രോഗങ്ങളായ ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, തിമിരം തുടങ്ങിയവയെപ്പറ്റി പൊതുവില്‍ അറിവുണ്ടെങ്കിലും ഇക്കൂട്ടത്തിലെ മറ്റൊരു വില്ലനായ ബിനൈന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ അഥവാ ബിപിഎച്ചിനെപ്പറ്റി (പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അതിവികസനം) വേണ്ടത്ര അവബോധമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മൂത്രം പോകുന്നതിനുള്ള തടസമാണ് ഇതിന്റെ പ്രധാന ലക്ഷണം.

പകല്‍ കൂടെക്കൂടെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രം ഒഴിക്കുവാന്‍ വേണ്ടി രാത്രി പലതവണ ഉറക്കം ഉണരല്‍, മൂത്രം ഒഴിച്ചു തുടങ്ങാന്‍ വിഷമം, ദുര്‍ബലമായ അല്ലെങ്കില്‍ നിര്‍ത്തിയും വീണ്ടും തുടങ്ങിയുമുള്ള മൂത്രത്തിന്റെ ഒഴുക്ക്, മൂത്രം മുഴുവനായി മൂത്രാശയത്തില്‍ നിന്നും ഒഴിച്ചു കളയാന്‍ സാധിക്കാതിരിക്കല്‍ തുടങ്ങിയ ബുദ്ധിമുട്ടുകളും ബിപിഎച്ച് ഉള്ളവരില്‍ കാണപ്പെടുമെന്നുണ്ട്. 40 വയസ്സിനുമേല്‍ പ്രായമുള്ള പുരുഷന്മാരില്‍ ഏകദ്ദേശം 65% ആളുകള്‍ക്കും കണ്ടുവരുന്ന ഈ രോഗത്തെപ്പറ്റി മറ്റുള്ളവര്‍ക്ക് മാത്രമല്ല രോഗിക്കും അറിവു കുറവാണെന്നതാണ് കാര്യങ്ങളെ സങ്കീര്‍ണമാക്കുന്നതെന്ന് മൂത്രാശയ വിദഗ്ധര്‍ വിശദീകരിക്കുന്നു. ഇത്തരം രോഗികളില്‍ ഭൂരിപക്ഷം പേരും അവര്‍ക്ക് അനുഭവപ്പെടുന്ന ഈ രോഗലക്ഷണങ്ങള്‍ പ്രായമാകുന്നതിന്റെ അനന്തര ഫലങ്ങള്‍ മാത്രമായി കാണുന്നുവെന്നാണ് വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റായ ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ് പറയുന്നു.

വീട്ടിലെ മുതിര്‍ന്നവരുടെ അനുഭവങ്ങളും മഴയും തണുപ്പുമുള്ള വെള്ളം കൂടുതല്‍ കുടിക്കുന്നതും മറ്റുമാണ് ഈ ലക്ഷണങ്ങള്‍ക്കു പിന്നിലെന്ന് വിചാരിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് രോഗികളിലേറെപ്പേരുമെന്നും ഡോ. ഡാറ്റ്‌സണ്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ഈ ലക്ഷണങ്ങളെ നിശബ്ദം സഹിച്ച് ഒടുവില്‍ രോഗസ്ഥിതി വഷളാകുകയും സങ്കീര്‍ണതകള്‍ ഉടലെടുക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ ഡോക്ടറെ സമീപിക്കുന്നതെന്നാണ് പൊതുവില്‍ കണ്ടുവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

‘ബിപിഎച്ച് മൂലം ഭുരിതമനുഭവിക്കുന്ന രോഗികള്‍ എവിടെപോയാലും ആദ്യം അന്വേഷിക്കുന്നത് വാഷ്‌റൂം (ശൗചാലയം) ആയിരിക്കും. പുറത്ത് പോകുന്നതിന് മുമ്പ് അല്ലെങ്കില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് എപ്പോഴും മൂത്രമൊഴിക്കല്‍, ആവശ്യമായ അളവില്‍ വെള്ളം കുടിക്കാതിരിക്കല്‍, ജോലിക്കോ വിനോദത്തിനോ ആയാലുംപുറത്ത് പോകാന്‍ മടി കാണിക്കല്‍, ദൂരയാത്രകള്‍ പോകാന്‍ വിസമ്മതിക്കല്‍ തുടങ്ങിയവ ഇവരുടെ പൊതുസ്വഭാവമാണ്. ഉടനെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍, അറിയാതെ മൂത്രം പോയി ഉടുവസ്ത്രങ്ങള്‍ മലിനമാകല്‍ തുടങ്ങിയ നാണിപ്പിക്കുന്ന അനുഭവങ്ങള്‍ കാരണമാണ് ഈ ഉള്‍വലിയല്‍ ഉണ്ടാകുന്നത്,” ഡോ. ഡാറ്റ്‌സണ്‍ പറയുന്നു.

ഇതിനും പുറമേ, ഈ അസുഖത്തിന് ചികിത്സിക്കാതിരുന്നാല്‍ ഇടയ്ക്കിടെ മൂത്രം കെട്ടിനില്‍ക്കല്‍, മൂത്രം പോകാതിരിക്കല്‍ മൂലമുള്ള വേദന, മൂത്രനാളിയിലെ അണുബാധ, മൂത്രത്തില്‍ ചോര, കല്ലുുകള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയും പിടിപെടാം. ഇത് കൂടുതല്‍ രോഗജന്യ അസ്വസ്ഥതകള്‍ക്കും ശസ്ത്രക്രിയയ്ക്കും മറ്റും വേണ്ടി വരുന്ന അധിക ചെലവുകള്‍ക്കും കാരണമാകുന്നു. പലപ്പോഴും ശസ്ത്രക്രിയ വഴി രോഗശമനം സാധിക്കാതെ വരികയും ജീവിതകാലം മുഴവന്‍ കത്തീറ്റര്‍ ഇടുകയും ഡയാലിസിസ് നടത്തുകയും വേണ്ടി വന്നേക്കാമെന്നതാണ് ഈ അവസ്ഥയില്‍ അനിവാര്യമാകുന്നതെന്നും വിദഗ്ധര്‍ ചൂ്ണ്ടിക്കാണിക്കുന്നു.

ഈ രോഗാവസ്ഥയെ പറ്റിയും ലഭ്യമായ ചികിത്സ രീതികളെ പറ്റിയും അവബോധം സൃഷ്ടിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. എത്ര പ്രായമായ പുരുഷനും പ്രായമാകുന്ന പ്രക്രിയയുടെ ഭാഗമായി പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഒഴിച്ചുകൂടാനാവാത്തതും ചികിത്സ ഇല്ലാത്തതുമായ ഒരു സാധാരണ കാര്യമായി അംഗീകരിക്കേണ്ടതില്ല എന്നതാണ് പ്രധാനം. ഈ പശ്ചാത്തലത്തിലാണ് സെപ്തബര്‍ മാസം പ്രോസ്റ്റേറ്റ് ആരോഗ്യ ബോധവത്കരണ മാസമായി ആചരിക്കുന്നത്. പ്രോസ്റ്റേറ്റ് ബോധവത്കരണവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് രൂപം നല്‍കിയിട്ടുള്ള www.whatarelief.in എന്ന വെബ്‌സൈറ്റിലൂടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

ENGLISH SUMMARY:Prostate health in old­er men: experts say aware­ness and treat­ment are need­ed
You may also like this video