Web Desk

തിരുവനന്തപുരം

February 09, 2021, 7:57 pm

കൗമാരപ്രായക്കാരുടെ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

Janayugom Online

പത്തു വയസ്സ് മുതല്‍ 20 വയസ്സ് വരെയുള്ള പ്രായമാണ് കൗമാരപ്രായമായി കണക്കാക്കുന്നത്. കൗമാരം മാനസികവും ശാരീരികവുമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ്. ഈ മാറ്റങ്ങള്‍ പെട്ടെന്നുണ്ടാകുന്നത് കൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. ചെറിയ കുട്ടി പറയുന്നതു പോലെ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളും ഒരു കൗമാര പ്രായത്തിലുള്ള കുട്ടി രക്ഷിതാക്കളോടു പറയണമെന്നില്ല. സ്വന്തം ശരീരത്തിനുണ്ടാകുന്ന വ്യത്യാസങ്ങളെപ്പറ്റിയുള്ള ആകുലതകളും ഇതെല്ലാം മറ്റൊരാളോടു തുറന്നു പറയാന്‍ കഴിയുമോയെന്ന ആശങ്കയും കാരണം പല കാര്യങ്ങളും മറച്ചു വയ്ക്കാം.

ശാരീരികമായ മാറ്റങ്ങള്‍

പെട്ടെന്ന് ഉയരം കൂടുക, ശരീരത്തിന്റെ ആകൃതിയില്‍ വ്യത്യാസം വരുക(അതായത് ആണ്‍കുട്ടികള്‍ക്ക് പേശീബലം കൂടുകയും പെണ്‍കുട്ടികള്‍ക്ക് ശരീര ഭാഗങ്ങളില്‍ കൊഴുപ്പടിയുകയും ചെയ്യുക), ഗുഹ്യഭാഗങ്ങളില്‍ രോമ വളര്‍ച്ച ഉണ്ടാകുക എന്നിവ സാധാരണ മാറ്റങ്ങളാണ്. പെണ്‍കുട്ടികള്‍ക്ക് സ്തന വലിപ്പം കൂടുകയും ആര്‍ത്തവം തുടങ്ങുകയും ചെയ്യുന്നു. ആണ്‍കുട്ടികള്‍ക്ക് ലിംഗ വലിപ്പം കൂടുകയും ശബ്ദ വ്യത്യാസം ഉണ്ടാകുകയും മുഖത്ത് രോമവളര്‍ച്ച ഉണ്ടാകുകയും ചെയ്യും. ഹോര്‍മോണുകളുടെ വ്യതിയാനം കാരണം മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്.

ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കുട്ടിയെ മാനസികമായി തയ്യാറെടുപ്പിക്കണം. മാറ്റങ്ങള്‍ എന്തൊക്കെയാണെന്നും ഇത് എല്ലാവര്‍ക്കും ഉണ്ടാകുന്നതാണെന്നും ഇതില്‍ ആകുലപ്പെടേണ്ടതില്ലെന്നും പറഞ്ഞ് മനസ്സിലാക്കുക. അതുപോലെതന്നെ ഈ വ്യത്യാസങ്ങള്‍ ഒരു കാലയളവിലാണ് ഉണ്ടാകുന്നത്, ഒരു കൃത്യമായ പ്രായമില്ല എന്നുള്ളതും കുട്ടിക്ക് മനസ്സിലാക്കി കൊടുക്കണം. ഈ വ്യത്യാസങ്ങള്‍ നേരത്തെ ഉണ്ടാകുന്നതും കാലതാമസം വരുന്നതും പലപ്പോഴും കുട്ടികളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കാം. ഇത് ശരിയായ അറിവിലൂടെ തടയേണ്ടതാണ്. കുട്ടിയോട് ഇത്തരം കാര്യങ്ങള്‍ മാതാപിതാക്കളോ, ആധികാരികമായി അറിവുള്ള മറ്റ് മുതിര്‍ന്നവരോ പറഞ്ഞു കൊടുക്കാതിരുന്നാല്‍ അവര്‍ കൂട്ടുകാരെയോ ഇന്റര്‍നെറ്റിനെയോ ആശ്രയിക്കുകയും അത് തെറ്റായ അറിവുകളിലേക്ക് നയിക്കുകയും ചെയ്യാം.

 

മാനസികമായ മാറ്റങ്ങള്‍

ഒരു കുട്ടിയില്‍ നിന്ന് സ്വന്തമായ വ്യക്തിത്വമുള്ള മുതിര്‍ന്ന ആളാകുന്നതിനുള്ള തുടക്കമാണ് കൗമാരം. സ്വന്തം വ്യക്തിത്വം രൂപപ്പെട്ടു തുടങ്ങുന്നതിനാല്‍ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കാനുള്ള വൈമുഖ്യം, തന്റെ അഭിപ്രായത്തെ എതിര്‍ക്കുന്നവരോടുള്ള അമര്‍ഷം എന്നിവ ഉണ്ടാകാം. കൗമാര പ്രായക്കാരുടെ തലച്ചോറില്‍ വൈകാരികമായി ചിന്തിക്കുന്ന ലിംബിക് സിസ്റ്റം കൂടുതല്‍ ശക്തമാണ്. എന്നാല്‍ കാര്യഗൗരവത്തോടു കൂടിയും ദീര്‍ഘ വീക്ഷണത്തോടു കൂടിയും ചിന്തിക്കാന്‍ സഹായിക്കുന്ന pre frontal cor­tex പൂര്‍ണ്ണമായും വളര്‍ച്ച പ്രാപിക്കുകയുമില്ല. അതിനാല്‍ എടുത്തുചാടുന്ന സ്വഭാവം, അമിത ദേഷ്യം, വാശി, അപകടകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള കൗതുകം, അധാര്‍മ്മികമായി ചിന്തിക്കാനുള്ള താത്പര്യം എന്നിവ ഉണ്ടാകാം.

ഈ പ്രായത്തില്‍ കുട്ടിയെ വീട്ടുകാരേക്കാള്‍ ഏറെ സ്വാധീനിക്കുന്നത് സമപ്രായക്കാരായ കൂട്ടുകാരായിരിക്കും. അവരും ഇതേ മാനസികാവസ്ഥയിലുള്ളവര്‍ ആയതിനാല്‍ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. പല തെറ്റുകളുടെയും തുടക്കം കൗമാരപ്രായമാണ്. പല തെറ്റുകളിലും ഒരിക്കല്‍ പെട്ടുപോയാല്‍ പുറത്തിറങ്ങുക വളരെ വിഷമം പിടിച്ചതാണ്. ഈ പ്രായം ഇങ്ങനെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ പല സാമൂഹ്യ വിരുദ്ധ ശക്തികളും തങ്ങളുടെ ഇരകളായി കണക്കാക്കുന്നത് കൗമാരക്കാരെയാണ്. അതിനാല്‍ ശരിയായ ദിശയിലേക്ക് ഇവരെ നയിക്കേണ്ടത് ആവശ്യമാണ്. ഇവിടെയാണ് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ക്ഷമയോടെയുളഅ ഇടപെടലിന്റെ ആവശ്യകത.

കൗമാരപ്രായക്കാര്‍ക്ക് താന്‍ പറയുന്നത് ശരിയും അതിനെ എതിര്‍ക്കുന്നത് തെറ്റും എന്ന ധാരണയാണ് മുന്നിട്ട് നില്‍ക്കുന്നത്. അവരുടെ ലെവലിലേക്ക് ചെന്ന് ആഴത്തിലുള്ള ഒരു സൗഹൃദം സ്ഥാപിക്കുകയാണ് അവരെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഒരു കുട്ടി എന്നതിലുപരി മറ്റൊരു വ്യക്തിയായി അംഗീകരിക്കണം. എല്ലാ കാര്യങ്ങളിലും അവരുടേയും കൂടി അഭിപ്രായം ആരായുകയും അംഗീകരിക്കുകയും മാത്രമല്ല, തന്റെ അഭിപ്രായത്തിന് വില കല്‍പ്പിക്കുന്നവെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കി എടുക്കുകയും വേണം. തന്റെ ഫ്രീക്ക്വന്‍സിയില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരു സുഹൃത്താണ് അച്ഛന്‍/അമ്മ/അദ്ധ്യാപകര്‍ എന്ന് തോന്നിയാല്‍ മാത്രമേ അവരുടെ മനസ്സിലെ വിചാരങ്ങള്‍ പങ്കു വയ്ക്കുകയുള്ളൂ. ശക്തവും ഊഷ്മളവുമായ കുടുംബ ബന്ധങ്ങള്‍ ഉള്ള ഒരു കുട്ടിയെ മുതലെടുക്കാന്‍ പുറത്ത് നിന്നൊരാള്‍ക്ക് കഴിയില്ല. കുട്ടികളുടെ പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യത്യാസങ്ങള്‍ അവരുടെ വളര്‍ച്ചയുടെ ഭാഗമാണെന്ന് മനസ്സിലാക്കി വളരെ ക്ഷമാപൂര്‍വം സഹാനുഭൂതിയോടെ, മുന്‍വിധികളില്ലാതെ കുട്ടിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് അഭികാമ്യം. അസാധാരണമായ സ്വഭാവ വ്യത്യാസം കാണിക്കുന്ന കുട്ടികള്‍ക്ക് പ്രൊഫെഷണല്‍ കൗണ്‍സിലിംഗ് വേണ്ടിവരാം.

കൗമാരക്കാരുടെ തലച്ചോറില്‍ pre frontal cor­tex പൂര്‍ണ്ണമായും വളര്‍ച്ച പ്രാപിക്കാത്തതിനാല്‍ ദീര്‍ഘ വീക്ഷണം കുറവായിരിക്കും. മിക്ക കാര്യങ്ങളുടെയും താല്‍ക്കാലിക നേട്ടങ്ങളെപ്പറ്റി മാത്രമെ ചിന്തിക്കുകയുള്ളൂ. അതിനാല്‍ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ദീര്‍ഘവീക്ഷണം വേണ്ടതിന്റെ ആവശ്യകത കുട്ടിയെ പറഞ്ഞ് മനസ്സിലാക്കണം. ഈ പ്രായത്തില്‍ കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത് അവരുടെ സൗഹൃദ വലയം ആയതിനാല്‍ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുക. കുട്ടിയുടെ സുഹൃത്തുക്കളെ അറിയുന്നതും അവരുമായി നല്ല ബന്ധം പുലര്‍ത്തുന്നതും ഉപകരിക്കും.

മഹാന്മാരുടെ ജീവചരിത്രം, അനുഭവങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ചെറിയ പ്രായത്തില്‍തന്നെ വായിക്കുന്നത് ശരിയായ ജീവിത വീക്ഷണം ഉണ്ടാക്കാനും ഒരു നല്ല റോള്‍ മോഡലിനെ കണ്ടെത്താനും സഹായിക്കും. ആത്മീയമായ ചിന്ത, ഇതിഹാസങ്ങള്‍, മറ്റ് മതഗ്രന്ഥങ്ങളിലെ അറിന് എന്നിവ ധര്‍മ്മബോധം വളര്‍ത്തും. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം കൗമാരപ്രായക്കാരെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം അത് ജീവിതത്തിലെ ഏറ്റവും സുന്ദരവും നിറപ്പകിട്ടുകളുള്ളതുമായ കാലമാണ്. അതിന്റെ നിറപ്പകിട്ടുകള്‍ കെടുത്താതെ കൗമാരം ആസ്വദിക്കാന്‍ അനുവദിച്ചുകൊണ്ടുതന്നെ അവരെ നല്ല ദിശയിലേക്ക് തിരിച്ചു വിടാന്‍ കഴിയും.

ENGLISH SUMMARY:Protection of ado­les­cents; What are the things to look out for?
You may also like this video