November 30, 2023 Thursday

Related news

November 25, 2023
November 24, 2023
November 9, 2023
November 5, 2023
October 28, 2023
October 27, 2023
October 25, 2023
October 25, 2023
October 19, 2023
October 12, 2023

സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തം; മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
March 7, 2022 3:33 pm

സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷൻമാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങൾ ഇന്നും സമൂഹത്തിൽ പലതലങ്ങളിലുമുണ്ട്.
‘നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്നതാണ് ഈ വർഷത്തെ വനിത ദിന സന്ദേശം. ഈ സന്ദേശം പോലെ തന്നെ നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം. അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളർത്തണം. അതിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും വളരെയധികം സ്വാധീനിക്കാൻ കഴിയും. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ, വിവാഹ പൂർവ കൗൺസിലിംഗ്, അങ്കണപ്പൂമഴ അങ്കണവാടി പാഠപുസ്തകം, പെൻട്രിക കൂട്ട, ധീര എന്നീ 5 പുതിയ പദ്ധതികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഞ്ഞ് മനസുകളിൽ മുതൽ നല്ല പാഠം ഉൾക്കൊള്ളുന്ന വിധത്തിലുള്ള പദ്ധതികളാണിവ.
സ്ത്രീധന പരാതികൾക്കുള്ള പോർട്ടൽ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വർധിച്ചു വരുന്ന സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാനും ഓൺലൈനായി തന്നെ നടപടികൾ സ്വീകരിക്കാനും സജ്ജമാക്കിയ പോർട്ടലാണിത്. ഈ പോർട്ടൽ മുഖേന വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ സ്ത്രീധനം വാങ്ങുന്നതോ നൽകുന്നതോ ആയ പരാതി നൽകാവുന്നതാണ്. പരാതി പരിഹരിച്ച് നടപടികൾ സ്വീകരിക്കുന്നതാണ്. മുഖ്യ സ്ത്രീധന നിരോധന ഓഫീസർ പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതാണ്.

വിവാഹ പൂർവ കൗൺസിലിംഗ്

വിവാഹ ശേഷം സ്ത്രീകൾ എങ്ങനെയായിരിക്കണം എങ്ങനെയായിരിക്കരുത് എന്ന മുൻവിധികൾ പലപ്പോഴും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും അവകാശ ലംഘനങ്ങൾക്കും കാരണമാകും. ഇതിനെതിരെ കുടുംബങ്ങൾക്കകത്ത് ബോധവത്കരണം ആരംഭിക്കേണ്ട ആവശ്യകതയിലൂന്നിയാണ് വിവാഹ പൂർവ കൗൺസിലിംഗ് ആരംഭിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങൾ വഴിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് പാഠ പുസ്തകം

കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുക എന്ന ലക്ഷ്യം മുൻനിറുത്തി അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കിയിരിക്കുന്നു. ഈ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ പരിഷ്‌ക്കരിച്ചതാണ് അങ്കണപ്പൂമഴ പുതിയ പാഠപുസ്തകം.

പെൺട്രിക കൂട്ട

അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ആദിവാസി ജനങ്ങളുടെ ഇടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താൻ ജീവിതശൈലിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ ജനങ്ങളുടെ ഇടയിൽ ബോധവൽക്കരിക്കാനും ലക്ഷ്യമിട്ടാണ് അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ പെൺട്രിക കൂട്ട ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. രോഗം ബാധിച്ചാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് സമയബന്ധിതമായി പോകാൻ ഈ കൂട്ടായ്മ ബോധവൽക്കരിക്കും. ആരോഗ്യ നിലവാരം കുറയ്ക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി, ശീലങ്ങൾ, എന്നിവ മാറ്റുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്.

ധീര പദ്ധതി

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ബാല്യകാലത്തിൽ തന്നെ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ധീര പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിർഭയ സെൽ മുഖാന്തിരം 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആയോധന കലകൾ അഭ്യസിപ്പിക്കുന്നതുമാണ്. ഈ ഏപ്രിൽ മാസം മുതൽ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട 3 തദ്ദേശ സ്ഥാപനങ്ങൾ വഴിയായിരിക്കും പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക.

Eng­lish Summary:Protection of wom­en’s rights is a pub­lic respon­si­bil­i­ty; Min­is­ter Veena George
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.