മണ്‍വിള തീപിടുത്തം: തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും

Web Desk
Posted on November 03, 2018, 7:19 pm

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഇവിടെയുള്ള തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഫാക്ടറി ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തീപിടുത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും. പൊതുവേ പരാതിരഹിതമായാണ് ഫാക്ടറി പ്രവര്‍ത്തിച്ചു വന്നിട്ടുള്ളതെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായ രക്ഷാ നടപടികള്‍ സ്വീകരിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

500ല്‍ പരം തൊഴിലാളികളാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഏഴു ഫാക്ടറികളില്‍ രണ്ടെണ്ണമാണ് പൂര്‍ണ്ണമായും കത്തി നശിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് ഇതിനോടകം അപകടം സംബന്ധിച്ച പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവരുടേതുള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി പ്രമോദ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഫാക്ടറി സന്ദര്‍ശിച്ചു.