പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം: മുല്ലക്കര രത്‌നാകരന്‍

Web Desk
Posted on November 21, 2018, 6:58 pm
ആലപ്പുഴ: പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന് നിയമസഭാ പരിസ്ഥിതി കമ്മറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് വേമ്പനാട് കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) തണ്ണീര്‍മുക്കത്ത് സംഘടിപ്പിച്ച മനുഷ്യശൃംഖല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിവിഭവങ്ങള്‍ എല്ലാംതന്നെ ചൂഷണം ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. ഇതുതന്നെയാണ് കായലിന്റെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയെ സംരക്ഷിക്കാന്‍ പ്രത്യേക അതോറിറ്റിക്ക് തന്നെ സര്‍ക്കാര്‍ ചുമതല നല്‍കണം.  മുന്‍പ് കായല്‍ സംരക്ഷണത്തിന്റെ പേരില്‍ ഇത്തരം സംവിധാനങ്ങള്‍ ആവിഷ്‌ക്കരണക്കണമെന്ന പ്രസക്തിയെ സംബന്ധിച്ച് താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന്റെ നശീകരണ പ്രവണതകള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നത് പ്രകൃതി തന്നെയാണ്. ഇതാണ് കഴിഞ്ഞ പ്രളയത്തിലും സംഭവിച്ചത്. സമാധാനപരമായി പരിഹരിക്കാനുള്ള വഴികള്‍ അടഞ്ഞുവരികയാണ്. ഇത് വെളിവാകുന്നത് ജനങ്ങളുടെ മോശം സംസ്‌ക്കാരത്തെ തന്നെയാണ്.
പ്രകൃതിയെ തിരുത്താനാണ് പ്രളയം വന്നത്. കായലിനെ മാലിന്യമാക്കാന്‍ ആര്‍ക്കും തന്നെ അധികാരമില്ല. നമുക്ക് ഇതിനെ പുനര്‍സൃഷ്ടിച്ച് എടുക്കേണ്ട ഉത്തരവാദിത്വം കൂടിവരികയാണ്. കായല്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് ആധുനികകാലത്തെ മലയാളികള്‍ക്ക് നഷ്ടപ്പെട്ടുപോയി. വെളിയിട വിസര്‍ജന കേന്ദ്രത്തിന്റെ ഇരകളാണ് ഇന്ന് ജലാശയങ്ങള്‍. ഇതിനെയെല്ലാം വിശുദ്ധതയോടെ നിലനിര്‍ത്തേണ്ടതും പരിപാലിക്കേണ്ടതും ജനങ്ങളുടെ ചുമതലയാണ്. കായലില്‍ വരുന്ന മാലിന്യങ്ങള്‍ മൂലം മത്സ്യസമ്പത്തിനും കോട്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെപോയാല്‍ പത്ത് മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ വേമ്പനാട് കായല്‍ ഇല്ലാതാകും. ചിലര്‍ക്ക് ആര്‍ത്തിമാത്രമാണ് ഇക്കാര്യത്തില്‍ ഉള്ളത്. പരമാവധി ലാഭം കൊയ്ത് മുഴുവന്‍ പ്രകൃതി സമ്പത്തിനെ ഇല്ലാതാക്കാനുള്ള നടപടിയാണ് കാണുന്നത്. ഇതിനെ തടയിടേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവ് വെയ്ക്കുകയാണ്.
പൊതുജനങ്ങള്‍ ബോധവല്‍ക്കരിച്ചാല്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ കഴിയൂ. വേമ്പനാട് കായലിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. കയ്യേറ്റംമൂലം 30 ശതമാനംവരെ വിസ്തൃതി കുറവുവന്നിട്ടുണ്ട്. കായലിന്റെ ജലശേഷി സംബന്ധിച്ച് വിശദമായൊരു പഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് കായല്‍ സംരക്ഷണ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി രഘുവരന്‍ സമരപ്രഖ്യാപനം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ എസ് പ്രകാശന്‍, സെക്രട്ടറി അഡ്വ. എം കെ ഉത്തമന്‍, ജില്ലാ പ്രഡിഡന്റ് ആര്‍ പ്രസാദ്, ജനറല്‍ സെക്രട്ടറി ഒ കെ മോഹനന്‍, ഡോ. കെ ജി പത്മകുമാര്‍, മിനി രാജേന്ദ്രന്‍, സന്തോഷ്, ദീപ്തി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.