Tuesday
20 Aug 2019

മതേതര ജനാധിപത്യ സംരക്ഷണമാണ് വലിയ വെല്ലുവിളി: പ്രകാശ് കാരാട്ട്

By: Web Desk | Wednesday 10 April 2019 9:57 PM IST


കുന്നംകുളം: കേന്ദ്രം ആര് ഭരിക്കണമെന്നതിനെക്കാള്‍, ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ആലത്തൂര്‍ ലോകസഭാ മണ്ഡലം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം പെരുമ്പിലാവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ ബലികഴിപ്പിച്ച 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. 2014ല്‍ അഞ്ച് വര്‍ഷത്തിനകം 10 കോടി തൊഴിലവസരങ്ങള്‍ സ്വഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയവര്‍ നോട്ട് നിരോധനത്തിലൂടെ സംഘടിത അസംഘടിതമേഖകളില്‍ കോടിക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും കാരാട്ട് പറഞ്ഞു.
മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസും പരാജയമായിരുന്നു. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നത് കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍ പക്ഷികളാണെന്നതിന്റെ തെളിവാണ്. 42% വോട്ടോടെ പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ് ത്രിപുരയില്‍ ഒറ്റ രാത്രി കൊണ്ട് 2 ശതമാനമായി ചുരുങ്ങിയത് ബി ജെ പി ക്ക് ഗുണകരമായി. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭരണം രാജ്യം അംഗീകരിച്ചു കഴിഞ്ഞു. വിദ്യാഭ്യാസആരോഗ്യമേഖലകളില്‍ സംസ്ഥാനത്തിന് സ്തുത്യര്‍ഹമായ നേട്ടം കൈവരിക്കാനായി. പ്രളയകാലത്തുപോലും സഹായിക്കാത്ത സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഓര്‍ക്കണം. ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരായ ജനാധിപത്യ മതേതരത്വ നിലപാട് ശക്തിപ്പെടുത്താന്‍ ഇടത് പക്ഷം ശക്തിപ്പെടണമെന്നും കാരാട്ട് പറഞ്ഞു.
സി പി ഐ എം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന കമ്മറ്റിയംഗം എന്‍ആര്‍ ബാലന്‍, ഇടതു നേതാക്കളായ ബാബു എം പാലിശേരി, എം എന്‍ സത്യന്‍, ടി കെ വാസു, സി സുമേഷ്, പ്രേംരാജ് ചൂണ്ടലാത്ത്, നാസര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.