Saturday
19 Oct 2019

വായനാസംസ്‌കാരം സംരക്ഷിക്കുക, വളര്‍ത്തുക

By: Web Desk | Tuesday 18 June 2019 8:36 AM IST


അഡ്വ. പി അപ്പുക്കുട്ടന്‍

കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം സമാനതകളില്ലാത്ത ഒരു ജനകീയ സാംസ്‌കാരിക പ്രസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത് അതു നിര്‍വ്വഹിച്ച സാമൂഹ്യധര്‍മങ്ങളുടെ പേരില്‍ തന്നെയാണ്. എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തിന് അക്ഷരവെളിച്ചം നല്‍കി മുന്നോട്ട് നയിച്ച ഈപ്രസ്ഥാനത്തെ കേരളീയ സമൂഹം ഒരിക്കലും മറക്കില്ല. വായിച്ചുവളരുക എന്ന സന്ദേശമാണ് സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനം തുടക്കംമുതല്‍ മുന്നോട്ടുവച്ചത്.

1937 ല്‍ കെ കേളപ്പനും, കെ ദാമോദരനും, മധുരവനം ക്യഷ്ണകുറുപ്പും മുന്‍കൈയെടുത്ത് മലബാര്‍ വായനശാല സംഘം രൂപീകരിക്കുകയും 1943 ല്‍ അത് കേരള ഗ്രന്ഥാലയസംഘമായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെങ്കിലും അവരുദ്ദേശിച്ചതുപോലെ പ്രസ്ഥാനത്തിന് തുടരാനും പടരാനും കഴിഞ്ഞില്ല. 1945 ല്‍ പി എന്‍ പണിക്കര്‍ മുന്‍കൈയെടുത്ത് അമ്പലപ്പുഴയില്‍ രൂപീകരിച്ച അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘത്തിനാണ് കേരള ഗ്രന്ഥശാല സംഘത്തിന്റെ പൂര്‍വ്വരൂപമാകാനുളള ചരിത്രഭാഗ്യം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനം 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 14,15 തീയതികളില്‍ തിരുവനന്തപുരത്ത് ജൂബിലിആഘോഷത്തിന്റെ ഉദ്ഘാടനവും തുടര്‍ന്ന് സംസ്ഥാനത്ത് 75 കേന്ദ്രങ്ങളില്‍ താലൂക്ക്തല ആഘോഷങ്ങളും വിപുലമായ ജനപങ്കാളിത്തത്തോടെ നടത്തുവാന്‍ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. 1945 ല്‍ 47 ഗ്രന്ഥശാലകളുമായി ആരംഭിച്ച ഈ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ 8613 ഗ്രന്ഥശാലകള്‍ അംഗങ്ങളാണ്. പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലെ വായനാപക്ഷാചരണം വായനോത്സവമാക്കി മാറ്റുവാന്‍ വിപുലമായ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുളളത് കേരള ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളും ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് കേരളത്തില്‍ ഈ വര്‍ഷം വായനാപക്ഷം ആചരിക്കുന്നത്. തിരുവനന്തപുരത്തെ എസ് വി എം മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ 19 ന് മുഖ്യമന്ത്രി പ്രിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും .ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീല്‍ ചടങ്ങില്‍ അധ്യക്ഷതവഹിക്കും.
ജൂണ്‍ 19 ന് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകസ്ഥാനീയനായ പി എന്‍ പണിക്കര്‍ സ്മരണയില്‍ ആരംഭിച്ച്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി തുടങ്ങുകയും പിന്‍ഗാമിയായി ലൈബ്രറി കൗണ്‍സിലിന്റെ ആദ്യ പത്തുവര്‍ഷങ്ങള്‍ നയിക്കുകയും ചെയ്ത ഐ വി ദാസിന്റെ സ്മരണയില്‍ ജൂലൈ 7 ന് വായനാപക്ഷം സമാപിക്കും.

നമ്മുടെ വായനശാലകളിലും വിദ്യാലയങ്ങളിലും ഇതിനിടയിലുളള ദിവസങ്ങളില്‍ പുസ്തകങ്ങളിലേക്ക് ആബാലവ്യദ്ധം ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിട്ടുളളത്. ഇത്തവണ കോളജ് വിദ്യാര്‍ഥികളെയും വായനാപക്ഷാചരണത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 1 ന് പി കേശവദേവിന്റെ ഓര്‍മ്മദിനത്തില്‍ ‘ഓടയില്‍ നിന്ന്’ എന്ന ക്യതിയെ അവലംബിച്ചും ജൂലൈ 5 ന് വൈക്കം മുഹമ്മദ്ബഷീറിന്റെ ഓര്‍മ്മദിനത്തില്‍ ‘ബാല്യകാലസഖി’യെ മുന്‍നിര്‍ത്തിയും കോളജുകളിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റുകളുടെ മുന്‍കൈയില്‍ ചര്‍ച്ച സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ വായനാമത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങള്‍ വായനാപക്ഷാചരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും.
വനിതാവേദികളുടെ ആഭിമുഖ്യത്തില്‍ വായനശാലകളില്‍ വനിതകളുടെ വായനാകൂട്ടായ്മയും യു പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എഴുത്തുപെട്ടികളുടെ ഉദ്ഘാടനവും പുസ്തകപ്രദര്‍ശനങ്ങളും വായനാപക്ഷത്തിലെ വിവിധ ദിവസങ്ങളിലെ പരിപാടികളാണ്.
എവിടെയും തലയുയര്‍ത്തി പിടിക്കാന്‍ കഴിയുന്ന മലയാളിയുടെ സമ്പന്നമായ വായനാസംസ്‌കാരം സംരക്ഷിക്കുകയും വളര്‍ത്തുകയുമാണ് വായനാപക്ഷ പരിപാടികള്‍ വഴി ലൈബ്രറി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമൊരു വായനാസര്‍വ്വെക്കുകൂടി പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ലൈബ്രറി കൗണ്‍സില്‍ തയ്യാറെടുക്കുകയാണ്. വായനയുടെ രംഗത്തുളള അനാരോഗ്യ പ്രവണതകളെ കണ്ടെത്താനും വായന കൂടുതല്‍ ജനകീയവും സര്‍ഗ്ഗാത്മകവുമാക്കി മാറ്റാനും സര്‍വ്വെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം. വായനയുടെ ഒരു പുതുവസന്തം സ്യഷ്ടിക്കാന്‍ വായനാപക്ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍