ഗംഗാനദിയുടെ സംരക്ഷണത്തിന് പുതിയ സേന

Web Desk
Posted on November 08, 2019, 10:28 pm

ന്യൂഡൽഹി: ഗംഗാനദിയുടെ സംരക്ഷണത്തിനെന്ന പേരിൽ പുതിയ സേനയെ രൂപീകരിക്കാനൊരുങ്ങി മോഡി സർക്കാർ. ഗംഗാ പ്രൊട്ടക്ഷൻ കോർപ്സ് എന്ന പേരിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് പുതിയ സേന രൂപീകരിക്കുന്നത്. ഗംഗാ നദിയിൽ മാലിന്യം ഒഴുക്കി വിടുന്നവർക്കെതിരെ കനത്ത പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ക്രോഡീകരിക്കാനാണ് മോഡി സർക്കാരിന്റെ തീരുമാനം. നാഷണൽ റിവർ ഗംഗാ ( പ്രൊട്ടക്ഷൻ ആന്റ് മാനേജുമെന്റ്) ബിൽ 2019 ൽ ഉൾപ്പെടുത്തിയാണ് പുതിയ തീരുമാനം. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് മോഡി സർക്കാരിന്റെ നീക്കം.
ബില്ലിന്റെ കരട് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് അയച്ചുകൊടുത്തതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ ആദ്യവാരം ചേരുന്ന മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകും. ഗംഗാനദി മലിനമാക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള നിയമങ്ങളും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. അനധികൃത മണൽ ഖനനം, കരിങ്കൽ ക്വാറികളുടെ പ്രവർത്തനങ്ങൾ, ഭൂഗർഭജലം ചൂഷണം ചെയ്യുന്നത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒരു കോടിരൂപവരെ പിഴ ചുമത്താനുള്ള വകുപ്പുകൾ എന്നിവ പുതിയ ബില്ലിലുണ്ട്. അനധികൃതമായി മണ്ണിടിക്കുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷയും 25,000 രൂപ പിഴയുമാണ് നിർദ്ദിഷ്ട ബിൽ വ്യവസ്ഥ ചെയ്യുന്നത്.