Thursday
21 Mar 2019

നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യം

By: Web Desk | Tuesday 10 April 2018 11:08 PM IST


കണ്ണൂര്‍: വിവിധ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ കാത്തുസൂക്ഷിക്കുവാനും ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയാതെ നിലനിര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിനും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.
ഈ വസ്തുത കണക്കിലെടുത്താണ് 2008ല്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയത്. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ തോട്ടമുടമകള്‍ക്കും റിസോര്‍ട്ട് ഭൂമാഫിയകള്‍ക്കും വേണ്ടി അട്ടിമറി ശ്രമങ്ങള്‍ നടത്തി. കിസാന്‍സഭയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ് ഇതിനെ ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തിയത്. നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുമെന്നും കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുമെന്നും പരിസ്ഥിതി സൗഹൃദ വികസന നയം നടപ്പിലാക്കുമെന്നും വാഗ്ദ്ധാനം ചെയ്താണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി നെല്‍കൃഷി വികസിപ്പിക്കുവാനും നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കുവാനും നടത്തുന്ന തീവ്ര ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുവന്‍ പണമില്ലെന്ന സര്‍ക്കാര്‍ നിലപാട് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
പൊതുജനാവശ്യങ്ങള്‍ക്കായി നെല്‍വയലുകള്‍ ഏറ്റെടുക്കാമെന്ന് നിയമഭേദഗതി വരുത്തുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതകളുണ്ടെന്നും ജാഗ്രത വേണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ജലസുരക്ഷ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി നദികള്‍ പുനരുജ്ജീവിപ്പിക്കുവാനും തോടുകളും കുളങ്ങളും സംരക്ഷിക്കുവാനും നടത്തുന്ന ശ്രമങ്ങള്‍ വിജയിപ്പിക്കുന്നതിനും സജീവമായി രംഗത്ത് ഇറങ്ങുകയും പ്രചരണ-പ്രക്ഷോഭങ്ങള്‍ എഐകെഎസ് ശക്തിപ്പെടുത്തുകയും ചെയ്യും. 18ന് സംസ്ഥാന വ്യാപകമായി താലൂക്ക് കേന്ദ്രങ്ങളില്‍ കര്‍ഷക മാര്‍ച്ചുകളും പൊതുസമ്മേളനങ്ങളും നടത്തും.
നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് പണിയുന്നതിനെതിരെ കീഴാറ്റൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. കീഴാറ്റൂര്‍ വിഷയത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായണമെന്ന് കിസാന്‍സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് പഠനത്തിന് ശേഷം ബദല്‍ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്ത് ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആരാഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്.
രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്, അവരെ ആട്ടിയോടിക്കുന്ന നയങ്ങള്‍ സ്വീകരിച്ച കോണ്‍ഗ്രസ്സും ബിജെപിയും കീഴാറ്റൂരിലെ കര്‍ഷക സമരത്തിന് അനുഭാവവുമായെത്തിയത് സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ പ്രദീപന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപി ഷൈജന്‍ സ്വാഗതവും കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.