കേന്ദ്ര സർക്കാരിന്റെ കാർഷിക ഓർഡിനൻസുകൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കർഷക പ്രതിഷേധം ഉയരുന്നു. പഞ്ചാബ്, ഹരിയാന, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ വിവിധ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയപാതകൾ ഉപരോധിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭം. സ്ത്രീകളടക്കം തിങ്കളാഴ്ച നടന്ന പ്രക്ഷോഭത്തിൽ അണിനിരന്നു. പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കർഷകർ സമരരംഗത്തുണ്ട്.
ഫാർമേഴ്സ് പ്രൊഡ്യുസ് ട്രേഡ് ആന്റ് കോമഴ്സ് (പ്രെമോഷൻ ആന്റ് ഫെസിലിറ്റേഷൻ), ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ ഫാം അഷ്വറൻസ് ആന്റ് ഫാം സർവീസ്, എസ്സൻഷ്യൽ കമ്മോഡിറ്റിസ് നിയമ ഭേദഗതി എന്നീ ഓർഡിനൻസുകളാണ് കേന്ദ്രസർക്കാർ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്.
ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ ഓർഡിനസുകളെന്ന് കർഷകർ ആവലാതിപ്പെടുന്നു. രാജ്യത്തിന്റെ കാർഷിക മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുവാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേന്ദ്ര സർക്കാർ ഓർഡിനൻസുകളെന്നും കർഷകർ പറയുന്നു.
പട്യാല, ബർണാല, മോഗ, ഫഗ്വാര എന്നിവിടങ്ങളിലാണ് പഞ്ചാബിൽ വന്‍ കർഷക പ്രതിഷേധങ്ങൾ നടന്നത്. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോര്‍ഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദരാബാദിലും യുപിയിലെ ഗാസിയാബാദിലും ഹരിയാനയിലെ കുരുക്ഷേത്രയിലും കർഷക പ്രതിഷേധങ്ങൾ അരങ്ങേറി. ഡൽഹി ജന്തർ മന്ദറിലേക്കുള്ള കർഷകരുടെ റാലി പൊലീസ് തടയുകയായിരുന്നു.
English summary: Protest against Agricultural Ordinances
You may also like this video: