June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

ബോള്‍സൊനാരോയ്ക്കെതിരെ പ്രതിഷേധം

By Janayugom Webdesk
January 23, 2020

2020 ജനുവരി 26 ഭാരതത്തിന്റെ 71-ാം റിപ്പബ്ലിക് ദിനമാണ്. ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളി നേരിടുന്ന സമീപകാല സംഭവങ്ങൾ റിപ്പബ്ലിക് ദിനാചരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു. ബിജെപി സർക്കാരിന്റെ അതിതീവ്ര വലതുപക്ഷ നയങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാളിതുവരെ രാജ്യം ദർശിച്ചിട്ടില്ലാത്ത ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.

മോഡി സർക്കാരിന്റെ യഥാർത്ഥ നയം ഒരിക്കൽകൂടി വ്യക്തമാക്കുന്നതാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യ അതിഥിയായി ഫാസിസ്റ്റ് നിലപാടുകൾ കൊണ്ട് കുപ്രസിദ്ധി നേടിയ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോയെ ക്ഷണിച്ചുവരുത്തിയത്. ലോകം എക്കാലത്തും തികഞ്ഞ ആദരവോടുകൂടി നോക്കിക്കാണുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേല ഉൾപ്പെടെയുള്ള രാഷ്ട്ര തലവൻമാർ അതിഥികളായിരുന്നിട്ടുള്ള റിപ്പബ്ലിക് ദിന ആഘോഷത്തിലെ പുതിയ മാറ്റം ശ്രദ്ധേയമാണ്. മിലിട്ടറി ഓഫീസറായി വിരമിച്ച ബോൾസൊനാരോ പ്രസിഡന്റായി ചുമതലയേറ്റ് ജനുവരിയിൽ ഒരുവർഷം തികയുമ്പോൾ എല്ലാവിധ ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കി ഏകാധിപത്യ ഭരണാധികാരിയായി മാറിക്കഴിഞ്ഞു. തനിക്കെതിരെയുള്ള പ്രതിഷേധങ്ങൾ നിഷ്ക്കരുണം അടിച്ചമർത്താൻ പട്ടാളത്തിനും പൊലീസിനും പരസ്യമായ നിർദ്ദേശം നൽകി.

ആദിവാസികളെയും കറുത്ത വർഗക്കാരെയും രാജ്യത്തെ പൗരന്മാരായി അദ്ദേഹം അംഗീകരിച്ചിട്ടില്ല. നിയമവാഴ്ച ഇല്ലാതാക്കി സർക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ചായിരിക്കണം കോടതികളുടെ ഉത്തരവുകളെന്ന് നിലപാടെടുത്തു. ഭരണകൂടത്തിന്റെ നിർദ്ദശങ്ങൾക്കും നിലപാടുകൾക്കും അനുകൂലമായി മാത്രമേ കോടതി ഉത്തരവുകൾ ഉണ്ടാകാൻ പാടുള്ളൂ. സോഷ്യൽ മീഡിയ അടക്കം എല്ലാ വാർത്താ മാധ്യമങ്ങൾക്കും കർശന നിയന്ത്രണങ്ങൾ രാജ്യത്ത് നടപ്പിലാക്കി. കാടുകളെ മാത്രം ആശ്രയിച്ചിരുന്ന നിരപരാധികളായ ആയിരക്കണക്കിന് ആദിവാസികളെ കൊന്നൊടുക്കിയ ഭരണാധികാരി എന്ന് ചരിത്രം രേഖപ്പെടുത്തിയ ഭരണാധികാരിയായി ബോൾസൊനാരോ മാറി. രാജ്യത്തെ കോടതികളും മാധ്യമങ്ങളും ഭരണഘടന സ്ഥാപനങ്ങളും സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് ബ്രസീലിലെ ഒരുകൂട്ടം അഭിഭാഷകരും മുൻമന്ത്രിമാരും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ച് ബോൾസൊനാരോ ഭരണത്തിൽ നടത്തിയ ആദിവാസികളുടെ കൂട്ടക്കൊലയെ കുറിച്ച് നൽകിയ ഹർജി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

തനിക്കെതിരെ രാജ്യത്ത് വലിയ കലാപങ്ങൾ ഉയർന്നുവന്നത് മനസിലാക്കിയ ബോൾസൊനാരോ കഴിഞ്ഞ നവംബറിൽ കൊണ്ടുവന്ന കരിനിയമം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പ്രതിഷേധക്കാരെ കണ്ടാൽ വെടിവച്ചുകൊല്ലാൻ പട്ടാളത്തിനും പൊലീസിനും നിയമപരമായ അധികാരം നൽകുന്ന ഗ്യാരന്റി ഓഫ് ലോ ആന്റ് ഓർഡർ (ജിഎൽഒ) എല്ലാ എതിർപ്പുകളെയും അവഗണിച്ച് നടപ്പിലാക്കി. ആമസോൺ മഴക്കാടുകൾ കത്തിയമരുമ്പോൾ, കാടുകൾ വെട്ടിനശിപ്പിക്കുന്നതിനെതിരെ ലോകമാകെ വലിയ പ്രതിഷേധം ഉയരുമ്പോൾ, ഒന്നാം പ്രതിസ്ഥാനത്ത് നിൽക്കുന്നത് മറ്റാരുമല്ല, ഒരുവർഷമായി ഭരണത്തിൽ തുടരുന്ന ബോൾസൊനാരോ തന്നെ. തെക്കേ അമേരിക്കയിലെ ഒൻപത് രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയുടെ ശ്വാസകോശമായാണ് കണക്കാക്കുന്നത്. ഭൂഗോളത്തിന് ഇരുപത് ശതമാനം ഓക്സിജൻ നൽകുന്ന ആമസോൺ മഴക്കാടുകളിൽ അറുപത് ശതമാനവും ബ്രസീലിലാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ബോൾസൊനാരോ ഭരണത്തിൽ വികസനത്തിന്റെ പേരിൽ വൻ കോർപ്പറേറ്റ് കമ്പനികൾ മഴക്കാടുകൾ വെട്ടിനശിപ്പിക്കുന്നു.

ആദിവാസികളെ കൂട്ടക്കൊല ചെയ്തും കാടിനുള്ളിലെ സകല ജീവജാലങ്ങളെയും വന്യമൃഗങ്ങളെയും ഇല്ലാതാക്കി നൂറുകണക്കിന് സ്വർണ്ണ ഖനികളാണ് ആരംഭിച്ചത്. രണ്ടായിരത്തി അഞ്ഞൂറിലധികം അനധികൃത സ്വർണ്ണഖനികളാണ് ഈ അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്തെ കിണറുകളോളം ആഴത്തിൽ മണ്ണുകുഴിച്ച് ഖനനം നടത്തി വരുന്നത്. കഴിഞ്ഞ ഒരുവർഷം കൊണ്ട് എഴുപത്തിമൂവായിരം ഏക്കറുകളിലാണ് കാട്ടുതീ പടർന്നത്. കാട്ടുതീ അണയ്ക്കുവാൻ സർക്കാർ ഭാഗത്തുനിന്നും നാളിതുവരെ യാതൊരുവിധ ക്രിയാത്മക നടപടികളും ആരംഭിച്ചിട്ടില്ല. മറിച്ച് കാട്ടുതീയുടെ മറവിൽ വലിയ തോതിലുള്ള വനനശീകരണമാണ് നടക്കുന്നത്. ബ്രസീലിന് തൊട്ടുചേർന്നുകിടക്കുന്ന ബൊളീവിയയും പെറുവും ഐക്യരാഷ്ട്രസഭയും ശക്തമായ പ്രതിഷേധം ബ്രസീലിനെ അറിയിച്ചുകഴിഞ്ഞു. എന്നാൽ കത്തിയമരുന്ന മഴക്കാടുകൾ തങ്ങളുടെ രാഷ്ട്രത്തിനകത്താണെന്നും തങ്ങളുടെ ആഭ്യന്തര കാര്യത്തിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നുമാണ് ബോൾസാനോരെയുടെ നിലപാട്. ലോകത്താകമാനമുള്ള പരിസ്ഥിതി പ്രവർത്തകർ ബോൾസാനോരെയുടെ നയത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർത്തിവരുന്നത്.

ഭാരതത്തിലെ കൃഷിക്കാർക്ക് നൽകിവരുന്ന സബ്സിഡികൾ അനാവശ്യമാണെന്ന കടുത്ത നിലപാടുകാരനാണ് ബോൾസൊനാരോ. സ്ത്രീ ശാക്തീകരണത്തിനെതിരെ നിലപാടെടുക്കുകയും സ്ത്രീകൾ പൊതുസമൂഹത്തിന് മുന്നിലേക്ക് വരാൻ പാടില്ലെന്നുമുള്ള ബോൾസാനോരെയുടെ നയത്തിനെതിരെ ബ്രസീലിലെ സർവകലാശാല വിദ്യാർത്ഥികൾ യുവജനങ്ങൾ, കർഷകർ, ആദിവാസികൾ, മഹിളാസംഘടനകൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രതിഷേധത്തിലാണ്. 2019 ജൂലൈ 14ന് ബ്രസീൽ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ തൊഴിലാളി പണിമുടക്കിന് സാക്ഷ്യം വഹിച്ചു. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരായും സ്വകാര്യവത്ക്കരണത്തിനെതിരായും പെൻഷൻ പദ്ധതി ഉൾപ്പെടെയുള്ള തൊഴിലാളികളുടെ എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളും തകർക്കുന്ന ബോൾസൊനാരോയുടെ നിലപാടിനെതിരെയായിരുന്നു ദേശീയ പണിമുടക്ക്. ഭാരത്തിന്റെ പൈതൃകത്തിനും വിശ്വമാനവികതയ്ക്കും കളങ്കം ചാർത്തുന്ന ബോൾസൊനാരോ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി ദേശവ്യാപകമായി ബോൾസൊനാരോയെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സംഗമങ്ങൾ നടത്തുന്നു. സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ, ജനപ്രതിനിധികൾ, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്.

Eng­lish Sum­ma­ry: Protest against Bolsonaro

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.